രൺവീർ സിങ്ങിന്റെ ഗ്യാരേജിലെ സ്‌പോർട്‌സ് കാർ ഇരമ്പൽ; ആറ് കോടിയുടെ ഫെരാരി സ്വന്തമാക്കി താരം

#Auto Desk
രണ്‍വീര്‍ സിങ്, ഫെരാരി 296 ജിടിബി | Photo: Facebook/Ranveer Singh, Ferrari
രണ്‍വീര്‍ സിങ്, ഫെരാരി 296 ജിടിബി | Photo: Facebook/Ranveer Singh, Ferrari

ബോളിവുഡിന്റെ സ്‌റ്റൈൽ ഐക്കണായി വിശേഷിപ്പിക്കുന്ന താരമാണ് രൺവീർ സിങ്. ആഡംബര വാഹനങ്ങളുടെ വലിയ ശേഖരം തന്നെ സ്വന്തമായുള്ള രൺവീർ തന്റെ വാഹന ശേഖരത്തിലേക്ക് സ്റ്റൈലും കരുത്തും ഒന്നിക്കുന്ന ഒരു വാഹനം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഇറ്റാലിയൻ ലക്ഷ്വറി സ്‌പോർട്‌സ് കാർ നിർമാതാക്കളായ ഫെരാരിയുടെ സൂപ്പർ കാർ മോഡലായ 296 ജിടിബിയാണ് രൺവീറിന്റെ ഗ്യാരേജിലെ പുതിയ താരം.

അമേരിക്കൻ വാഹന നിർമാതാക്കളായ ജിഎംസി പുറത്തിറക്കിയിട്ടുള്ള ഹമ്മറിന്റെ ഇലക്ട്രിക് മോഡലാണ് രൺവീർ ഗ്യാരേജിൽ ഏറ്റവും ഒടുവിലെത്തിയിരുന്ന വാഹനം. ധുരന്തർ എന്ന സിനിമയുടെ മാസ്മരിക വിജയത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലേക്ക് ആറ് കോടിയോളം രൂപ വില വരുന്ന ഫെരാരി എത്തിയിരിക്കുന്നത്. ലംബോർഗിനി ഉറുസ് പോലെയുള്ള പെർഫോമെൻസ് എസ്‌യുവി മുതൽ ജിഎൽഎസ് 600 മെയ്ബ പോലെ കംഫർട്ടബിൾ വാഹനങ്ങളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.

മിഡ് എൻജിൻ, റിയർവീൽ ഡ്രൈവ് സൂപ്പർ കാറാണ് ഫെരാരിയുടെ 296 ജിടിബി 5.40 കോടി രൂപയാണ് ഈ സ്പോർട്സ് കാറിന്റെ എക്സ്ഷോറൂം വില. ഉപയോക്താവിന്റെ ഇഷ്ടത്തിന് കസ്റ്റമൈസേഷൻ വരുത്താനുള്ള ഓപ്ഷനും ഫെരാരി നൽകുന്നുണ്ട്. ഇത് കൂടി ആകുന്നതോടെ വാഹനത്തിന്റെ വില ഉയരും. രൺവീറിന്റെ ഫെരാരിയിൽ വരുത്തിയ മാറ്റങ്ങൾ ഉൾപ്പെടെ 6.30 കോടി രൂപയാണ് ഈ വാഹനത്തിനായതെന്നാണ് റിപ്പോർട്ട്.

നീണ്ട നാളുകൾക്ക് ശേഷം ഫെരാരി പുറത്തിറക്കുന്ന വി6 പ്രൊഡക്ഷൻ സ്പോർട്സ് കാറാണ് 296 ജിടിബി ഫെരാരിയുടെ ഡിനോ ബ്രാന്റുകളിൽ മാത്രമാണ് മുൻകാലങ്ങളിൽ വി6 എൻജിൻ നൽകിയിരുന്നത്. 2022-ലാണ് ഫെരാരി 296 ജി.ടി.ബി. ഫെരാരി പുറത്തിറക്കിയത്. ഈ വാഹനത്തിന് ഫെരാരി നൽകിയ വിശേഷണം ഏറെ ശ്രദ്ധേയമായിരുന്നു. ദ റിയൽ ഫെരാരി വിത്ത് ജസ്റ്റ് സിക്സ് സിലിണ്ടേഴ്സ് എന്നായിരുന്നു ഈ വാഹനത്തിന് നിർമാതാക്കൾ പോലും നൽകിയിരുന്ന വിശേഷണം.

3.0 ലിറ്റർ ആറ് സിലിണ്ടർ പെട്രോൾ എൻജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇതിനൊപ്പം 6.0 കിലോവാട്ട് ബാറ്ററിയുടെ പിന്തുണയിലുള്ള പ്ലഗ് ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയും നൽകിയിട്ടുണ്ട്. ഇവ രണ്ടും കൂടി 819 ബി.എച്ച്.പി. പവറും 740 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. വേഗരാജാവ് എന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന ഈ വാഹനം കേവലം 2.9 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കും. മണിക്കൂറിൽ 330 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത.

Content Highlights: Ranveer Singh purchased the Ferrari 296 GTB for approximately Rs 6.3 crore., The 296 GTB features a 3.0-litre V6 petrol engine with plug-in hybrid technology., The car delivers 819 bhp and 740 Nm of torque., It achieves 0-100 km/h acceleration in just 2.9 seconds with a top speed of 330 km/h., This marks a significant addition to his existing collection including Lamborghini Urus and Maybach GLS 600.