ആദ്യഘട്ടത്തിൽ ഏഴ് ഷോറൂമുകൾ, ഒന്ന് കേരളത്തിലും; EV വിപണിയിൽ വിയറ്റ്‌നാം കൊടുങ്കാറ്റാകാൻ വിൻഫാസ്റ്റ്

കൊച്ചി:വിയറ്റ്‌നാമിൽനിന്നുള്ള വൈദ്യുത കാർ ബ്രാൻഡായ വിൻഫാസ്റ്റിന്റെ ഇന്ത്യയിലെ ആദ്യ ഷോറൂമുകളിലൊന്ന് കൊച്ചിയിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ തുറക്കും. ഇന്ത്യയിൽ ഏഴു ഷോറൂമുകളുമായാണ് വിൻഫാസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്. ഇതിൽ ഒന്നാണ് കളമശ്ശേരിയിൽ ബിഎംഡബ്ല്യുവിന്റെ ഷോറൂമിന് എതിർവശത്തായി സജ്ജമാകുന്നത്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ വൻ നഗരങ്ങൾക്കൊപ്പമാണ് കൊച്ചിയിലും ഷോറൂം ആരംഭിക്കുന്നത്.
ഹോണ്ട ടൂവീലർ മുതൽ പോർഷെ വരെ രണ്ട് ഡസനടുത്ത് വാഹനങ്ങളുടെ ഡീലർഷിപ്പുള്ള കേരളത്തിലെ ഇവിഎം ഗ്രൂപ്പാണ് വിൻഫാസ്റ്റിന്റെയും ഡീലർഷിപ്പ് എടുത്തിരിക്കുന്നത്. കൊച്ചിക്കു പിന്നാലെ തിരുവനന്തപുരത്ത് ആനയറയിലും കോഴിക്കോട്ട് തൊണ്ടയാടിലും ഷോറൂം ആരംഭിക്കും.
വിഎഫ്7, വിഎഫ്6 എന്നീ രണ്ട് മോഡലുകളുമായാണ് വിൻഫാസ്റ്റ് ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള പ്ലാന്റിൽനിന്ന് ഇവയുടെ ഉത്പാദനം ഉടൻ ആരംഭിക്കും. 50,000 കാറുകൾ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ പ്ലാന്റ്. ജൂണിൽത്തന്നെ വിഎഫ്7 എന്ന ആദ്യ മോഡലിന്റെ വിലപ്രഖ്യാപനവുമുണ്ടാകും. വിയറ്റ്‌നാമിലെ വിൻഗ്രൂപ്പ് 2017-ൽ തുടങ്ങിയ വാഹനക്കമ്പനിയാണ് വിൻഫാസ്റ്റ്.
Content Highlights: One of vinfast first showrooms India also in Kerala