സുരക്ഷയിലും സൂപ്പര്‍സ്റ്റാര്‍; ഇടിപരീക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നേടി സ്‌കോഡ കൈലാഖ് | Video

ഇന്ത്യന്‍ നിരത്തുകളിലേക്ക് വരവിനൊരുങ്ങിയിരിക്കുന്ന വാഹനമാണ് സ്‌കോഡയുടെ കൈലാഖ്. ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡയില്‍നിന്ന് ഇന്ത്യയില്‍ എത്തുന്ന ഏറ്റവും വില കുറഞ്ഞ മോഡല്‍ കൂടിയാണിത്. വിലയില്‍ കുറവുണ്ടെങ്കിലും വാഹനത്തിന്റെ ക്വാളിറ്റിയില്‍ കുറവുവരുത്തിയിട്ടില്ലെന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് സ്‌കോഡ. വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടത്തിയ ക്രാഷ് ടെസ്റ്റിനെയും അതിജീവിച്ചിരിക്കുകയാണ് ഈ കുഞ്ഞന്‍ എസ്.യു.വി.
ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരുക്കിയിട്ടുള്ള ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റിനെയാണ് ഫൈവ് സ്റ്റാര്‍ റേറ്റിങ്ങോടെ കൈലാഖ് അതിജീവിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ 32-ല്‍ 30.88 മാര്‍ക്കും കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ 49-ല്‍ 45 മാര്‍ക്കും നേടിയാണ് ഈ വാഹനം ക്രാഷ് ടെസ്റ്റില്‍ വിജയിച്ചിരിക്കുന്നത്. മുന്നില്‍ നിന്നുള്ള ആഘാതത്തില്‍ യാത്രക്കാരുടെ തല, കഴുത്ത്, നെഞ്ച് തുടങ്ങിയ ഭാഗങ്ങളില്‍ ഉയര്‍ന്ന സുരക്ഷയാണ് ഉറപ്പാക്കിയിരിക്കുന്നത്.
സൈഡ് മൂവബിള്‍ ബാരിയര്‍ ടെസ്റ്റ്, സൈഡ് പോള്‍ ഇംപാക്ട് ടെസ്റ്റ് എന്നിവയിലും ഉയര്‍ന്ന സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. കൈലാഖ് ശ്രേണിയിലെ പ്രെസ്റ്റീജ് മാനുവല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റാണ് ഇടിപരീക്ഷയ്ക്കായി ഇറങ്ങിയത്. ഈ വാഹനത്തിന് ലഭിച്ച ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് മറ്റ് വകഭേദങ്ങളായ സിഗ്നേച്ചര്‍, സിഗ്നേച്ചര്‍ പ്ലസ് എന്നിവയ്ക്കും ബാധകമാണെന്നാണ് ഭാരത് എന്‍ക്യാപ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഈ മാസം ഒടുവില്‍ കൈലാഖ് വിപണിയില്‍ എത്തുമെന്നാണ് വിവരം.
സ്‌കോഡയും ഫോക്സ്വാഗണും സംയുക്തമായി വികസിപ്പിച്ചിട്ടുള്ള MQB AO IN പ്ലാറ്റ്ഫോമിലാണ് കൈലാഖ് ഒരുങ്ങുന്നത്. ഈ പ്ലാറ്റ്ഫോം അടിസ്ഥാനമൊരുക്കുന്ന അഞ്ചാമത്തെ മോഡലാണ് കൈലാഖ് എന്ന കോംപാക്ട് എസ്.യു.വി. ഈ പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്നതിനാലാണ് ഈ വാഹനം താരതമ്യേന കുറഞ്ഞ വിലയില്‍ വിപണിയില്‍ എത്തിക്കാന്‍ സാധിച്ചതെന്നാണ് നിര്‍മാതാക്കള്‍ അഭിപ്രായപ്പെടുന്നത്. 7.89 ലക്ഷം രൂപയിലാണ് സ്‌കോഡ കൈലാഖിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.
സ്‌കോഡയുടെ വിവിധ മോഡലുകളില്‍ കരുത്തേകുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കൈലാഖിലും നല്‍കിയിരിക്കുന്നത്. ഇത് 115 എച്ച്.പി. പവറും 178 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷനുകള്‍ ഒരുങ്ങും. സുരക്ഷ ഉറപ്പാക്കുന്നതിനായി ആറ് എയര്‍ ബാഗുകള്‍ ഉള്‍പ്പെടെ 35-ല്‍ അധികം ആക്ടീവ്-പാസീവ് ഫീച്ചറുകളാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളതെന്നാണ് സ്‌കോഡ അറിയിച്ചിരിക്കുന്നത്.
Content Highlights: Skoda Kylaq achieves a 5-star rating in Bharat NCAP crash tests