ഓടും 100 % എഥനോളില്‍: ആദ്യ വാഹനം സ്വന്തമാക്കി നിതിന്‍ ഗഡ്കരി | Video

നിതിന്‍ ഗഡ്കരി അദ്ദേഹത്തിന്റെ ഇന്നോവ ഹൈക്രോസിന് സമീപം | Photo: Toutube/Jist
നിതിന്‍ ഗഡ്കരി അദ്ദേഹത്തിന്റെ ഇന്നോവ ഹൈക്രോസിന് സമീപം | Photo: Toutube/Jist

ഹരിത ഇന്ധനങ്ങളിലുള്ള വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ മാതൃകയാണ് ഇന്ത്യയുടെ ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. സാധാരണ ഗതിയില്‍ ഉയര്‍ന്ന സുരക്ഷ സംവിധാനങ്ങളുള്ള വാഹനങ്ങളാണ് മറ്റ് മന്ത്രിമാരുടെ ഗ്യാരേജില്‍ ഉള്ളതെങ്കില്‍ ഗഡ്കരിയുടെ ഗ്യാരേജിലെ വാഹനങ്ങള്‍ പ്രകൃതി സൗഹാര്‍ദമാണെന്നതാണ് പ്രധാന സവിശേഷത. അദ്ദേഹത്തിന്റെ ഗ്യാരേജില്‍ ഏറ്റവും ഒടുവിലെത്തിയ വാഹനത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. 

എഥനോളിലും പെട്രോളിലും പ്രവര്‍ത്തിക്കുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസ് എം.പി.വിയാണ് അദ്ദേഹത്തിന്റെ ഗ്യാരേജില്‍ എത്തിയിട്ടുള്ള പുതിയ വാഹനം. 100 ശതമാനവും എഥനോളില്‍ ഓടുന്ന ലോകത്തിലെ ഏക ബി.എസ്.6 എന്‍ജിന്‍ വാഹനമാണിതെന്നാണ് നിതിന്‍ ഗഡ്കരി അവകാശപ്പെടുന്നത്. എഥനോള്‍ വാഹനങ്ങളുടെ ഗുണമേന്മകള്‍ വിശദീകരിക്കുന്നതിനൊപ്പം പ്രകൃതി സൗഹാര്‍ദമായ വാഹനങ്ങളാണ് താന്‍ പ്രോത്സാഹിപ്പിക്കുന്നതെന്നുമാണ് മന്ത്രി നിതിന്‍ ഗഡ്കരി അഭിപ്രായപ്പെടുന്നത്. 

കര്‍ഷകരുടെ പക്കല്‍ നിന്ന് പ്രദേശികമായി വികസിപ്പിക്കുന്ന എഥനോളാണ് നമ്മള്‍ സ്വീകരിക്കുന്നത്. തരതമ്യേന കുറഞ്ഞ ചെലവിലാണ് ഇത് വികസിപ്പിക്കുന്നത്. സാധാരണ പെട്രോളിനെക്കാള്‍ വില കുറവും വാഹനങ്ങള്‍ക്ക് കുറഞ്ഞ പ്രവര്‍ത്തന ചെലവുമാണ് ഇതിന്റെ പ്രധാന ഗുണങ്ങള്‍. ഇതിനെക്കാള്‍ ഉപരി മലിനീകരണമുണ്ടാക്കുന്ന പുക ഇതില്‍ നിന്ന് പുറന്തള്ളുന്നില്ലെന്നും പൂര്‍ണമായും പ്രകൃതി സൗഹാര്‍ദമാണെന്നുമാണ് മന്ത്രി നിതിന്‍ ഗഡ്കരി അവകാശപ്പെടുന്നത്. 

ഇന്നോവ ഹൈക്രോസിന്റെ ഹൈബ്രിഡ് പതിപ്പാണ് എന്റെ കൈവശമുള്ള ഈ വാഹനം. ഇത് ഉയര്‍ന്ന ഇന്ധനക്ഷമതയും ഉറപ്പാക്കുന്നുണ്ട്. 100 ശതമാനവും പെട്രോളിലും 100 ശതമാനവും എഥനോളിലും ഓടാന്‍ കഴിയുന്നുവെന്നതാണ് ഈ വാഹനത്തിന്റെ സവിശേഷത. അനായാസം ഇത് രണ്ട് ഇന്ധനങ്ങളിലേക്കും മാറ്റാനും സാധിക്കുമെന്നാണ് നിതിന്‍ ഗഡ്കരി പറയുന്നത്. ഈ വാഹനത്തിന് മറ്റ് സാങ്കേതിക പ്രശ്‌നങ്ങള്‍ ഒന്നും സംഭവിക്കിലെന്നും അദ്ദേഹം ഉറപ്പിച്ചുപറയുന്നു. 

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ടൊയോട്ട പൂര്‍ണമായും എഥനോള്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഇന്നോവ ഹൈക്രോസ് മോഡല്‍ പുറത്തിറക്കിയത്. ഇ100 ഇന്ധന വിഭാഗത്തിലാണ് ഈ വാഹനം എത്തിയിരിക്കുന്നത്. ഈ വാഹനത്തിന് പുറമെ, ടൊയോട്ടയുടെ തന്നെ ഫ്യുവല്‍ സെല്‍ മോഡലായ മിറായിയും നിതിന്‍ ഗഡ്കരിയുടെ ഗ്യാരേജിലുണ്ട്. 647 കിലോമീറ്റര്‍ റേഞ്ച് ഉറപ്പുനല്‍കുന്ന വാഹനമാണിത്. ഇതിനുപുറമെ, ബി.എം.ഡബ്ല്യുവിന്റെ ഇലക്ട്രിക് മോഡലായ ഐ.എക്‌സും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.

Content Highlights: Nitin Gadkari explain his ethanol powered Toyota Innova Hycross, Flux fuel car, nitin gadkari