'ക്യാപ്റ്റൻ' ഇപ്പോഴും കൂൾ; ബസാൾട്ട് ഡാർക്ക് എഡിഷനിൽ ധോനി, ദൃശ്യങ്ങൾ പകർത്തി ആരാധകർ

ഇന്ത്യൻ ജേഴ്സി ഊരിവെച്ചതിനുശേഷം വിശ്രമ ജീവിതം ആസ്വദിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം താരം മഹേന്ദ്ര സിങ് ധോനി. 2007, 2011, 2013 ലോകകപ്പുകളിൽ ടീമിനെ നയിച്ചത് ഉൾപ്പെടെ ഒട്ടേറെ കാരണങ്ങളാൽ 'ക്യാപ്റ്റൻ കൂൾ' പ്രശസ്തനാണ്. വിവിധ ബ്രാൻഡുകളുടെ മുഖമായും അദ്ദേഹം അറിയപ്പെടുന്നു. കൂടാതെ കാറുകളുടെയും മോട്ടോർസൈക്കിളുകളുടെയും വലിയ ശേഖരത്തിന്റെ പേരിലും ധോനി ശ്രദ്ധേയനാണ്. ഇപ്പോഴിതാ, റാഞ്ചിയിലെ തന്റെ വസതിക്ക് സമീപം സിട്രോൺ ബസാൾട്ട് ഡാർക്ക് എഡിഷൽ ഡ്രൈവ് ചെയ്യുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോ പകർത്തുന്നവരെ കൈവീശി കാണിച്ചശേഷമാണ് അദ്ദേഹം വാഹനവുമായി പോയത്.
ഫ്രഞ്ച് കാർ നിർമാതാക്കളായ സിട്രോണിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡർകൂടിയാണ് ധോനി. ബസാൾട്ടിന്റെ ഡാർക്ക് എഡിഷൻ ആദ്യമായി സ്വന്തമാക്കിയ വ്യക്തിയും ധോനിയാണ്. അദ്ദേഹം സിട്രോണുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചതിന് പിന്നാലെ, സി3 എയര്‍ക്രോസിന്റെ ധോനി എഡിഷന്‍ 7 എന്ന മോഡല്‍ സിട്രോണ്‍ പുറത്തിറക്കിയിരുന്നു.
കാറുകളുടെയും മോട്ടോർസൈക്കിളുകളുടെയും വലിയ ആരാധകനാണ് എം.എസ്. ധോണി. മുൻ അഭിമുഖങ്ങളിൽ തന്റെ ഗാരേജിൽ 100-ൽ അധികം വിന്റേജ് ബൈക്കുകളുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ കാർ ശേഖരത്തിന്റെ ലിസ്റ്റും വലുതാണ്. ജീപ്പ് ഗ്രാൻഡ് ഷെറോക്കി ട്രാക്ക്ഹോക്ക്, നിസ്സാൻ 4ഡബ്ല്യു73, ഹമ്മർ എച്ച്2, റോൾസ് റോയ്സ് സിൽവർ ഷാഡോ, ഓഡി ക്യു7, മെഴ്സിഡീസ് ബെൻസ് ജിഎൽഇ എന്നിവയും അതിലേറെയും ഉൾപ്പെടുന്നു. കവാസാക്കി നിൻജ എച്ച്2, ഹാർലി-ഡേവിഡ്‌സൺ ഫാറ്റ് ബോയ്, കവാസാക്കി നിൻജ ZX-14R, യമഹ തണ്ടർകാറ്റ് എന്നിവയും അതിലേറെയും ഉൾപ്പെടുന്നു.
സിട്രോൺ ബസാൾട്ട് ഡാർക്ക് എഡിഷൻ
മുഴുവനായി കറുപ്പിൽ കുളിച്ചു നിൽക്കുന്ന രൂപമാണ് ബസാൾട്ട് ഡാർക്ക് എഡിഷന്. ഡാര്‍ക്ക് ക്രോം ഗ്രില്ല്, എല്‍ഇഡിയില്‍ തീര്‍ത്തിരിക്കുന്ന ഹെഡ്‌ലാമ്പും ഡിആര്‍എല്ലും അലോയി വീല്‍, റെഡ് ഇന്‍സേര്‍ട്ടുകള്‍ സൈഡ് ബോഡി മോള്‍ഡിങ്ങില്‍ നല്‍കിയിട്ടുള്ള ഗ്ലോസി ബ്ലാക്ക് നിറം തുടങ്ങിയവയാണ് റെഗുലര്‍ പതിപ്പില്‍ നിന്ന് ഡാര്‍ക്ക് എഡിഷന്‍ മോഡലിനെ വ്യത്യസ്തമാക്കുന്നത്.
മെട്രോപൊളിറ്റന്‍ ബ്ലാക്ക് ലെതര്‍ സീറ്റുകളാണ് ഇതിലുള്ളത്. ഇന്‍സ്ട്രുമെന്റ് പാനല്‍ പോലും ഈ ലെതര്‍ ഉപയോഗിച്ചാണ് ആവരണം ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ ഇന്റീരിയറിന് സ്‌പോര്‍ട്ടി ഭാവം നല്‍ക്കുന്നതിനായി കാര്‍ബണ്‍ ബ്ലാക്ക് നിറത്തില്‍ ലാവ റെഡ് ഇന്‍സേര്‍ട്ടുകളും നല്‍കിയിട്ടുണ്ട്. 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ, 1.2 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ രണ്ട് പവർട്രെയിൻ ഓപ്ഷനുകളിൽ സിട്രോൺ ബസാൾട്ട് ലഭ്യമാകും.
Content Highlights: MS Dhoni In Citroen Basalt Dark Edition