റേഞ്ച് റോവര്‍ വാങ്ങാനിരിക്കുന്നവരുടെ ബെസ്റ്റ് ടൈം; ജിഎസ്ടിയില്‍ വില കുറയുന്നത് 30 ലക്ഷം രൂപ വരെ

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഒക്ട | Photo: Land Rover
ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഒക്ട | Photo: Land Rover

കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടിയില്‍ വരുത്തിയ പരിഷ്‌കാരം ഇന്ത്യയിലെ വാഹന വ്യവസായത്തില്‍ വലിയ പ്രതിഫലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജിഎസ്ടി നിരക്കില്‍ മാറ്റം വരുത്തിയതോടെ വാഹനങ്ങളുടെ വിലയില്‍ കാര്യമായ കുറവും ഉണ്ടായിട്ടുണ്ട്. ഇതിന്റെ നേട്ടം ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നതിനായി രാജ്യത്തെ പ്രീമിയം വാഹന നിര്‍മാതാക്കള്‍ ഉള്‍പ്പെടെ ഭൂരിഭാഗം കമ്പനികളും വില കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവറാണ് ഏറ്റവുമൊടുവില്‍ വിലയിലെ മാറ്റം പുറത്തുവിട്ടിരിക്കുന്നത്. 

ലാന്‍ഡ് റോവറിന്റെ വാഹന നിരയിലെ ഏറ്റവും ജനപ്രിയ മോഡലായ ഡിഫന്‍ഡറിന് വേരിയന്റുകള്‍ക്ക് അനുസരിച്ച് ഏഴ് ലക്ഷം രൂപ മുതല്‍ 18.6 ലക്ഷം രൂപ വരെ വില കുറയുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 110 എക്‌സ്-ഡൈനാമിക് എന്ന വേരിയന്റിന് ഏഴ് ലക്ഷം രൂപയാണ് കുറയുന്നത്. അതേസമയം, 4.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 110 ഒക്ടാ എഡിഷന്‍ വണ്‍ പതിപ്പിന് 18.6 ലക്ഷം രൂപയും കുറയും 2.60 കോടി രൂപയാണ് ഈ വാഹനത്തിന്റെ പുതിയ വില.

ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ മോഡലുകളുടെ വിലയിലാണ് ഏറ്റവും വലിയ കുറവുണ്ടാകുന്നത്. വേരിയന്റുകള്‍ക്ക് അനുസരിച്ച് 16.5 ലക്ഷം രൂപ മുതല്‍ 30.4 ലക്ഷം രൂപ വരെയാണ് റേഞ്ച് റോവര്‍ വാഹനങ്ങളുടെ വില കുറയുന്നത്. 3.0 ഡീസല്‍ എന്‍ജിന്‍ എച്ച്എസ്ഇ പതിപ്പിന് 16.5 ലക്ഷം രൂപയാണ് കുറയുന്നത്. 2.31 കോടി രൂപയിലാണ് പുതിയ വില ആരംഭിക്കുന്നത്. 30.4 ലക്ഷം രൂപയുടെ കുറവാണ് റേഞ്ച് റോവറിന്റെ 4.4 ലിറ്റര്‍ പെട്രോള്‍ എസ്‌വി ലോങ് വീല്‍ ബേസ് മോഡലിന്റെ വിലയില്‍ ഉണ്ടാകുന്നത്. 

റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് മോഡലുകളുടെ വിലയിലും ശ്രദ്ധേയമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. 3.0 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ ഡൈനാമിക് എച്ച്എസ്ഇ പതിപ്പിന് 9.8 ലക്ഷം രൂപയാണ് കുറയുക. ഈ വാഹനത്തിന്റെ 4.4 ലിറ്റര്‍ എസ്‌വി എഡിഷന്‍ ടൂ മോഡലിന്റെ വിലയില്‍ 19.7 ലക്ഷം രൂപയുടെ കുറവും ഉണ്ടാകും. റേഞ്ച് റോവര്‍ വെലാര്‍ മോഡലുകളുടെ വിലയില്‍ ആറുലക്ഷം രൂപയുടെ കുറവാണ് നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 83.9 ലക്ഷം രൂപയിലാണ് വെലാറിന്റെ വില ആരംഭിക്കുന്നത്. 

ലാന്‍ഡ് റോവറിന്റെ വാഹന നിരയിലെ എന്‍ട്രി ലെവല്‍ മോഡലായ റേഞ്ച് റോവര്‍ ഇവോക്കിന്റെ വിലയില്‍ 4.6 ലക്ഷം രൂപ കുറയും. 64.9 ലക്ഷം രൂപയിലാണ് ഈ വാഹനത്തിന്റെ പുതിയ വില ആരംഭിക്കുന്നത്. ലാന്‍ഡ് റോവര്‍ ഡിസ്‌കവറിയുടെ ഡൈനാമിക് എച്ച്എസ്ഇ, ടെംപെസ്റ്റ് എന്നീ രണ്ട് വേരിയന്റുകള്‍ക്കും യഥാക്രമം 9.3 ലക്ഷം രൂപയും 9.9 ലക്ഷം രൂപയുമാണ് കുറയുന്നത്. അതേസമയം, ഡിസ്‌കവറി സ്‌പോര്‍ട്ടിന് 4.5 ലക്ഷം രൂപയാണ് കുറച്ചിരിക്കുന്നതെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

Content Highlights: Land Rover announces price cuts on Range Rover, Defender, and other models after GST revision.