കാർ വിപണിയിൽ ഡിസംബറിലും ചൂട്; എത്തുന്നത് രണ്ട് സെഡാനുകളും ഒരു എസ്.യു.വിയും

2024 അവസാനിക്കാറായെങ്കിലും പുത്തൻ വാഹനങ്ങളുടെ വരവ് തുടരുകയാണ്. ഹോണ്ട അമേസ്, ടൊയോട്ട കാംറി സെഡാനുകളുടെ പുതുതലമുറ മോഡലുകളാണ് ഈ മാസം പുറത്തിറങ്ങുന്നത്. കിയ സൈറോസ് എസ്.യു.വിയുടെ ആഗോള അരങ്ങേറ്റവും ഉണ്ടാകും.
ഹോണ്ട അമേസ്
വാഹനപ്രേമികളുടെ പ്രിയ സെഡാനാണ് ഹോണ്ട അമേസ്. അമേസിന്റെ പുതിയ മോഡൽ എത്തുന്നുവെന്ന വാർത്ത, ഹോണ്ട എന്ന ബ്രാൻഡിനേയും സെഡാൻ മോഡലുകളേയും ഇഷ്ടപ്പെടുന്നവർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വാഹനത്തിന്റെ മൂന്നാംതലമുറ മോഡൽ ഡിസംബര്‍ നാലിന് എത്തുകയാണ്. മാരുതി ഈയിടെ പുറത്തിറക്കിയ ഡിസയറിനു എതിരാളിയായിട്ടാകും അടിമുടി മാറ്റങ്ങളുമായി അമേസിന്റെ വരവ്.
വാഹനത്തിന്റെ ഇന്റീരിയർ, എക്സ്റ്റീരിയർ ചിത്രങ്ങൾ ഹോണ്ട നേരത്തേ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. പുറംഭാഗം ഹോണ്ട സിറ്റിയോടും ഉൾവശം എലവേറ്റ് എസ്.യു.വിയോടും സാമ്യമുള്ളതായാണ് ഈ ചിത്രങ്ങൾ വ്യക്തമാക്കുന്നത്. മുന്‍വശത്ത് അടിമുടി മാറ്റങ്ങളാണുള്ളത്. ഹെക്‌സാഗൊണല്‍ ഗ്രില്ലും സ്ലീക്ക് എല്‍.ഇ.ഡി. ഹെഡ്‌ലൈറ്റുകളും ഡി.ആര്‍.എല്ലും കാറിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു. ഇതിനൊപ്പം ഡ്യൂവല്‍ ടോണ്‍ അലോയിയും വാഹനത്തിനുണ്ട്.
ഗുണനിലവാരത്തിലും ഫീച്ചറുകളിലും മുൻഗാമിയേക്കാൾ മികച്ചതായിരിക്കും പുതിയ അമേസ് എന്ന് തീർച്ച. എന്നാൽ, മുൻമോഡലിൽ ഉണ്ടായിരുന്ന അതേ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനിലാകും മൂന്നാംതലമുറ അമേസും എത്തുക.
അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സ് ഓപ്ഷനിലും സി.വി.ടി. ഓപ്ഷനുമാകും ഉണ്ടാവുക. 87.7 ബി.എച്ച്.പി. കരുത്തും പരമാവധി 110 എന്‍.എം. ടോര്‍ക്കും ഈ എന്‍ജിന്‍ പുറത്തെടുക്കും. മൂന്നാംതലമുറ അമേസ് വിപണിയിലെത്തുന്നതോടെ കോംപാക്ട് സെഡാന്‍ വിപണിയില്‍ മത്സരം കടുക്കുമെന്ന് ഉറപ്പ്.
ടൊയോട്ട കാംറി
ടൊയോട്ടയുടെ പ്രീമിയം സെഡാന്‍ വാഹനമായ കാംറി ഹൈബ്രിഡിന്റെ മുഖംമിനുക്കിയ മോഡൽ ഡിസംബർ 11-ന് പുറത്തിറക്കും. മുൻഗാമിയുടേതിന് സമാനമായ മോഡുലാർ ടി.എൻ.ജി.എ-കെ പ്ലാറ്റ്ഫോമിൽ തന്നെയാണ് പുതിയ മോഡലും ഒരുക്കിയിരിക്കുന്നത്.
കാഴ്ചയിൽ മുൻമോഡലിനോട് ഏറെ സാമ്യമുള്ളതാണ് ഡിസൈൻ. നീളം അൽപം വർധിച്ചിട്ടുണ്ടെങ്കിലും വീൽ ബേസിൽ മാറ്റമില്ല. പൂർണമായും പുതിയ ഡാഷ്ബോർഡാണ് അകത്തളത്തെ പ്രത്യേകത. ഡിജിറ്റൽ ഇൻട്രുമെന്റ് ക്ലസ്റ്ററും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലും ഉൾപ്പടെ നിരവധി ഫീച്ചറുകളാണുള്ളത്.
2.5 ലിറ്റര്‍ 4സിലിണ്ടർ പെട്രോള്‍ എൻജിനാണ് കാംറിയുടെ ഹൃദയം. എന്‍ജിനും സെല്‍ഫ് ചാര്‍ജിങ്ങ് ഇലക്ട്രിക് മോട്ടോറുകളും ചേര്‍ന്ന് 227 എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്.
കിയ സൈറസ്
കോംപാക്ട് എസ്.യു.വി വിപണി പിടിച്ചെടുക്കാൻ കിയ കുടുംബത്തിൽനിന്നും എത്തുന്ന പുതിയ എസ്.യു.വി സൈറസിന്റെ ആഗോള അരങ്ങേറ്റം ഡിസംബർ 19-ന് നടക്കും. ബോക്സ് ടോൾബോയ് ഡിസൈനിലാകും പുതിയ മോഡലിനെ കിയ അവതരിപ്പിക്കുക. ഇന്ത്യയിൽ നിരവധി വാഹനങ്ങളിൽ കിയയും ഹ്യുണ്ടായിയും ഉപയോഗിച്ച 1ലിറ്റർ ടർബോ പെട്രോൾ, 1.5 ഡീസൽ എൻജിൻ ഓപ്ഷനുകളിലാണ് സൈറസ് എത്തുകയെന്നാണ് റിപ്പോർട്ട്.
വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പും വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിയ സോണറ്റിന് മുകളിൽ സ്ഥാനംപിടിച്ചിരിക്കുന്ന വാഹനത്തിന്റെ ലോഞ്ച് 2025 ജനുവരിയിലേ ഉണ്ടാകൂ. ജനുവരിയിലെ ഭാരത് മൊബിലിറ്റി ഷോയിൽ വാഹനത്തിന്റെ വില പ്രഖ്യാപിക്കുമെന്നാണ് വിവരം. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ വിതരണം ആരംഭിച്ചേക്കും.
സൈറസ് എസ്.യു.വിയുടെ ആദ്യ ടീസർ നേരത്തേ കിയ പുറത്തിറക്കിയിരുന്നു. സ്‌റ്റൈലിന് പ്രാധാന്യം നല്‍കിയാണ് പുതിയ വാഹനത്തെ കിയ ഒരുക്കിയിരിക്കുന്നത് എന്ന് ടീസറിൽ വ്യക്തമാണ്.
വിശാലമായ ഇന്റീരിയറാണ് സൈറസിനെ എതിരാളികളില്‍ നിന്ന് വ്യത്യസ്തമാക്കുക. മുന്നിലും പിന്നിലും വെന്റിലേറ്റഡ് സീറ്റുകൾ, 360ഡിഗ്രി ക്യാമറ, സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകള്‍ക്കൊപ്പം ലെവല്‍-2 അഡാസ് ഫീച്ചറും ഈ വാഹനത്തില്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തേ, സൈറസിന്റെ പരീക്ഷണയോട്ട ചിത്രങ്ങളും പുറത്തുവന്നിരുന്നു.
Content Highlights: New honda kia toyota car launches unveils in December