മാസ് മേയ്! എംപിവിയും ഹാച്ച്ബാക്കും ഇവിയും, ഈ മാസം വമ്പൻ എൻട്രികൾ

.
.

എംപിവികളും ഹാച്ച് ബാക്കുകളും ഇവികളും ഉൾപ്പടെ പ്രധാന ലോഞ്ചുകൾക്കാണ് മേയ് മാസം സാക്ഷ്യംവഹിക്കുക. അവ ഏതെല്ലാം മോഡലുകളാണെന്നും പ്രത്യേകതകൾ എന്തെല്ലാമാണെന്നും പരിശോധിക്കാം. 

ക്ലാവിസിന്റെ ടീസറിൽനിന്ന്

കിയ ക്ലാവീസ്  

പുതിയ ക്ലാവീസിന്റെ വരവോടെയായിരിക്കും ഈ മാസത്തെ ലോഞ്ചുകളുടെ നിര ആരംഭിക്കുന്നത്. നിലവിൽ വിൽപ്പനയിലുള്ള കാരെൻസിൻ്റെ ഒരു അപ്‌ഡേറ്റ് അല്ല ക്ലാവീസ് എന്നും, ഇത് ഒരു പുതിയ പേരോടെ ശ്രേണിയിലേക്കുള്ള കൂട്ടിച്ചേർക്കൽ ആയിരിക്കുമെന്നും നിർമാതാക്കൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മേയ് എട്ടിന് വാഹനം ലോഞ്ച് ചെയ്യും.

പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, ഇരുവശത്തും പുതിയ ലൈറ്റിങ്ങ് ഘടകങ്ങൾ, പുതിയ അലോയ് വീലുകൾ, എൽഇഡി ലൈറ്റ് ബാറുകൾ എന്നിവയുടെ രൂപത്തിൽ അപ്ഡേറ്റുകൾ ഉണ്ടാകും. 360-ഡിഗ്രി ക്യാമറ, അഡാസ്, പനോരമിക് സൺറൂഫ്, പുനർനിർമിച്ച ഡാഷ്‌ബോർഡ് എന്നിവയും പ്രതീക്ഷിക്കുന്നുണ്ട്. 1.5 ലിറ്റർ എൻഎ പെട്രോൾ, ടർബോ പെട്രോൾ, ഡീസൽ എൻജിനുകളാവും വാഹനത്തിലുണ്ടാവുക. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ഉണ്ടായിരിക്കും.  

പുത്തൻ അൾട്രോസിന്റെ ടീസറിൽനിന്ന്

ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് 

2020 ജനുവരിയിൽ പുറത്തിറങ്ങിയതിനുശേഷം ആൾട്രോസിന് ടാറ്റ നൽകുന്ന ആദ്യത്തെ പ്രധാന അപ്‌ഡേറ്റാണിത്. ലോഞ്ചിനോടൊപ്പം മേയ് 22-ന് വിലയും കമ്പനി പ്രഖ്യാപിക്കും. പുതുക്കിയ മുൻഭാഗം, പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, മാറ്റങ്ങൾ വരുത്തിയ ഗ്രിൽ, പുതിയ അലോയ് വീലുകൾ, ഫ്ലഷ്-ഫിറ്റിങ്ങ് ഡോർ ഹാൻഡിലുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതുക്കിയ അപ്ഹോൾസ്റ്ററി എന്നീ സവിശേഷതകളോടെയാകും പുത്തൻ അൾട്രോസ് എത്തുക. 

നിലവിലുള്ള അതേ പെട്രോൾ, ടർബോ-പെട്രോൾ, സിഎൻജി, ഡീസൽ പവർട്രെയിനുകളോടൊപ്പം മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ടൊയോട്ട ഗ്ലാൻസ, ഹ്യുണ്ടായ് i20,  മാരുതി ബലേനോ എന്നീ മോഡലുകളാണ് അൾട്രോസിന്റെ പ്രധാന എതിരാളികൾ. 

വിന്‍ഡ്‌സര്‍ ഇവിയുടെ ടീസറിൽനിന്ന്

വിന്‍ഡ്‌സർ

കൂടുതൽ റേഞ്ചും ഫീച്ചറുകളുമായി വിന്‍ഡ്‌സറിന്റെ പുതിയ ടോപ് സ്പെക് വേരിയന്റ് മേയ് ആറിന് ഇന്ത്യയിൽ അവതരിപ്പിക്കും. 'വിൻഡ്‌സർ പ്രൊ' എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്റെ ടീസർ വീ‍ഡിയോ കഴി‍‍ഞ്ഞദിവസം എംജി  പുറത്തിറക്കിയിരുന്നു. പുതിയ ബാറ്ററി പായ്ക്ക്, സ്റ്റൈൽ, കൂടുതൽ ഫീച്ചറുകൾ, സാങ്കേതികവിദ്യ എന്നിവയോടെയാകും പുത്തൻ വിൻഡ്സർ എത്തുക. ടോപ് സ്പെക്ക് എസെൻസ് വേരിയന്റിന് മുകളിലാകും ഇത് സ്ഥാനം പിടിക്കുക. 

അഡാസ് സുരക്ഷ ഉണ്ടാകുമെന്ന് ടീസറിൽ സ്ഥിരീകരിക്കുന്നുണ്ട്. വിന്‍ഡ്‌സറിന്റെ ഇന്തോനേഷ്യൻ പതിപ്പായ വുളിങ് ക്ലൗഡ് ഇവിയിലേതിന് സമാനമായ 50.6 kWh ബാറ്ററി ആയിരിക്കും പുതിയ മോഡലിലെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ റേഞ്ച് 460 കിലോമീറ്ററായി ഉയരും. നിലവിൽ 38 kWh ബാറ്ററി പാക്കിലാണ് എംജി വിൻഡ്‌സർ ലഭ്യമാകുന്നത്. 332 കിലോമീറ്ററാണ് റേഞ്ച്. 

പവേർഡ് ടെയിൽഗേറ്റ് ലഭിക്കുമെന്നാണ് വിവരം. ബ്രൗൺ ആക്‌സന്റുകളോടുകൂടിയ പുതിയ ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് കോപ്പർ ഇന്റീരിയർ തീം അകത്തളം മനോ​ഹരമാക്കും. പുതിയ അലോയ് വീൽ ഡിസൈനുകളും ഉണ്ടാകും. വാഹനത്തിലെ ബാറ്ററി ഉപയോ​ഗിച്ച് ചെറിയ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ സഹായിക്കുന്ന വെഹിക്കിൾ-ടു-ലോഡ് (V2L) ചാർജിങ്ങ് സംവിധാനവും പുത്തൻ മോഡലിനൊപ്പം ലഭിക്കും.  

ഗോള്‍ഫ് ജിടിഐ

ടിഗ്വാന്‍ ആർ-ലൈനിന് തൊട്ടുപിന്നാലെ, ഗോള്‍ഫ് ജിടിഐ എന്ന ഹോട്ട് ഹാച്ച്ബാക്ക് ഫോക്‌സ്‌വാഗണ്‍ ഇന്ത്യയിൽ അവതരിപ്പിക്കുകയാണ്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച യൂണിറ്റുകളായിരിക്കും ഇന്ത്യയില്‍ എത്തുക. അതിനാൽ  പരിമിതമായ ഗോള്‍ഫ് ജിടിഐകൾ മാത്രമേ വിൽപനയ്ക്ക് ഉണ്ടാകൂ എന്നാണ് സൂചന. മേയ് അഞ്ച് മുതല്‍ വാഹനത്തിന്റെ ബുക്കിങ് ഔദ്യോഗികമായി ആരംഭിക്കുമെന്നാണ് ഫോക്‌സ്‌വാഗണ്‍ അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മാത്രമായിരിക്കും ബുക്കിങ്. മേയ് മാസം വിപണയിൽ എത്തുമെങ്കിലും കൃത്യമായ തീയതി കമ്പനി പ്രഖ്യാപിട്ടില്ല.

2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 265 എച്ച്പി പവറും 370 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. 7സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് നല്‍കിയിട്ടുള്ളത്. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ വേണ്ടത് വെറും 5.9 സെക്കൻഡ് മാത്രമാണ്. 50 ലക്ഷം രൂപയായിരിക്കും വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് കരുതുന്നത്. 

Content Highlights: New Car Launches India May 2025