XUV400 കിട്ടി, മാതാപിതാക്കള്‍ക്കുള്ള സമ്മാനത്തില്‍ ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദിപറഞ്ഞ് പ്രഗ്‌നാനന്ദ

സ്‌പോര്‍ട്‌സ്, ഗെയിംസ് എന്നുവേണ്ട ഏത് മേഖലയില്‍ നിന്നും രാജ്യത്തിന് അഭിമാനാര്‍ഹമായ നേട്ടമുണ്ടാക്കുന്ന വ്യക്തികളെ ആദരിക്കുകയും ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നത് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്രയുടെ കീഴ്‌വഴക്കമാണ്. ഒളിമ്പിക്‌സ് ജേതാക്കള്‍, ക്രിക്കറ്റ് താരങ്ങള്‍ തുടങ്ങി നിരവധി ആളുകളാണ് മഹീന്ദ്രയില്‍നിന്നുള്ള സമ്മാനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ളത്. ഈ നിരയില്‍ ഏറ്റവുമൊടുവില്‍ എഴുതിചേര്‍ത്ത പേരാണ് ചെസ് ചാംപ്യനായ പ്രഗ്‌നാനന്ദയുടേത്.
ചെസ് ലോകകപ്പില്‍ രണ്ടാംസ്ഥാനംനേടിയ പ്രഗ്‌നാനന്ദയുടെ രക്ഷിതാക്കള്‍ക്ക് മഹീന്ദ്രയുടെ ഇലക്ട്രിക് മോഡലായ എക്‌സ്.യു.വി.400 സമ്മാനിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ആനന്ദ് മഹീന്ദ്ര അറിയിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസമാണ് ഈ വാഹനം പ്രഗ്‌നാനന്ദയുടെ കുടുംബത്തിന് കൈമാറിയത്. ഈ വാഹനം തന്റെ രക്ഷിതാക്കൾക്ക് ലഭിച്ചവിവരം പ്രഗ്‌നാനന്ദ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധാകരെ അറിയിച്ചിരിക്കുന്നത്.
'എക്‌സ്.യു.വി.400 ലഭിച്ചിരിക്കുന്നു, എന്റെ രക്ഷിതാക്കള്‍ വളരെ സന്തോഷത്തിലാണ്, നന്ദി', എന്ന കുറിപ്പാണ് വാഹനം ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ അടക്കം പ്രഗ്‌നാനന്ദ എക്‌സില്‍ പങ്കുവെച്ചിരിക്കുന്നത്. രാജ്യത്തിനുതന്നെ അഭിമാനമായ നേട്ടം പ്രഗ്‌നാനന്ദ സ്വന്തമാക്കിയതിന് പിന്നാലെ നിരവധി ആളുകളാണ് അദ്ദേഹത്തിന് ഥാര്‍ സമ്മാനിക്കണമെന്ന ആവശ്യവുമായി ആനന്ദ് മഹീന്ദ്രയ്ക്ക് സന്ദേശങ്ങള്‍ അയച്ചത്. എന്നാല്‍, തന്റെ പദ്ധതി വേറെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
നിരവധി ആളുകളാണ് പ്രഗ്‌നാനന്ദയക്ക് ഥാര്‍ സമ്മാനിക്കണമെന്ന് എന്നോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. എന്നാല്‍, എന്റെ മനസില്‍ മറ്റൊരു ആശയമാണുള്ളത്. വീഡിയോ ഗെയിമുകളുടെ കാലത്ത് തന്റെ മകനെ ചെസ് കളിയിലേക്ക് എത്തിക്കുകയും ഇത്തരം ഗെയിമുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത മാതാപിതാക്കള്‍ ഇലക്ട്രിക് വാഹനങ്ങള്‍ പോലെ ഭാവിയിലേക്കുള്ള നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. അതിനാല്‍ത്തന്നെ അവര്‍ക്ക് എക്സ്.യു.വി.400 ഇ.വി. നല്‍കുമെന്നായിരുന്നു ആനന്ദ് മഹീന്ദ്ര നടത്തിയ പ്രഖ്യാപനം.
ആനന്ദ് മഹീന്ദ്രയുടെ പ്രഖ്യാപനത്തിന് നന്ദിയറിയിച്ച് പ്രഗ്‌നാനന്ദയും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു. തനിക്ക് നന്ദി പ്രകടിപ്പിക്കാന്‍ വാക്കുകളില്ലെന്നായിരുന്നു പ്രഗ്‌നാനന്ദ എക്‌സില്‍ കുറിച്ചത്. ഒരു ഇലക്ട്രിക് കാര്‍ സ്വന്തമാക്കുക എന്നത് തന്റെ മാതാപിതാക്കളുടെ ദീര്‍ഘകാല സ്വപ്നമാണ്. അത് യാഥാര്‍ഥ്യമാക്കിയതിന് നന്ദിയെന്നായിരുന്നു ആദ്യ പ്രതികരണം. സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കുന്നതാണ് ഒരു കാര്‍ നിര്‍മാതാവിന്റെ ആത്യന്തികമായ ലക്ഷ്യമെന്ന് പ്രഗ്‌നാനന്ദയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് ആനന്ദ് മഹീന്ദ്രയും പ്രതികരിച്ചിരുന്നു.
Content Highlights: Praggnanandhaa convey his gratitude to Anand Mahindra for his gift XUV400