ഇത്തവണ കിക്‌സ് വേറെ ലെവലാണ്; മുഖം മിനുക്കിയ നിസാന്‍ കിക്‌സ് എത്തിത്തുടങ്ങി

Image Courtesy: Nissan Kicks Club Thailand
Image Courtesy: Nissan Kicks Club Thailand

ആഗോളതലത്തില്‍ തന്നെ ശ്രദ്ധനേടിയ നിസാന്റെ എസ്‌യുവി മോഡലാണ് കിക്‌സ്. അടുത്ത കാലത്ത് നിസാന്‍ ഇന്ത്യയിലെത്തിച്ചതില്‍ ജനങ്ങള്‍ ഏറ്റെടുത്ത വാഹനവും കിക്‌സാണ്. കോംപാക്ട് എസ്‌യുവി ശ്രേണിയിലെ കരുത്താനായ ഈ വാഹനത്തിന്റെ പുതിയ പതിപ്പ് നിരത്തുകളിലെത്താനൊരുങ്ങിയിരിക്കുകയാണ്. 

മുഖം മിനുക്കിയെത്തിയ നിസാന്‍ കിക്‌സിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍, ഈ വാഹനം എത്തിയിരിക്കുന്നത് ഇന്ത്യയിലല്ല, തായ്‌ലാന്‍ഡില്‍ നിന്നുള്ള നിസാന്‍ കിക്‌സിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏറെ വൈകാതെ തന്നെ ഈ വാഹനം ഇന്ത്യയിലെത്തുമെന്നാണ് വിവരം.

നിസാന്‍ തായ്‌ലാന്‍ഡില്‍ ഇറക്കിയിട്ടുള്ള കിക്‌സ് താരതമ്യേന ചെറിയ വാഹനമാണ്. നിസാന്റെ വി പ്ലാറ്റ്‌ഫോമിലാണ് തായ്‌ലാന്‍ഡിലെത്തുന്ന കിക്‌സ് ഒരുങ്ങിയിരിക്കുന്നത്. അതേസമയം, ഇന്ത്യയില്‍ ഈ വാഹനത്തിന് അടിസ്ഥാനമൊരുക്കുന്നത് റെനോയുടെ ബി0 പ്ലാറ്റ്‌ഫോമാണ്. ഇത് രണ്ടും വ്യത്യസ്ത വാഹനമാണെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ഒരേ ഡിസൈനിലാണ് രണ്ട് വാഹനവും ഒരുങ്ങിയിട്ടുള്ളത്. വി ഷേപ്പില്‍ ക്രോമിയം ബോഡറുകള്‍ നല്‍കിയുള്ള വലിയ ഗ്രില്ല്, ഡിആര്‍എല്‍ നല്‍കിയുള്ള നീളമുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, ബമ്പറിന്റെ വശങ്ങളിലായി അകത്തേക്ക് വലിഞ്ഞിരിക്കുന്ന ഫോഗ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ ഫിനീഷിലുള്ള മസ്‌കുലര്‍ ബമ്പര്‍ എന്നിവയാണ് ഈ വാഹനത്തിന്റെ മുന്‍വശം. 

ഇന്റീരിയര്‍ സംബന്ധിച്ച സൂചനകള്‍ ഒന്നും ലഭ്യമായിട്ടില്ല. അതേസമയം, ഇന്ത്യയിലെ എസ്‌യുവി ശ്രേണി വാഴുന്ന കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ, തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാന്‍ കഴിയുന്ന ഫീച്ചറുകളും സൗകര്യങ്ങളും 2020 മോഡല്‍ നിസാന്‍ കിക്‌സില്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചനകള്‍.

1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ കെ9കെ ഡീസല്‍ എന്‍ജിനുകളിലാണ് നിസാന്‍ കിക്‌സ് ഇന്ത്യയിലെത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 104 ബിഎച്ച്പി പവറും 142 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 108 ബിഎച്ച്പി പവറും 240 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എന്നാല്‍, ബിഎസ്-6 ഡീസല്‍ പതിപ്പ് എത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Content Highlights: Nissan Kicks Facelift Model Spotted In Thailand

Content Highlights: