ഇനി കോഡിയാഖ് ആർഎസ് സ്വന്തമാക്കാനുള്ള മത്സരം; പെർഫോമെൻസ് SUV-യുടെ ബുക്കിങ് തുടങ്ങാൻ സ്‌കോഡ

2025 അവസാനിക്കുമ്പോഴാണ് സ്‌കോഡയുടെ പെർഫോമെൻസ് സെഡാൻ വാഹനമായ ഒക്ടാവിയ ആർഎസ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ആ വാഹനത്തിന് ലഭിച്ച സ്വീകാര്യത നിർമാതാക്കളെ പോലും ഞെട്ടിക്കുന്നതായിരുന്നു. മാത്രമല്ല, വലിയൊരു തിരിച്ചറിവും ഒക്ടാവിയ ആർഎസ് എന്ന സെഡാന് ലഭിച്ച സ്വീകാര്യത സ്‌കോഡയ്ക്ക് നൽകി. പെർഫോമെൻസ് വാഹനങ്ങൾക്ക് നല്ല വളക്കൂറുള്ള മണ്ണാണ് ഇന്ത്യയിലേതെന്നത്.
ഈ സാധ്യത ഒരിക്കൽ കൂടി മുതലെടുക്കാനുള്ള നീക്കത്തിലാണ് സ്‌കോഡ. ആദ്യമെത്തിയത് സെഡാൻ ശ്രേണിയിലെ പെർഫോമെൻസ് വാഹനമായിരുന്നെങ്കിൽ ഇനിയെത്തുന്ന പെർഫോമെൻസ് എസ്‌യുവിയാണ്. സ്‌കോഡയുടെ ഫ്ളാഗ്ഷിപ്പ് എസ്‌യുവി മോഡലായ കോഡിയാഖിന്റെ ആർഎസ് പതിപ്പാണ് വരുന്നത്. അവതരണത്തിന് മുന്നോടിയായി ജൂൺ 22-ന് ഈ വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കുമെന്ന് സ്‌കോഡ അറിയിച്ചു.
ഒക്ടാവിയ ആർഎസ് ആദ്യ ബാച്ചിൽ 100 യൂണിറ്റാണ് ഇന്ത്യയിൽ എത്തിയിരുന്നതെങ്കിൽ കോഡിയാഖ് ആർഎസിൽ 50 യൂണിറ്റ് മാത്രമേ ആദ്യഘട്ടത്തിൽ ഇന്ത്യയിൽ എത്തുകയെന്നാണ് റിപ്പോർട്ട്. വിദേശ നിരത്തുകളിൽ ഉൾപ്പെടെ ഉയർന്ന ഡിമാന്റ് ഉള്ള വാഹനമാണ് കോഡിയാഖ് ആർഎസ്. അതുകൊണ്ടുതന്നെ ഇന്ത്യൻ വിപണിക്കായി കൂടുതൽ യൂണിറ്റുകൾ ലഭിക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് സ്‌കോഡ ഇന്ത്യയുടെ മേധാവിയെ ഉദ്ധരിച്ച് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
കൊച്ചിയിൽ നടന്ന സ്‌കോഡ എക്‌സ്പീരിയൻസ് 2026-ലാണ് ആദ്യമായി കോഡിയാഖ് ആർഎസ് പ്രദർശനത്തിന് എത്തിച്ചത്. റെഗുലർ കോഡിയാഖിൽ നിന്ന് ശ്രദ്ധേയമായ മാറ്റങ്ങൾ ആർഎസിൽ വരുത്തിയിട്ടുണ്ട്. സ്പോർട്ടി ഭാവമുള്ള ബമ്പർ, ബ്ലാക്ക് ഗ്രില്ല് വിത്ത് വൈഡ് എയർഡാം എന്നിവയാണ് മുന്നിലെ മാറ്റം. 20 ഇഞ്ച് അലോയി വീലുകളും ചുവപ്പണിഞ്ഞ ബ്രേക്ക് കാലിപ്പറുകളുമാണ് വശങ്ങളിലെ ആകർഷണം. വിആർഎസ് ബാഡ്ജിങ് ഒഴിച്ചുനിർത്തിയാൽ പിൻഭാഗം റെഗുലർ കോഡിയാഖിന് സമാനമാണ്.
കറുപ്പ്-ചുവപ്പ് എന്നീ നിറങ്ങൾ സംയോജിപ്പിച്ചാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. ബ്ലാക്ക് നിറത്തിനൊപ്പം റെഡ് ഇൻസേർട്ടുകളും സ്റ്റിച്ചിങ്ങുകളും ലൈറ്റുമെല്ലാമാണ് ഇതിലുള്ളത്. കട്ടിയിലുള്ള ബോൾസ്റ്റേഴ്സിനൊപ്പം ആർഎസ് ബാഡ്ജിങ്ങും പതിപ്പിച്ചാണ് സീറ്റുകൾ ഒരുക്കിയിരിക്കുന്നത്. 13 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ത്രീ സ്പോക്ക് സ്റ്റിയറിങ് വീൽ എന്നിവയാണ് അകത്തളത്തിലെ പ്രധാനപ്പെട്ട ഫീച്ചറുകൾ.
റെഗുലർ കോഡിയാഖിനെക്കാൾ കരുത്തനായിരിക്കും ആർഎസ് പതിപ്പ്. 265 എച്ച്പി പവറും 400 എൻഎം ടോർക്കുമേകുന്ന 2.0 ലിറ്റർ ടിഎസ്ഐ എൻജിനാണ് കോഡിയാഖ് ആർഎസിന്റെ ഹൃദയം. ഓൾ വീൽ ഡ്രൈവ് സംവിധാനത്തിനൊപ്പം ഏഴ് സ്പീഡ് ഡ്യുവൽ ക്ലെച്ച് ഓട്ടോമാറ്റിക് സംവിധാനമായിരിക്കും ഇതിലെ ട്രാൻസ്മിഷൻ. 6.3 സെക്കന്റിൽ പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറിൽ 231 കിലോമീറ്ററാണ്.
Content Highlights: Bookings for the Skoda Kodiaq RS commence on June 22, 2026., Limited first-batch availability of only 50 units for the Indian market., Equipped with a 2.0L TSI engine delivering 265HP and 400Nm torque., Features aggressive sporty styling, 20-inch alloy wheels, and a premium black-red interior., Capable of 0-100 km/h in 6.3 seconds with a top speed of 231 km/h.