സൗബിന്റെ യാത്രകൾക്ക് ഇനി BMW പെർഫോമെൻസ് കാറിന്റെ വേഗം; M4 കോംപറ്റീഷൻ സ്വന്തമാക്കി താരം

#Auto Desk
സൗബിനും അദ്ദേഹം സ്വന്തമാക്കിയ പുതിയ വാഹനവും | Photo: MBI, Cj7repsol.thecarspotter
സൗബിനും അദ്ദേഹം സ്വന്തമാക്കിയ പുതിയ വാഹനവും | Photo: MBI, Cj7repsol.thecarspotter

നടൻ, സംവിധായകൻ, നിർമാതാവ് എന്നിങ്ങനെ പല പ്രൊഫൈലുകളിൽ മലയാള സിനിമ പ്രേമികൾക്ക് പരിചിതമായ വ്യക്തിയാണ് സൗബിൻ ഷാഹിർ. എന്നാൽ, വാഹനങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് സൗബിൻ ഷാഹിർ എന്നാൽ തികഞ്ഞ ഒരു വാഹനപ്രേമിയാണ്. തന്റെ കളക്ഷനിൽ എത്തിയിട്ടുള്ള ഓരോ വാഹനങ്ങളും അദ്ദേഹത്തിന്റെ വാഹനപ്രേമത്തിന്റെ ഉദാഹരണങ്ങളാണ്. ഒടുവിൽ സൗബിൻ ഗ്യാരേജിൽ സ്ഥാനം പിടിച്ചിരിക്കുന്നത് ബിഎംഡബ്ല്യുവിന്റെ എം4 എന്ന കിടിലൻ വാഹനമാണ്.

സൗബിൻ ഷാഹിറിന്റെ വാഹന ശേഖരത്തിൽ ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു ബ്രാന്റിന് പ്രത്യേക പ്രാധാന്യമുണ്ട്. ബിഎംഡബ്ല്യു എക്‌സ്.എം. എന്ന മോഡലും ബിഎംഡബ്ല്യുവിന്റെ ചെറുകാർ വിഭാഗമായ മിനിയുടെ കുപ്പർ ജെഎസ്ഡബ്ല്യു വാഹനവും ബിഎംഡബ്ല്യുവിന്റെ ആഡംബര ബൈക്കുമെല്ലാം മുമ്പുതന്നെ അദ്ദേഹത്തിന്റെ കൈവശമുണ്ട്. ഇതിനൊപ്പമാണ് ഇപ്പോൾ ബിഎംഡബ്ല്യുവിന്റെ പെർഫോമെൻസ് മോഡലായ എം4 കോംപറ്റീഷൻ കൂടി സ്വന്തമാക്കിയിരിക്കുന്നത്.

മാൻ ഗ്രീൻ മെറ്റാലിക്ക് നിറത്തിലുള്ള വാഹനമാണ് സൗബിൻ സ്വന്തമാക്കിയിരിക്കുന്നത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യൻ വിപണിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഈ വാഹനത്തിന് നിരവധി സവിശേഷതകളാണ് അവകാശപ്പെടാനുള്ളത്. ബിഎംഡബ്ല്യു എം4 കോംപറ്റീഷൻ എം എക്‌സ്‌ഡ്രൈവ് മോഡലിന് 1.53 കോടി രൂപയായിരുന്നു എക്‌സ്‌ഷോറൂം വില. സൗബിൻ സ്വന്തമാക്കിയത് പ്രീ ഓൺഡ് വാഹനമാണെന്നാണ് സൂചനകൾ.

ബിഎംഡബ്ല്യുവിന്റെ തനത് ഡിസൈൻ മികവിനൊപ്പം ഉയർന്ന പെർഫോമെൻസും ഉറപ്പാക്കുന്നുവെന്നതാണ് എം4 കോംപറ്റീഷൻ മോഡലിന്റെ പ്രത്യേകത. ബിഎംഡബ്ല്യുവിന്റെ സിഗ്നേച്ചർ കിഡ്‌നി ഗ്രില്ല്, സ്‌കൾപ്‌റ്റേഡ് ബോണറ്റ്, ക്വാഡ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, എയറോ ഡൈനാമിക് സ്‌കേർട്ടുകൾ, കാർബൺ ഫൈബർ റൂഫ് തുടങ്ങിയവയെല്ലാം ഈ വാഹനത്തിന് പെർഫോമെൻസ് കാറിന്റെ ഭാവം പകരുന്നവയാണ്. അകത്തളത്തിലും ആവോളം ഫീച്ചറുകൾ നിറച്ചിട്ടുണ്ട്.

പെർഫോമെൻസ് വാഹനത്തിന് ഇണങ്ങുന്ന മെക്കാനിക്കൽ ഫീച്ചറുകളും നിർമാതാക്കൾ ഈ വാഹനത്തിൽ നൽകിയിട്ടുണ്ട്. 3.0 ലിറ്റർ ആറ് സിലിണ്ടർ പെട്രോൾ എൻജിനാണ് എം4-ന്റെ ഹൃദയം. ഇത് 503 ബിഎച്ച്പി പവറും 650 എൻഎം ടോർക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് എം സ്റ്റെപ്‌ട്രോണിക് ഗിയർബോക്‌സാണ് ഈ വാഹനത്തിൽ ട്രാൻ്‌സമിഷൻ ഒരുക്കുന്നത്. കേവലം 3.5 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്.

Content Highlights: Actor Soubin Shahir purchased a pre-owned BMW M4 Competition., The vehicle features a striking Man Green Metallic finish., Powered by a 3.0L 6-cylinder engine producing 503 bhp and 650 Nm torque., Capable of 0-100 km/h acceleration in just 3.5 seconds., Joins his existing collection including BMW XM and Mini Cooper JSW.