ചെറിയ വാഹനങ്ങളിൽ ഹൈബ്രിഡ് സംവിധാനം; പരമ്പരാഗത രീതികൾ പൊളിച്ചെഴുതാൻ സുസുക്കിയുടെ REEV ലൈറ്റ്

#Auto Desk

പരമ്പരാഗത എൻജിനുകളിലുള്ള വാഹനങ്ങൾക്കൊപ്പം പുത്തൻ സാങ്കേതികവിദ്യകളിലേക്ക് കൂടി ചുവടുവയ്ക്കാനൊരുങ്ങി സുസുക്കി മോട്ടോർ കോർപ്. ഇതിന്റെ ഭാഗമായി ചെറിയ കാറുകളിൽ നൽകുന്നതിനുള്ള റേഞ്ച് എക്‌സ്റ്റെന്റർ ഹൈബ്രിഡ് സംവിധാനം വികസിപ്പിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണെന്നാണ് സുസുക്കി സ്ഥിരീകരിച്ചിരിക്കുന്നത്. സുസുക്കിയുടെ സീരീസ് ഹൈബ്രിഡ് പദ്ധതിയുടെ ഭാഗമായാണ് ഈ സംവിധാനം ഒരുക്കുന്നത്.

റീവ് ലൈറ്റ് (REEV) പേരിലാണ് ഈ സംവിധാനം വികസിപ്പിക്കുന്നത്. ഇലക്ട്രിക് മോട്ടോറിന്റെയും ബാറ്ററിയുടെയും കരുത്തിലായിരിക്കും റേഞ്ച് എക്‌സ്‌റ്റെന്റർ ഇലക്ട്രിക് വാഹനങ്ങൾ ഓടുന്നത്. എന്നാൽ, ബാറ്ററിയിലേക്ക് ആവശ്യമായ ചാർജ് ഉത്പാദിപ്പിക്കുന്നതിനായി ഒരു എൻജിനും വാഹനത്തിൽ നൽകും. എന്നാൽ, ഈ ചാർജിങ്ങിനെ മാത്രം ആശ്രയിക്കാതെ പ്ലഗ് ഇൻ ചെയ്യാൻ സാധിക്കുന്ന ഒരു ചാർജിങ് കണക്ഷനും നൽകാനാണ് സുസുക്കിയുടെ പദ്ധതി.

ചെറിയ കാറുകൾക്കായി ഇന്ധനത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുകയും ഇലക്ട്രിക് മോട്ടോറിൽ ഓടുകയും ചെയ്യുന്ന ഒരു ഹൈബ്രിഡ് സംവിധാനം ഞങ്ങൾ വികസിപ്പിക്കുന്നുണ്ട്. വളരെ വലിയ ബാറ്ററി പാക്കുകൾ വാഹനത്തിൽ നൽകാതെയും ചാർജിങ്ങിനെ കുറിച്ച് ആശങ്കപ്പെടാതെയുള്ള ഡ്രൈവിങ് സാധ്യമാക്കുന്നതുമായി റേഞ്ച് എക്‌സ്റ്റെന്റർ ഇലക്ട്രിക് വാഹനമായിരിക്കും ഇതെന്നാണ് സുസുക്കി അറിയിച്ചിരിക്കുന്നത്.

റേഞ്ച് എക്‌സ്റ്റെന്റർ സംവിധാനത്തിനായി പരിഗണിക്കുന്ന വാഹനങ്ങളിൽ ഫ്രോങ്‌സ്, ബലേനൊ തുടങ്ങിയ മോഡലുകളും ഉൾപ്പെടുന്നുണ്ടെന്നാണ് സൂചന. കമ്പനിയുടെ ഇസഡ് സീരീസ് 1.2 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എൻജിൻ ഈ വാഹനങ്ങളിൽ ജനറേറ്ററായി പ്രവർത്തിക്കുമെന്നുമാണ് റിപ്പോർട്ട്. സുസുക്കിയുടെ സീരീസ് ഹൈബ്രിഡ് എന്ന ആശയത്തിലെ വികസിത രൂപമായാണ് റീവ് ലൈറ്റിന് വിലയിരുത്തുന്നത്.

സീരീസ് ഹൈബ്രിഡ് സംവിധാനത്തിൽ ഇന്ധനത്തിൽ നിന്ന് സ്വന്തമായി വൈദ്യതി ഉത്പാദിപ്പിക്കാൻ സാധിക്കും. ഇത് ചാർജ് ചെയ്യേണ്ടതില്ല. അതുപോലെ റേഞ്ച് എക്‌സ്‌റ്റെന്റർ വാഹനങ്ങൾക്ക് ചാർജ് ചെയ്യാൻ സാധിക്കുന്ന സംവിധാനവും നൽകുമെന്നാണ് സുസുക്കി അവകാശപ്പെടുന്നത്. പ്രധാന പ്ലാറ്റ്‌ഫോമുകളും അടിസ്ഥാന ഡിസൈൻ സംവിധാനങ്ങളും പങ്കിട്ടാണ് ഈ രണ്ട് സംവിധാനവും വികസിപ്പിക്കാൻ സുസുക്കി ശ്രമിക്കുന്നത്.

Content Highlights: Suzuki is developing a range extender hybrid system (REEV) for small cars., The vehicle runs on an electric motor and battery, with an engine to generate charge., It will also feature a plug-in charging connection for added convenience., Models like Fronx and Baleno are expected to feature this technology using the Z-series 1.2L engine.