മായാത്ത കൊടിയടയാളം... സ്‌കോഡ ഒക്ടാവിയ ആര്‍എസ് വീണ്ടും ഇന്ത്യയിലേക്ക് വരുമ്പോള്‍

ചെക്കുകാര്‍ കാലങ്ങള്‍ക്കു മുന്‍പ് ഇവിടെ ഉയര്‍ത്തിയ ഒരു കൊടിയടയാളമായിരുന്നു 'ഒക്ടാവിയ' എന്ന ബ്രാന്‍ഡ്. വന്നതുമുതല്‍ അത് കാര്‍ഭ്രാന്തന്‍മാരുടെ മനസ്സു കവര്‍ന്നുതന്നെയിരുന്നു. മൂന്നു തലമുറ കഴിഞ്ഞ് ഇപ്പോഴിതാ നാലാംതലമുറയെത്തിയപ്പോഴും ആ തട്ട് താണുതന്നെയിരിക്കുന്നു. പൂര്‍ണമായും നാട്ടില്‍ നിര്‍മിച്ച് ഇവിടെ കൊണ്ടിറക്കിയ ഒക്ടാവിയയുടെ പെര്‍ഫോമന്‍സ് പതിപ്പ്, അതായത് 'ആര്‍എസ്', പേരുപറയുമ്പോഴേക്കും വിറ്റുപോയത് ഭ്രാന്തമായ സ്‌നേഹംകൊണ്ടുതന്നെ.
ഇന്ത്യയ്ക്കുവേണ്ടി വെറും നൂറെണ്ണം മാത്രമേ സ്‌കോഡ മാറ്റിവെച്ചുള്ളു. വിലപറയുമ്പോഴേക്കും അതു മുഴുവന്‍ വിറ്റുപോയി. കമ്പനിതന്നെ ഞെട്ടി. ഇനി, പുനര്‍വിചിന്തനത്തിലാണ് കമ്പനിക്കാര്‍. ആ സ്വപ്നവാഹനത്തെ മാധ്യമപ്രവര്‍ത്തകരുടെ മുന്നിലെത്തിച്ചു. മുഴുവനും വിറ്റുപോയ വണ്ടി ഇനിയെന്തിനാണ് കാണിക്കുന്നതെന്ന ചോദ്യത്തിന്, 'എന്താണിതിലെന്ന് നിങ്ങളറിയണം' എന്നായിരുന്നു മറുപടി.
ഒക്ടാവിയ ആര്‍എസിനെ അനുഭവിച്ചു, നോയിഡയിലെ ഫോര്‍മുല വണ്‍ ട്രാക്കായ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍. ആ ട്രാക്കിലെ മൂന്ന് ലാപ്പ് തന്നെ മതിയായിരുന്നു 'ഒക്ടാവിയ ആര്‍എസ്' എന്തെന്ന് തിരിച്ചറിയാന്‍. തികഞ്ഞ സ്‌പോര്‍ട്സ് കാര്‍. ഇരുന്നാല്‍ പൊതിഞ്ഞുകൂടുന്ന സീറ്റ്. കുതിക്കാന്‍ വെമ്പിനില്‍ക്കുന്ന ഇഎ 888 രണ്ടു ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍. ആക്‌സിലറേറ്ററില്‍ കാല്‍വെയ്ക്കുമ്പോള്‍ അറിയാം ആ ഇരമ്പലിന്റെ പ്രലോഭനം.
സേഫ് ട്രാക്കില്‍നിന്ന് പ്രധാന ട്രാക്കിലേക്ക് കടന്നപ്പോള്‍ തനിരൂപം കാട്ടിത്തുടങ്ങി. 261 ബിഎച്ച്പി കരുത്തില്‍ 370 എന്‍എം ടോര്‍ക്കെന്ന മിന്നല്‍വേഗം നൂറുകടത്താന്‍ വെറും 6.4 സെക്കന്‍ഡുകള്‍ മതി. നൂറും ഇരുന്നൂറുമൊക്കെ വെറും അക്കങ്ങള്‍ മാത്രമായി ആ ട്രാക്കില്‍ മാറി. വളവുകളിലെ നിയന്ത്രണമാണ് എടുത്തുപറയേണ്ടത്. വണ്ടിയുടെ സ്റ്റെബിലിറ്റി പരിശോധനയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ട്രാക്കുകളില്‍ വീണ്ടും വെട്ടിത്തിരിച്ചു, കടുത്ത ബ്രേക്കിട്ടുമെല്ലാം കുതിച്ചു…
അഴകിന്റെ പേരോ ഒക്ടാവിയ
എസ്യുവിയെ അപേക്ഷിച്ച് അഴകളവുകളില്‍ സുന്ദരമാണ് സെഡാനുകള്‍. ഒഴുകിയിറങ്ങുന്ന രൂപംതന്നെ ആരെയും ആകര്‍ഷിക്കും. ചെക്കുകാരുടെ സൗന്ദര്യസങ്കല്പമായതിനാല്‍ സ്‌കോഡയുടെ കാര്യത്തില്‍ അത് അല്പം കൂടും. പഴയതലമുറയില്‍നിന്നും ഗ്രില്‍മുതല്‍ മാറിയിട്ടുണ്ട്. ഏറെ ആകര്‍ഷണം പുതിയ പച്ചനിറമാണ്. പത്തൊന്‍പത് ഇഞ്ചില്‍ ഉയര്‍ന്നുനില്‍ക്കുന്ന ടയര്‍, സ്‌പോര്‍ട്സ് കാറുകള്‍ക്കു സമാനം.
10 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോളടക്കമുള്ള സുരക്ഷയുടെ വന്‍ പ്രവാഹംതന്നെയുണ്ട്. ഡ്രൈവ് മോഡുകള്‍, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ലൈന്‍ അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, 360 ഡിഗ്രി ക്യാമറ, ചുവന്ന ഹൈലൈറ്റുകളുള്ള ഓള്‍ ബ്ലാക്ക് ഇന്റീരിയര്‍ തീം, പാഡില്‍ ഷിഫ്റ്റുകളുള്ള ത്രീ സ്‌പോക് മള്‍ട്ടിഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, 10.25 ഇഞ്ച് ഡ്രൈവര്‍ ഡിസ്പ്ലേ, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെര്‍ച്വല്‍ പെഡലുള്ള ഇലക്ട്രിക് ടെയില്‍ഗേറ്റ് ... ഇനിയെന്തുവേണം. 12.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ യൂണിറ്റ്, മസാജ്, ഹീറ്റിങ്, കൂളിങ്, മെമ്മറി ഫങ്ഷനുകള്‍ എന്നിവയുള്ള ഫ്രണ്ട് സ്‌പോര്‍ട്ട് സീറ്റുകള്‍ എന്നിവയും ഒപ്പംചേരുന്നു.
Content Highlights: Experience the thrill of the sold-out Skoda Octavia RS. Discover its stunning performance, luxurious features, and aggressive design. Limited edition performance car.