ജോലിക്ക് കൂലി ഔഡി…! കോളടിച്ച് ചെന്നൈയിലെ റെഫെക്‌സ് കമ്പനി ജീവനക്കാർ

#Auto Desk
ഔഡി A4 ഏറ്റുവാങ്ങുന്ന ജീവനക്കാര്‍ | Photo: Refex Group
ഔഡി A4 ഏറ്റുവാങ്ങുന്ന ജീവനക്കാര്‍ | Photo: Refex Group

തൊഴിലിടങ്ങളിൽ ലഭിക്കുന്ന അംഗീകാരങ്ങൾ എപ്പോഴും സന്തോഷം നൽകുന്ന കാര്യമാണ്. അതൊരു അഭിനനന്ദനമാണെങ്കിലും പാരിതോഷികമാണെങ്കിലും ഒരുപോലെ തന്നെ. എന്നാൽ, വർഷങ്ങളായി ജോലി ചെയ്യുന്ന സ്ഥാപനം സ്വപ്‌നത്തിൽ പോലും ചിന്തിച്ചിട്ടില്ലാത്തതും ലക്ഷങ്ങൾ വില മതിക്കുന്നതുമായി സമ്മാനങ്ങളും നൽകിയാലോ? അങ്ങനെയുള്ള ഒരു ഞെട്ടലിലാണ് ചെന്നൈയിലെ ഒരു കമ്പനിയിലെ ഏതാനും ജീവനക്കാർ.

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഫെക്‌സ് ഗ്രൂപ്പ് എന്ന കമ്പനിയാണ് കമ്പനിക്ക് വേണ്ടി ആത്മാർഥമായി നിലകൊണ്ട ജീവനക്കാർക്ക് ആഡംബര വാഹനം നൽകി ആദരിക്കാൻ തീരുമാനിച്ചത്. ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഔഡിയുടെ സെഡാൻ മോഡലാണ് A4 ആണ് റെഫെക്‌സ് 12 ജീവനക്കാർക്ക് സമ്മാനിച്ചിരിക്കുന്നത്. സന്തോഷങ്ങൾ പങ്കിടുമ്പോൾ പതിന്മടങ്ങ് വളരുന്നുവെന്ന കുറിപ്പോടെയാണ് ഇക്കാര്യങ്ങൾ കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്.

മെഡിക്കൽ ടെക്‌നോളജി, ഫാർമ, ഗ്രീൻ മൊബിലിറ്റി, റിന്യൂവബിൽ എനർജി തുടങ്ങി വിവിധ മേഖലകളിൽ രണ്ട് പതിറ്റാണ്ട് കാലമായി പ്രവർത്തിക്കുന്ന കമ്പനിയാണ് റെഫെക്‌സ് ഗ്രൂപ്പ്. കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥർ മുതൽ താഴ്ന്ന ജീവനക്കാർ വരെയുള്ള 12 പേർക്കാണ് ഈ ആഡംബര വാഹനം സമ്മാനമായി ലഭിച്ചിരിക്കുന്നത്. ജീവനക്കാരുടെ കഠിനാധ്വാനത്തെ മാനിച്ച് നൽകിയിരിക്കുന്ന ഈ സമ്മാനത്തെ വീൽസ് ഓഫ് അച്ചീവ്‌മെന്റ് എന്നാണ് കമ്പനി വിശേഷിപ്പിച്ചിരിക്കുന്നത്.

ഔഡിയുടെ വാഹനശ്രേണിയിലെ മികച്ച മോഡലായ കണക്കാക്കുന്ന A4 സെഡാനാണ് ജീവനക്കാർക്ക് സമ്മാനമായി നൽകിയിരിക്കുന്നത്. 46.88 ലക്ഷം രൂപ മുതൽ 55.83 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഈ ആഡംബര സെഡാന്റെ ഏത് വേരിയന്റാണ് ജീവനക്കാർക്ക് സമ്മാനിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. ഒരേ നിറത്തിലുള്ള വാഹനമാണ് എല്ലാവർക്കും നൽകിയതെന്നാണ് സൂചന.

നാല് വേരിയന്റുകളിലാണ് ഔഡി A4 ഇന്ത്യയിൽ എത്തുന്നത്. പെട്രോൾ എൻജിനിൽ മാത്രമെത്തുന്ന ഈ വാഹനത്തിൽ 2.0 ലിറ്റർ ടിഎഫ്എസ്‌ഐ ടർബോചാർഡ്ജ് എൻജിനാണ് പ്രവർത്തിക്കുന്നത്. ഇത് 207 ബിഎച്ച്പി പവറും 320 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് എസ്-ട്രോണിക് ഡ്യുവൽ ക്ലെച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഈ വാഹനത്തിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്.

Content Highlights: Refex Group rewarded 12 employees with Audi A4 luxury sedans in 2026., The initiative recognizes long-term dedication and hard work across various departments., Audi A4 features a 2.0-liter TFSI engine with 207 bhp, valued between 46-55 Lakhs., The company emphasizes employee appreciation as a core pillar of its corporate culture.