വാഹനത്തിന്റെ വലിപ്പം കൂടുംതോറും റേഞ്ചും കൂടുന്നു; പീക്ക് എന്ന മാജിക്കൽ എസ്‌യുവിയുമായി സ്‌കോഡ

#Auto Desk
സ്‌കോഡ പീക്ക് ഇലക്ട്രിക് എസ്‌യുവി | Photo: Skoda
സ്‌കോഡ പീക്ക് ഇലക്ട്രിക് എസ്‌യുവി | Photo: Skoda

ചെക്ക് വാഹന നിർമാതാക്കളായ സ്‌കോഡയിൽ നിന്ന് ആഗോള നിരത്തുകളിലേക്ക് ഏറ്റവും ഒടുവിലായി എത്താനൊരുങ്ങുന്ന ഇലക്ട്രിക് മോഡലാണ് പീക്ക് എസ്.യു.വി. ഇന്ത്യയിലേക്ക് കൂടി എത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനം വെളിപ്പെടുത്തിയിരിക്കുകയാണ് സ്‌കോഡ. വോൾവോ ഇ.എക്‌സ്.90, കിയ ഇ.വി.9, ഹ്യുണ്ടായി അയോണിക് 9 തുടങ്ങിയ മോഡലുകളോട് എതിരിടാൻ എത്തുന്ന ഈ വാഹനം റേഞ്ചിലും കരുത്തിലും തുടങ്ങി എല്ലാ തരത്തിലും മത്സരക്ഷമമാണെന്ന് തെളിയിച്ചിരിക്കുകയാണ് നിർമാതാക്കൾ.

60, 90, 90X എന്നീ മൂന്ന് വേരിയന്റുകളിലാണ് ആഗോള വിപണിയിൽ പീക്ക് എസ്‌യുവി എത്തുന്നത്. ഇതിലെ അടിസ്ഥാന മോഡലായ 60-യിൽ 63 കിലോവാട്ട് ബാറ്ററി പാക്കാണ് നൽകുന്നത്. സിംഗിൾ ഇലക്ട്രിക് മോട്ടോറിനൊപ്പം റിയർ വീൽ ഡ്രൈവ് വാഹനമായാണ് പീക്ക് 60 എത്തുന്നത്. 204 എച്ച്.പി. പവർ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോർ കരുത്തേകുന്ന ഈ വാഹനം ഒറ്റത്തവണ ചാർജ് ചെയ്താൽ 459 കിലോമീറ്റർ സഞ്ചരിക്കുമെന്നാണ് സ്‌കോഡ അവകാശപ്പെടുന്നത്.

ഉയർന്ന വകഭേദങ്ങളായ 90, 90X മോഡലുകളിലാണ് താരതമ്യേന ഉയർന്ന ബാറ്ററിപാക്ക് നൽകിയിരിക്കുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 90 വേരിയന്റ് 647 കിലോമീറ്റർ സഞ്ചരിക്കും. 286 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോർ പിന്നിലെ ആക്‌സിലിലാണ് നൽകിയിരിക്കുന്നത്. 90 X പതിപ്പാണ് പീക്ക് വാഹന നിരയിലെ കരുത്തൻ. 299 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന ഇരട്ട മോട്ടോറുകളാണ് ഇതിലുള്ളത്. ഓൾ വീൽ ഡ്രൈവ് സംവിധാനത്തിലുള്ള ഈ പതിപ്പ് 613 കിലോമീറ്റർ റേഞ്ച് നൽകും.

കേവലം 6.7 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള ശേഷിയാണ് 90X മോഡലിനുള്ളത്. 90 പതിപ്പ് ഈ വേഗതയെത്താൻ 7.1 സെക്കന്റാണ് എടുക്കുന്നത്. 8.6 സെക്കന്റുകൾ കൊണ്ടാണ് 60 പതിപ്പ് 100 കിലോമീറ്റർ വേഗത കൈവരിക്കുക. 199 കിലോവാട്ട് ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 91 കിലോവാട്ട് ബാറ്ററി 28 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് ചെയ്യാം. അതേസമയം, 160 കിലോവാട്ട് ചാർജറിന്റെ സഹായത്തോടെ 63 കിലോവാട്ട് ബാറ്ററി 27 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് നിറയും.

സ്‌കോഡയുടെ ഏറ്റവും മോഡേൺ ഡിസൈൻ ഫിലോസഫി അടിസ്ഥാനമാക്കിയാണ് പീക്ക് എസ്‌യുവി ഒരുക്കിയിരിക്കുന്നത്. 'ടെക്ക് ഡെക്ക്' എന്ന് വിശേഷിപ്പിക്കുന്ന മുഖമാണ് ഈ എസ്‌യുവിയിൽ നൽകിയിരിക്കുന്നത്. ടി ഷേപ്പിൽ നൽകിയിട്ടുള്ള എൽഇഡി ഹെഡ്‌ലാമ്പ്, ഐബ്രോ ഷേപ്പ് ഡിആർഎൽ, സ്റ്റഡുകൾ പോലെ നൽകിയിട്ടുള്ള പൊസിഷൻ ലാമ്പ്, ക്ലോസ്ഡ് ഗ്രില്ല്, ഫങ്ഷണൽ എയർ വെന്റുകൾ നൽകിയിട്ടുള്ള ഡ്യുവൽ ടോൺ ബമ്പർ എന്നിവയാണ് ടെക്ക് ഡെക്ക് മുഖത്തുള്ളത്.

19 മുതൽ 21 വരെ വലിപ്പത്തിലുള്ള എയറോ ഒപ്റ്റിമൈസ്ഡ് അലോയി വീലുകളാണ് വേരിയന്റുകൾക്ക് അനുസരിച്ച് നൽകിയിരിക്കുന്നത്. ഫ്‌ളെഷ് ഡോർ ഹാൻഡിലുകൾ, ഗ്ലോസി ബ്ലാക്ക് വീൽ ആർച്ച്, വലിയ വിൻഡോ ഗ്ലാസുകൾ എന്നിവ വശങ്ങളെ അലങ്കരിക്കുന്നത്. ടി ഷേപ്പിലുള്ള എൽഇഡി ടെയ്ൽലാമ്പ്, വാഹനത്തിന്റെ ബാഡ്ജിങ് ഡ്യുവൽ ടോൺ ബമ്പർ, റൂഫ് സ്‌പോയിലർ തുടങ്ങിയവ നൽകിയിട്ടുള്ള ലളിതമായ പിൻവശമാണ് പീക്കിലെ മറ്റ് അലങ്കാരങ്ങൾ.

ഫ്യൂച്ചറിസ്റ്റിക് എന്ന വിശേഷണം അങ്ങേയറ്റം ഇണങ്ങുന്ന രൂപമാണ് അകത്തളത്തിന്. വെർട്ടിക്കിളായി നൽകിയിട്ടുള്ള 13.6 ഇഞ്ച് വലിപ്പത്തിലാണ് ഇതിലെ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ നൽകിയിരിക്കുന്നത്. ഡ്രൈവർ ഡിസ്‌പ്ലേയ്ക്കും 10 ഇഞ്ച് വലിപ്പമുണ്ട്. ടു സ്‌പോക്ക് സ്റ്റിയറിങ് വീൽ, ടോഗിൾ സ്വിച്ചുകളിലാണ് ക്ലൈമറ്റ് കൺട്രോളും മറ്റും നിയന്ത്രിക്കുന്നത്. മൂന്ന് നിര സീറ്റുകളാണ് ഇതിലുള്ളത്. 16 സ്പീക്കറിന്റെ സോനോസ് സൗണ്ട് സിസ്റ്റവും അകത്തളത്തിന്റെ സവിശേഷതയാണ്.

Content Highlights: Available in three variants: 60, 90, and 90X., Maximum range of up to 647 km on a single charge., Fast charging: 80% charge in under 30 minutes., Futuristic 'Tech-Deck' design with 13.6-inch infotainment screen., Three-row seating configuration with premium Sonos sound system.