ഇന്ത്യയില്‍ ന്യൂജെന്‍ വെന്യു, വെന്യു എന്‍ ലൈന്‍ മോഡലുകള്‍ അവതരിപ്പിച്ച് ഹ്യുണ്ടായി; വില 7.90 ലക്ഷം മുതല്‍

ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി നിരയിലേക്ക് പുതുതലമുറ വെന്യുവിനെ അവതരിപ്പിച്ച് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി. റെഗുലര്‍ വെന്യുവിന്റെ ഏഴ് വേരിയന്റും രണ്ട് എന്‍ലൈന്‍ പതിപ്പുകളും ചേര്‍ന്ന പുതുതലമുറ വെന്യുവിന് 7.90 ലക്ഷം രൂപയിലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. HX2,HX4, HX5, HX6, HX7, HX8, HX10 എന്നിങ്ങനെയാണ് റെഗുലര്‍ വെന്യുവിന്റെ എക്‌സ്‌ഷോറൂം വില. ഇതില്‍ HX2 പതിപ്പിന് 7.90 ലക്ഷവും HX4 വേരിയന്റിന് 8.80 ലക്ഷവും HX5 വേരിയന്റിന് 9.15 ലക്ഷവുമാണ് എക്‌സ്‌ഷോറൂം വില.
ഡിസൈനില്‍ വലിയ തോതില്‍ വരുത്തിയ അഴിച്ചുപണിയും വീല്‍ബേസിസും വലിപ്പത്തിലും വരുത്തിയ വര്‍ധനവുമാണ് വെന്യുവിന്റെ കാഴ്ചയിലെ മാറ്റം. എന്നാല്‍, സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഫീച്ചറുകള്‍ ഉള്‍പ്പെടെ സാങ്കേതിക മികവും ഇത്തവണ ഈ വാഹനത്തില്‍ വരുത്തിയിട്ടുണ്ട്. മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മുന്‍ മോഡലിനെ പിന്തുടര്‍ന്നാണ് പുതുതലമുറ മോഡലും എത്തിയിരിക്കുന്നത്. എന്നാല്‍, വെന്യു നിരയിലേക്ക് പുതിയൊരു ഡീസല്‍ ഓട്ടോമാറ്റിക് വകഭേദം കൂടി എത്തിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
എക്‌സ്റ്റീരിയര്‍
മുന്‍ മോഡലിനെ പൂര്‍ണമായും ഉടച്ചുവാര്‍ത്താണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. ബോള്‍ഡ് എന്ന വിശേഷണം ഏറ്റവും ഇണങ്ങുന്ന മുഖഭാവമാണ് പുതിയ വെന്യുവില്‍ വന്നിരിക്കുന്നത്. ട്വിന്‍ ഹോണ്‍ എല്‍ഇഡി ഡിആര്‍എല്‍, ക്വാഡ് ബീം എല്‍ഇഡി ഹെഡ്ലാമ്പ്, മസ്‌കുലര്‍ വീല്‍ ആര്‍ച്ചുകള്‍, ഡാര്‍ക്ക് ക്രോം റേഡിയേറ്റര്‍ ഗ്രില്ല്, 16 ഇഞ്ച് വലിപ്പമുള്ള ഡയമണ്ട് കട്ട് അലോയി വീലുകള്‍, ബ്രിഡ്ജ് ടൈപ്പ് റൂഫ് റെയില്‍, ഇന്‍-ഗ്ലാസ് വെന്യു എംബ്ലം തുടങ്ങിയവയാണ് എക്സ്റ്റീരിയറിലെ പുതുമകള്‍.
ഇന്റീരിയര്‍
ഫ്യൂച്ചറിസ്റ്റിക് ഫീച്ചറുകളാല്‍ സമ്പന്നമാണ് പുതിയ വെന്യുവിന്റെ അകത്തളം. ഹ്യുണ്ടായിയുടെ പൊതുസ്വഭാവമായ കണക്ടഡ് കാര്‍ സാങ്കേതികവിദ്യയുടെ അകമ്പടി ഈ വരവിലും ഉറപ്പാക്കിയിട്ടുണ്ട്. എച്ച് ആര്‍കിടെക്ചറിലാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. ഡാര്‍ക്ക് നേവി,ഡോവ് ഗ്രേ എന്നീ ഇരട്ട നിറങ്ങളാണ് ഇന്റീരിയറിന് നല്‍കിയിട്ടുള്ളത്. കോഫ് ടേബിള്‍ സെന്റര്‍ കണ്‍സോള്‍, ആംബിയന്റ് ലൈറ്റിങ്, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഡി-കട്ട് സ്റ്റിയറിങ് വീല്‍ എന്നിവയാണ് പ്രധാന കാഴ്ച.
പുതിയ വെന്യൂവിന്റെ സാങ്കേതിക മികവ് എടുത്ത കാണിക്കുന്നതാണ് ഡാഷ് ബോര്‍ഡില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന പനോരമിക് ഡിസ്പ്ലേ. 12.3 ഇഞ്ച് വലിപ്പത്തിലുള്ള രണ്ട് സ്‌ക്രീനുകളില്‍ ഒന്ന് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായും മറ്റൊന്നും ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററുമായി പ്രവര്‍ത്തിക്കുന്നു. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് അഡ്ജസ്റ്റ് ഡ്രൈവര്‍ സീറ്റ്, 2 സ്റ്റെപ്പ് റിക്ലൈനിങ് റിയര്‍ സീറ്റ്, റിയര്‍ എസി വെന്റ്, റിയര്‍ വിന്‍ഡോ സണ്‍ഷെയ്ഡ്, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള ആംറെസ്റ്റ് എന്നിങ്ങനെ നീളും മറ്റ് ഫീച്ചറുകള്‍.
എന്‍ജിന്‍ & ട്രാന്‍സ്മിഷന്‍
മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഇത്തവണയും വെന്യു എത്തിയിരിക്കുന്നത്. 83 പിഎസ് പവറും 114 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ കാപ്പ എംപിഐ പെട്രോള്‍, 120 പിഎസ് പവറും 172 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോ ജിഡിഐ പെട്രോള്‍, 116 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ സിആര്‍ഡിഐ ഡീസല്‍ എന്നിവയാണ് ഇതിലെ എന്‍ജിനുകള്‍. മാനുവല്‍, ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് എന്നിവയാണ് പുതിയ വെന്യുവിലും നല്‍കിയിട്ടുള്ള ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഏഴ് പെട്രോള്‍ വേരിയന്റുകളും നാല് ഡീസല്‍ വേരിയന്റുകളുമാണ് വെന്യുവിന്റെ നിരയിലുള്ളത്.
അളവുകള്‍
വലിപ്പത്തിലും മുന്‍ മോഡലിനെക്കാള്‍ വ്യത്യാസത്തോടെയാണ് പുതിയ വെന്യു എത്തിയിരിക്കുന്നത്. ഉയരം 48 എംഎം ഉയര്‍ത്തിയതിനൊപ്പം 30 എംഎം വീതിയും വര്‍ധിപ്പിച്ചിട്ടുണ്ട്. 20 എംഎമ്മിന്റെ വര്‍ധനവാണ് വീല്‍ബേസില്‍ വരുത്തിയിരിക്കുന്നത്. 3995 എംഎം നീളവും, 1800 എംഎം വീതിയും 1665 എംഎം ഉയരവും 2520 എംഎം വീല്‍ബേസുമാണ് പുതിയ വെന്യുവിനുള്ളത്. ആറ് മോണോടോള്‍ നിറങ്ങളിലും ആറ് ഡ്യുവല്‍ ടോണ്‍ ഫിനീഷിലുമാണ് പുതിയ വെന്യു നിരത്തുകളില്‍ എത്താനൊരുങ്ങുന്നത്.
സുരക്ഷ
വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ സംവിധാനങ്ങളാണ് ഹ്യുണ്ടായി വാഹനങ്ങളുടെ മുഖമുദ്ര. വെന്യുവും വെന്യു എന്‍ ലൈനും സുരക്ഷയില്‍ ബഹുകേമനാണ്. 21 സുരക്ഷ സംവിധാനങ്ങളുടെ അകമ്പടിയോടെ വികസിപ്പിച്ചിരിക്കുന്ന ലെവല്‍ 2 അഡാസ് സ്യൂട്ടാണ് വെന്യുവിലുള്ളത്. 70 അഡ്വാന്‍സ്ഡ് സുരക്ഷ ഫീച്ചറുകളും 41 അടിസ്ഥാന സുരക്ഷ സംവിധാനങ്ങളുമാണ് ഈ എസ്ുവിയിലുള്ളത്. ഇലക്ട്രാണിക് പാര്‍ക്കിങ് ബ്രേക്ക്, ടയര്‍ പ്രഷര്‍ മോണിറ്റര്‍ പോലെയുള്ള സംവിധാനങ്ങളും വെന്യു എന്‍ ലൈനില്‍ നല്‍കുന്നുണ്ട്.
Content Highlights: Hyundai launches the new generation Venue and Venue N Line in India. Discover updated design, tech, safety features, and pricing starting from ₹7.90 Lakhs.