മെയ്ഡ് ഇന്‍ ഇന്ത്യ വാഹനങ്ങളിൽ ലോകത്തിന് വിശ്വാസം; 12 ലക്ഷം വാഹനങ്ങള്‍ കടല്‍ കടത്തി നിസാന്‍

മാഗ്‌നൈറ്റ് എന്ന ഒരൊറ്റ വാഹനത്തിന്റെ കരുത്തിലാണ് നിസാന്‍ ഇന്ത്യയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നത്. ഇതിനിടയില്‍ എക്‌സ്-ട്രെയില്‍ എത്തിച്ചെങ്കിലും ഈ വാഹനത്തിന് ഇന്ത്യന്‍ വിപണിയില്‍ ക്ലെച്ച് പിടിക്കാന്‍ സാധിച്ചില്ല. ആഭ്യന്തര വിപണിയില്‍ വില്‍പ്പന കുറവാണെങ്കിലും നിസാനെ സംബന്ധിച്ച് ഇന്ത്യ അവരുടെ കയറ്റുമതി ഹബ്ബാണ്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് കമ്പനിയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള കയറ്റുമതിയുടെ കണക്കുകള്‍.
നിസാന്‍ ഇന്ത്യ പുറത്തുവിട്ട കണക്ക് അനുസരിച്ച് ഇന്ത്യയില്‍ നിര്‍മിച്ച 12 ലക്ഷം വാഹനങ്ങളാണ് ഇതുവരെ ലോകത്തിന്റെ വിവധ കോണുകളിലേക്ക് കയറ്റുമതി ചെയ്തത്. 12 ലക്ഷം വാഹനങ്ങളുടെ കയറ്റുമതി പൂര്‍ത്തിയാക്കുന്ന ബാച്ച് കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിലെ കാമരാജര്‍ പോര്‍ട്ടില്‍ നിന്ന് കടല്‍കടന്നത്. ഇന്ത്യയില്‍ നിര്‍മിച്ച മാഗ്‌നൈറ്റ് എസ്‌യുവികള്‍ ജിസിസി രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്തതെന്നാണ് നിസാന്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.
നിലവില്‍ ഇന്ത്യയില്‍ മാഗ്‌നൈറ്റ് മാത്രമാണ് വില്‍പ്പനയ്ക്ക് എത്തുന്നതെങ്കിലും കയറ്റുമതി ചെയ്ത വാഹനങ്ങളുടെ പട്ടികയില്‍ നിരവധി മോഡലുകള്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് നിസാന്‍ കയറ്റുമതി ആരംഭിച്ചതിന് ശേഷം ഇവിടെ നിര്‍മിച്ച നിസാന്‍ മാഗ്‌നൈറ്റ്, സെഡാന്‍ മോഡലായ സണ്ണി, മിഡ് സൈസ് എസ്‌യുവി മോഡലായ കിക്ക്‌സ്, ഹാച്ച്ബാക്ക് മോഡലായ മൈക്ര എന്നീ മോഡലുകള്‍ കടല്‍കടന്നിട്ടുണ്ടെന്നാണ് നിസാന്‍ ഇന്ത്യ അവകാശപ്പെടുന്നത്.
ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ വിപണികളിലേക്ക് മെയ്ഡ് ഇന്ത്യ നിസാന്‍ വാഹനങ്ങള്‍ എത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന മാഗ്‌നൈറ്റ് എസ്‌യുവി 65-ല്‍ അധികം രാജ്യങ്ങളില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ ഡ്രൈവിങ് രീതികള്‍ക്ക് ഇണങ്ങുന്ന തരത്തില്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ്, റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നുമുണ്ട്.
ഇന്ത്യയില്‍ നിന്ന് 12 ലക്ഷം വാഹനങ്ങളുടെ കയറ്റുമതി സാധ്യമായത് നിസാനെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ്. ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങളില്‍ ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ അര്‍പ്പിക്കുന്ന വിശ്വാസവും നിസാന്‍ ടീമിന്റെ ആത്മാര്‍ഥമായ പരിശ്രമങ്ങളുടെയും ഫലമാണ് ഈ നേട്ടം. രാജ്യാര്‍തിര്‍ത്തികള്‍ക്ക് അതീതമായുള്ള ഡിസൈനും വാഹനങ്ങളുടെ ക്വാളിറ്റിയുമാണ് മാഗ്‌നൈറ്റ് എന്ന വാഹനത്തിന്റെ വിജയമെന്നും നിസാന്‍ അവകാശപ്പെടുന്നു.
Content Highlights: Nissan India celebrates a major milestone, exporting 1.2 million vehicles made in India globally. Discover the success of `Make in India` cars like the Magnite.