കിക്കോഫ് മുന്നോടിയായി കിക്‌സിന്റെ ബുക്കിങ്ങ് തുറക്കാന്‍ നിസാന്‍; മേയ് 15 മുതല്‍ ബുക്കുചെയ്യാം

നിസാന്റെ മിഡ്-സൈസ് എസ്‌യുവിയായ കിക്‌സിന്റെ പുതിയ പതിപ്പ് നിരത്തുകളിലെത്താനൊരുങ്ങുകയാണ്. പുതിയ എന്‍ജിനിലും പുത്തന്‍ കരുത്തിലുമെത്തുന്ന ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങ് മേയ് 15 മുതല്‍ ആരംഭിക്കും. നിസാന്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലൂടെയാണ് ബുക്കിങ്ങ്. അതേസമയം, നിരത്തുകളിലെത്തുന്നത് സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ല.
വരവിന് മുമ്പുതന്നെ വാഹനത്തിന്റെ വേരിയന്റും ഫീച്ചറും സംബന്ധിച്ച വിവരങ്ങള്‍ നിസാന്‍ പുറത്തുവിട്ടിരുന്നു. XL,XV, XV Premium, XV Premium (O) എന്നീ നാല് വേരിയന്റുകളിലാണ് കിക്‌സ് എത്തുന്നത്. എന്നാല്‍, മുമ്പുണ്ടായിരുന്ന 1.5 പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ക്ക് പകരം 1.3 ലിറ്റര്‍ ടര്‍ബോടാചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലായിരിക്കും ഈ വാഹനം ഇത്തവണ നിരത്തുകളിലെത്തുന്നത്.
ബിഎസ്6 നിലാവാരത്തിലുള്ള 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലായിരിക്കും ഈ വാഹനമെത്തുന്നത്. 156 ബിഎച്ച്പി പവറും 245 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. ഈ എന്‍ജിന്‍ നല്‍കുന്നതോടെ മിഡ് സൈസ് എസ്‌യുവി ശ്രേണിയില്‍ ഏറ്റവും കരുത്തനായ വാഹനം എന്ന ഖ്യാതി കിക്‌സിന് സ്വന്തമാകും.
ഡെയിംലര്‍-നിസാന്‍-റെനോ കൂട്ടുക്കെട്ടില്‍ വികസിപ്പിച്ച ഈ പുതിയ എന്‍ജിനൊപ്പം ഈ വാഹനത്തിലെ ട്രാന്‍സ്മിഷനും കൂടുതല്‍ കാര്യക്ഷമമാകുന്നുണ്ട്. എട്ട് സ്പീഡ് സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിരിക്കും പുതിയ കിക്‌സില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.
ടര്‍ബോ എന്‍ജിനിലേക്ക് മാറുന്നതിനൊപ്പം ഓട്ടോമാറ്റിക് എസി, ക്രൂയിസ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ, മള്‍ട്ടിപ്പിള്‍ എയര്‍ബാഗ്, എബിഎസ്ഇബിഡി, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, തുടങ്ങിയ ഫീച്ചറുകളും ഈ വാഹനത്തില്‍ പുതുതായി സ്ഥാനം പിടിക്കുന്നുണ്ടെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന സൂചന.
വിദേശ നിരത്തുകളിലെ നിസാന്‍ കിക്‌സ് പുതിയ ഡിസൈന്‍ ശൈലിയിലേക്ക് മാറിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഡിസൈന്‍ ശൈലിയില്‍ കാര്യമായ മാറ്റം വരുത്താനിടയില്ല. ഇന്ത്യയിലെ എസ്‌യുവി ശ്രേണി വാഴുന്ന കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ, തുടങ്ങിയ വാഹനങ്ങളുമായായിരിക്കും നിസാന്‍ കിക്‌സ് ഇന്ത്യയില്‍ ഏറ്റുമുട്ടുന്നത്.
Content Highlights: Nissan New kicks Booking Starts From May 15
Content Highlights: