സ്വപ്‌നവാഹനം വീണ്ടും എത്തിച്ച് മിസ്തുബിഷി; പജേറോയുടെ തിരിച്ചുവരവിന് പിന്നിലെ കാരണങ്ങൾ പലതാണ്

ലോകത്താകമാനമുള്ള വാഹനപ്രേമികളുടെ സ്വപ്‌ന വാഹനമായിരുന്നു പജേറോ. പ്രത്യേകിച്ച് ഓഫ് റോഡ് ആരാധകരുടെ ബക്കറ്റ് ലിസ്റ്റിലെ സുപ്രധാന എസ്‌യുവി. ഇന്ത്യൻ നിരത്തുകളിൽ ഉൾപ്പെടെ താരപ്രഭയോടെ വിലസിയിരുന്ന ഈ വാഹനം 2020-ഓടെ ഇന്ത്യയിൽ നിന്നും 2021-ൽ ആഗോള വിപണിയിൽ നിന്നും നിർമാതാക്കളായ മിസ്തുബിഷി പിൻവലിച്ചിരുന്നെങ്കിലും അഞ്ച് വർഷങ്ങൾക്കിപ്പുറം വീണ്ടും വർധിത വീര്യത്തോടെ മടങ്ങി എത്തിയിരിക്കുകയാണ്.
ലാഡർ ഫ്രെയിം ഷാസിയിൽ, ഡീസൽ എൻജിന്റെ കുതിപ്പുമായി, ഓഫ് റോഡുകൾ കീഴടക്കുന്ന കരുത്തിലാണ് പജേറോ തിരിച്ചെത്തിയിരിക്കുന്നത്. എന്നാൽ, പജേറോയുടെ തിരിച്ചുവരവിൽ ഇന്ത്യക്കാർ അധികം ആനന്ദിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചാൽ, ഇല്ലെന്ന് തന്നെയാകും മറുപടി. കാരണം ഈ വാഹനം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള പദ്ധതികളൊന്നും തത്കാലം ഈ വാഹനം നിർമിച്ചവർക്ക് ഇല്ല. വിപണിയിലെ ഡിമാന്റ് പരിഗണിച്ചാണ് ഈ എസ്‌യുവിക്ക് പുനർജന്മം നൽകാൻ മിസ്തുബിഷി തീരുമാനിച്ചത്.
പുതുതലമുറ പജേറോ ആദ്യം എത്തുന്നത് സ്വന്തം രാജ്യമായ ജപ്പാനിൽ ആയിരിക്കില്ലെന്നതാണ് കൗതുകം. ആദ്യം തായ്‌ലാൻഡിൽ അവതരിപ്പിച്ച ശേഷം, 2027-ഓടെ ആയിരിക്കും ജപ്പാലും ഓസ്‌ട്രേലിയയിലും പുതിയ പജേറോ എത്തുന്നത്. മിസ്തുബിഷിയുടെ ട്രിറ്റോൺ പിക്ക്അപ്പിന് അടിസ്ഥാനമൊരുക്കുന്ന ലാഡർ ഫ്രെയിം ആർകിടെക്ചറാണ് പജേറോയിക്ക് അടിസ്ഥാനം. ഏഴ് സീറ്റർ എസ്‌യുവിയായി എത്തിയ ഈ വാഹനമായിരിക്കും മിസ്തുബിഷിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡൽ.
ഡിസൈൻ
മേഡോൺ ഡിസൈൻ ശൈലി അവലംബിച്ചാണ് പുതിയ പജേറോ ഒരുങ്ങിയിരിക്കുന്നത്. മിസ്തുബിഷിയുടെ എക്‌സ്‌ഫോഴ്‌സ്, ഡെസ്റ്റിനേറ്റർ തുടങ്ങിയ എസ്‌യുവികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈൻ. അപ്പോഴും പജേറോയുടെ റഫ് ലുക്ക് നിലനിർത്താൻ നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്. വലിയ ഗ്രില്ല്, വെർട്ടിക്കിളായി നൽകിയിട്ടുള്ള എൽഇഡി ഹെഡ്‌ലൈറ്റ്, ഗ്രില്ലിലുടെ നൽകിയിട്ടുള്ള എൽഇഡി ഡിആർഎൽ, മസ്‌കുലർ ബമ്പർ, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് ഈ വാഹനത്തിന് റഫ് ലുക്ക് നൽകുന്നത്.
ഫെൻഡറിൽ നൽകിയിട്ടുള്ള ബ്ലാക്ക് ഇൻസേർട്ട്, വീതി കുറഞ്ഞ വീൽ ആർച്ച്, ഡോറുകളിലെ ഷാർപ്പ് ലൈനുകൾ എന്നിവ വശങ്ങൾക്ക് കൃത്യമായി ബോക്‌സി ഭാവം നൽകുന്നുണ്ട്. 20 ഇഞ്ച് വലിപ്പമുള്ള ബ്ലാക്ക് അലോയി വീലുകളും ഓഫ് വാഹനത്തിന്റെ ഭാവം നൽകുന്നുണ്ട്. ഹെഡ്‌ലൈറ്റിന്റെ ഡിസൈനിന് സമാനമായാണ് ടെയ്ൽലാമ്പിന്റെയും രൂപം. ഈ രണ്ട് ലൈറ്റുകളെ കണക്ട് ചെയ്യുന്ന എൽഇഡി സ്ട്രിപ്പ് പജേറോ ബാഡ്ജിങ്ങിൽ സംഘമിക്കുന്നു. ബ്ലാക്ക് ഫിനീഷിങ് ബമ്പറാണ് പിൻഭാഗത്തെ മറ്റൊരു ആകർഷണം.
4920 എംഎം നീളവും 1925 എംഎം വീതിയും 1910 എംഎം ഉയരത്തിലുമാണ് പജേറോ ഒരുങ്ങിയിട്ടുള്ളത്. 2870 എംഎം എന്ന ഉയർന്ന വീൽബേസും പജേറോയിലുണ്ട്. മുൻ മോഡലുകളിലെ പജേറോയുടെ പിന്നിലെ ഡോറിലാണ് സ്‌പെയർ വീൽ നൽകിയുന്നതെങ്കിൽ ഇത്തവണ അത് ഫ്‌ളോറിന്റെ അടിയിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. വേരിയന്റുകൾക്ക് അനുസരിച്ച് ടയറിന്റെ വലിപ്പത്തിൽ മാറ്റം വരുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഉയർന്ന പതിപ്പിൽ 20 ഇഞ്ച് വീലാണ് നൽകിയിട്ടുള്ളത്.
അകത്തളം
കാഴ്ചയിലും സ്വഭാവത്തിലും ഒരു തികഞ്ഞ ഓഫ് റോഡ് വാഹനമാണെങ്കിൽ അകത്തളം ആഡംബര വാഹനങ്ങൾക്ക് സമമാണ്. 14.3 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ഫോർ സ്‌പോക്ക് സിറ്റിയറിങ് വീൽ, ഫിസിക്കൽ സ്വിച്ചുകളിൽ നിയന്ത്രിക്കുന്ന ക്ലൈമറ്റ് കൺട്രോൾ പാനൽ, ഫോർ വീൽ ഡ്രൈവ് സംവിധാനങ്ങൾ നിയന്ത്രിക്കുന്നതിലുള്ള റോട്ടറി കൺട്രോൾ, 12 സ്പീക്കറുകളുള്ള യമഹയുടെ ഓഡിയോ സിസ്റ്റം എന്നിവയാണ് ഇതിലെ ഫീച്ചറുകൾ.
മൂന്ന് നിരകളിലായി ഏഴ് പേർക്ക് യാത്ര ചെയ്യാവുന്ന വാഹനമാണിത്. രണ്ടാം നിരയിലെ സീറ്റുകൽ 150 എംഎം വരെ മുന്നോട്ട് നീക്കാനും പീർണമായും മടക്കി വെക്കാനും സാധിക്കും. ലെതർ സീറ്റുകളും സോഫ്റ്റ് ടച്ച് മെറ്റീരിയലുകളും ഉപയോഗിച്ചാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. ഡബ്ബിൾ ഗ്ലേസ്ഡ് സൈഡ് വിൻഡോയാണ് ഇതിൽ നൽകിയിരിക്കുന്നത്. അക്കോസ്റ്റിക് വിൻഡ് സ്‌ക്രീൻ, മാനുവൽ റിയർ സൺഷേഡ്, ഹീറ്റഡ് സംവിധാനമുള്ള സീറ്റുകൾ തുടങ്ങിയ സൗകര്യങ്ങളും അകത്തളത്തിൽ ഉറപ്പാക്കിയിട്ടുണ്ട്.
എൻജിൻ
2.4 ലിറ്റർ നാല് സിലണ്ടർ ടർബോ ഡീസൽ എൻജിനാണ് പജേറോയുടെ ഹൃദയം. 204 എച്ച്പി പവറും 480 എൻഎം ടോർക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്ന കരുത്ത്. ട്രൈറ്റോണിൽ നിന്ന് കടംകൊണ്ട എൻജിനാണെങ്കിലും ടോർക്ക് കൂടുതൽ പജേറോയിക്കാണ്. മിസ്തുബിഷിയുടെ പുതുതലമുറ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. സൂപ്പർ-ഓൾ വീൽ കൺട്രോൾ സംവിധാനം ഇതിലെ അടിസ്ഥാന ഫീച്ചറാണ്. ഫോർ വീൽ ഡ്രൈവ്, ആക്ടീവ് യോവ് കൺട്രോൾ, ട്രാക്ഷൻ ആൻഡ് സ്‌റ്റെബിലിറ്റി എന്നിവ നിയന്ത്രിക്കുന്ന ഈ സംവിധാനമാണ്.
മടങ്ങി വരവിനുള്ള കാരണം
പ്ലാറ്റ്‌ഫോം പങ്കിടാനുള്ള തീരുമാനമാണ് പജേറോ എന്ന വാഹനത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. പുതിയ പ്ലാറ്റ്‌ഫോം വികസിപ്പിക്കുകയെന്ന ചെലവേറിയ നീക്കത്തിന് പകരം മിസ്തുബിഷിയുടെ തന്നെ ട്രൈറ്റോൺ പിക്ക്അപ്പ് ട്രക്കിന്റെ പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ സാധിച്ചു. കരുത്തുറ്റ ഈ ഫ്രെയിമിൽ ഒരു എസ്‌യുവിക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്തിയോടെ വളരെ കുറഞ്ഞ ചെലവിൽ പജേറോയിക്ക് അടിസ്ഥാനമൊരുക്കാൻ മിസ്തുബിഷിക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയം.
പ്രീമിയം എസ്‌യുവികൾക്കുള്ള ആവശ്യം ആഗോളതലത്തിൽ തന്നെ ഉയർന്ന് വന്നുവെന്നതാണ് മറ്റൊരു കാരണം. ടൊയോട്ട ലാൻഡ് ക്രൂയിസർ, നിസാൻ, പട്രോൾ, ഫോർഡ് ബ്രോങ്കോ തുടങ്ങിയ വാഹനങ്ങളുടെ ഡിമാന്റ് ഉയർന്നാണ് ഇതിന്റെ തെളിവ്. വിപണിയിലെ ഈ ട്രെന്റ് പ്രയോജനപ്പെടുത്താനാകുമെന്ന ആത്മവിശ്വാസമാണ് പജേറോ എന്ന വാഹനത്തെ പുനർജീവിപ്പിക്കാൻ മിസ്തുബിഷിക്ക് പ്രചോദനമായത്.
Content Highlights: Mitsubishi Pajero returns after a 5-year hiatus with a ladder-frame chassis and robust off-road design., Powered by a 2.4-litre 4-cylinder turbo diesel engine producing 204 HP and 480 Nm of torque., Features a luxury 7-seater cabin with a 14.3-inch infotainment system and Yamaha audio system., Currently unavailable for the Indian market; launches in Thailand first, followed by Japan and Australia by 2027.