29 കിലോമീറ്റർ മൈലേജ്, ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള SUV ആകാൻ ഡസ്റ്റർ, റെനോയുടെ വജ്രായുധം വരുന്നു

#Auto Desk
റെനോ ഡസ്റ്റര്‍ | Photo: Renault India
റെനോ ഡസ്റ്റര്‍ | Photo: Renault India

ഇന്ത്യൻ വാഹന വിപണിയിലെ ഏറ്റവും ഉയർന്ന ഇന്ധനക്ഷമതയുള്ള മിഡ് സൈസ് എസ്‌യുവിയാകാൻ ഉറപ്പിച്ച് വരവിനൊരുങ്ങുകയാണ് റെനോ ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ്. 29 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ഈ വാഹനത്തിന് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എ.ആർ.എ.ഐ) സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 17-ന് വിപണിയിൽ അവതരിപ്പിക്കുന്ന ഹൈബ്രിഡ് ഡസ്റ്ററിന്റെ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ് റെനോ.

റെനോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയും അംഗീകൃത ഡീലർഷിപ്പുകളിലൂടെയുമാണ് ഡസ്റ്റർ ഹൈബ്രിഡിന്റെ ബുക്കിങ് സ്വീകരിക്കുന്നത്. 21,000 രൂപയാണ് ബുക്കിങ് തുകയായി ഈടാക്കുന്നത്. ഇ-ടെക് സിസ്റ്റം എന്ന പേരിലാണ് ഡസ്റ്ററിലെ ഹൈബ്രിഡ് സംവിധാനം ഒരുക്കിയിരിക്കുന്നത്. 1.0 ലിറ്റർ, 1.3 ലിറ്റർ എന്നീ ടർബോ പെട്രോൾ എൻജിനുകൾക്ക് പുറമെയാണ് 1.8 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനൊപ്പം ഹൈബ്രിഡ് സംവിധാനവും നൽകി ഈ വാഹനം എത്തുന്നത്.

1.8 ലിറ്റർ പെട്രോൾ എൻജിനൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറുകളുമാണ് ഈ വാഹനത്തിൽ കരുത്തേകുന്നത്. 20 എച്ച്.പി. പവർ ഉത്പാദിപ്പിക്കുന്ന ജനറേറ്ററും 49 എച്ച്.പി. ഡ്രൈവ് മോട്ടോറുമാണ് ഇതിലുള്ളത്. 1.4 കിലോവാട്ട് ബാറ്ററിപാക്കാണ് ഹൈബ്രിഡ് സംവിധാനത്തിന്റെ കരുത്ത്. 160 എച്ച്.പിയാണ് ഡസ്റ്ററിലെ കംബെയ്ൻഡ് പവർ. 172 എൻ.എം. ടോർക്കും ഇതിലെ എൻജിനും മോട്ടോറുകളും ചേർന്ന് ഉത്പാദിപ്പിക്കും.

മൾട്ടി മോഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. ഫിക്‌സഡ് ഗിയർ റേഷ്യോ ആണ് ഇതിൽ നൽകിയിരിക്കുന്നത്. ഡ്രൈവിങ് കണ്ടീഷൻ അനുസരിച്ച് ഇലക്ട്രിക് ഡ്രൈവ്, എൻജിൻ ഡ്രൈവ് എന്നിവയിലേക്ക് മാറാനുള്ള ശേഷിയും ഈ ട്രാൻസ്മിഷൻ സംവിധാനത്തിൽ നൽകിയിട്ടുണ്ട്. സിറ്റി ഡ്രൈവിങ്ങിൽ 80 ശതമാനവും ഇലക്ട്രിക് മോഡിൽ തന്നെ ഓടാൻ സാധിക്കുമെന്നാണ് നിർമാതാക്കളായ റെനോ അവകാശപ്പെടുന്നത്.

കുറഞ്ഞ വേഗതയിലെ ഓട്ടത്തിന് ഇലക്ട്രിക് കരുത്ത് ഉപയോഗിക്കുന്നതും റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും ആവശ്യമില്ലാത്ത സമയങ്ങളിൽ പെട്രോൾ എൻജിൻ തനിയെ ഓഫാകുന്നതുമാണ് ഉയർന്ന ഇന്ധനക്ഷമത ലഭിക്കുന്നതിനുള്ള കാരണങ്ങളെന്നാണ് റെനോ അവകാശപ്പെടുന്നത്. എന്നാൽ, യഥാർഥ ഇന്ധനക്ഷമത ട്രാഫിക് സാഹചര്യങ്ങൾ, വാഹനത്തിന്റെ വേഗത, ഡ്രൈവിങ് ശൈലി, അന്തരീക്ഷ താപനില എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാമെന്നും റെനോ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Content Highlights: ARAI certified fuel efficiency of 29 km/l, Bookings open with a token amount of Rs 21,000, Powered by a 1.8-litre petrol engine with dual electric motors, E-Tech hybrid system delivers a combined power of 160 hp, Capable of running up to 80% in electric mode during city driving.