സ്‌കോഡയുടെ ടോപ്പ് സെല്ലിങ് SUV അൽപ്പം സ്‌പോർട്ടിയാകുന്നു; കൈലാഖ് കുടുംബത്തിലേക്ക് പുതിയൊരാൾ കൂടി

#Auto Desk
സ്‌കോഡ കൈലാഫ് സ്‌പോര്‍ട്ട്‌ലൈന്‍ | Photo: Skoda India
സ്‌കോഡ കൈലാഫ് സ്‌പോര്‍ട്ട്‌ലൈന്‍ | Photo: Skoda India

സ്‌കോഡ ഇന്ത്യയുടെ എൻട്രി ലെവൽ മോഡലായ കൈലാഖിന്റെ നിര വലുതാകുന്നു. കൈലാഖ് സ്‌പോർട്ട്‌ലൈൻ എന്ന വേരിയന്റ് അവതരിപ്പിച്ചാണ് നിർമാതാക്കൾ ഈ വാഹനത്തിന്റെ നിര വികസിപ്പിച്ചിരിക്കുന്നത്. 11.32 ലക്ഷം രൂപ മുതൽ 12.32 ലക്ഷം രൂപ വരെയാണ് കൈലാഖ് സ്‌പോർട്ട്‌ലൈൻ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. കൈലാഖിന്റെ മിഡ് വേരിയന്റായ സിഗ്നേച്ചർ പ്ലസിനും ഉയർന്ന പതിപ്പായ പ്രസ്റ്റീജിനും ഇടയിലാണ് സ്‌പോർട്ട്‌ലൈനിന്റെ സ്ഥാനം.

സ്‌പോർട്ടി ഭാവം നൽകുന്നതിന് വേണ്ടി നൽകിയിട്ടുള്ള മിനുക്കി പണികളാണ് കൈലാഖിന്റെ മറ്റ് വേരിയന്റുകളിൽ നിന്ന് സ്‌പോർട്ട്‌ലൈൻ പതിപ്പിനെ വേറിട്ടതാക്കുന്നത്. അലങ്കാരത്തിനായി ബ്ലാക്ക് എലമെന്റുകളാണ് ഈ വാഹനത്തിന്റെ അകത്തും പുറത്തുമായി ഉപയോഗിച്ചിരിക്കുന്നത്. സ്‌പോർട്ട്‌ലൈൻ പതിപ്പിന്റെ വരവിനൊപ്പം കൈലാഖിന്റെ അടിസ്ഥാന മോഡൽ മുതൽ ഓട്ടോ എസിയും റിയർ ഡിഫോഗറും നൽകാൻ തുടങ്ങിയിട്ടുണ്ടെന്നും സ്‌കോഡ അറിയിച്ചു.

എക്‌സ്റ്റീരിയർ ഡിസൈനിൽ കൈലാഖ് സ്‌പോർട്ട്‌ലൈൻ പതിപ്പിനെ മറ്റുള്ളവയിൽ നിന്ന് എങ്ങനെ വ്യത്യസ്തമാക്കുന്നുവെന്ന് നോക്കാം. ഡീപ്പ് ബ്ലാക്ക് നിറത്തിലുള്ള റിയർ വ്യൂ മിറർ കവർ, സി പില്ലറിലെ സ്‌പോർട്ട്‌ലൈൻ ബാഡ്ജിങ്, മുന്നിലും പിന്നിലും നൽകിയിട്ടുള്ള ഗ്ലോസി ബ്ലാക്ക് ഡിഫ്യൂസർ, 17 ഇഞ്ച് വലിപ്പമുള്ള ബ്ലാക്ക് അലോയി വീലുകൾ, എൽഇഡി പ്രൊജക്ഷൻ ഹെഡ്‌ലാമ്പ്, ഡ്യുവൽ ടോൺ റൂഫ്, ബ്ലാക്ക് ബ്രാൻഡിങ്, റിയർ സ്‌പോയിലർ, എൽഇഡി പ്രൊജക്ഷൻ ഹെഡ്‌ലാമ്പ് ഇങ്ങനെ നീളും എക്സ്റ്റീരിയറിലെ മാറ്റങ്ങൾ.

ഇന്റീരിയറിലും വാഹനത്തെ സ്‌പോർട്ടിയാക്കുന്ന മാറ്റങ്ങൾ നിർമാതാക്കൾ നൽകിയിട്ടുണ്ട്. ഡാർക്ക് തീമിലാണ് അകത്തളം ആകെ ഒരുങ്ങിയിരിക്കുന്നത്. അലുമിനിയം പെഡലാണ് ഇതിലുള്ളത്. ഹെഡ്‌റെസ്റ്റിൽ സ്‌പോർട്ട്‌ലൈൻ എഴുത്തുകളോടെയുള്ള ലെതറേറ്റ് സീറ്റുകൾ, വയർലെസ് ചാർജർ, ആംബിയന്റ് ലൈറ്റിങ്, വേറിട്ട നിറത്തിലുള്ള നീലുകൾ ഉപയോഗിച്ചുള്ള സ്റ്റിച്ചിങ്ങുകൾ തുടങ്ങിയവയാണ് റെഗുലർ മോഡലിനെ ഇന്റീരിയറിൽ നിന്ന് സ്‌പോർട്ട്‌ലൈൻ കൈലാഖിനെ വ്യത്യസ്തമാക്കുന്നത്.

മെക്കാനിക്കലായുള്ള മാറ്റങ്ങൾ ഒന്നും കൈലാഖ് സ്‌പോർട്ട്‌ലൈനിൽ വരുത്തിയിട്ടില്ല. 1.0 ലിറ്റർ ഡയറക്ട് ഇഞ്ചെക്ഷൻ ടർബോ പെട്രോൾ എൻജിനാണ് ഈ വാഹനത്തിലും നൽകിയിരിക്കുന്നത്. 115 എച്ച്പി പവറും 178 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നീ ട്രാൻസ്മിഷൻ ഓപ്ഷനുകളിലും കൈലാഖ് സ്‌പോർട്ട്‌ലൈൻ നിരത്തുകളിൽ പുറത്തിറങ്ങുമെന്നാണ് സ്‌കോഡ അറിയിച്ചിരിക്കുന്നത്.

Content Highlights: Skoda Kylaq Sportline launched with ex-showroom prices ranging from Rs 11.32 lakh to Rs 12.32 lakh., Positioned between the Signature Plus and Prestige variants., Features cosmetic updates including black elements, 17-inch black alloy wheels, and a dark interior theme with sports seats., Powered by the 1.0-litre direct injection turbo petrol engine producing 115 hp and 178 Nm of torque., Available in both 6-speed manual and 6-speed automatic transmission options.