ലോക്ക്ഡൗണിലെ താരമായി ഥാറും ജിപ്‌സിയും; ഭക്ഷണവുമായി എത്തുന്നത് മലനിരകള്‍ കീഴടക്കി

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും മറ്റ് പല മേഖലകളിലുള്ളവരും മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നത്. ഈ ലോക്ക്ഡൗണ്‍ കാലത്ത് കരുത്തുകൊണ്ട് ജനങ്ങളെ സഹായിക്കുന്ന ചില വാഹനങ്ങളുമുണ്ട്. മഹീന്ദ്രയുടെ ഥാര്‍, മാരുതി ജിപ്‌സി എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ.
മലമുകളിലും മറ്റും താമസിക്കുകയും ഒറ്റപ്പെട്ട് പോകുകയും ചെയ്തിട്ടുള്ള ആളുകള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ആശ്രയിക്കുന്നത് ഈ രണ്ട് വാഹനങ്ങളെയാണ്. ത്രിപുരയിലെ ഗ്രാമപ്രദേശങ്ങളും മറ്റും ഭക്ഷണവും അവശ്യസാധനങ്ങളുമെത്താന്‍ ജിപ്‌സിയിലും ഥാറിലും മറ്റും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും പോകുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.
മഹീന്ദ്രയുടെ ഥാറിലും മാരുതിയുടെ ജിപ്‌സിയിലും മലപ്രദേശത്ത് താമസിക്കുന്ന ആളുകള്‍ക്കുള്ള ഭക്ഷണങ്ങളുമായി പോകുന്ന ത്രിപുര പോലീസിന്റെയും സൈനികരുടെയും ചിത്രങ്ങള്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതേതുടര്‍ന്നാണ് വാഹനപ്രേമികള്‍ ഈ ചിത്രം ഏറ്റെടുത്തത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസിന്റെയും സൈനികരുടെയും വാഹനമായി ഉപയോഗിക്കുന്ന മോഡലുകളാണ് മഹീന്ദ്ര ഥാറും മാരുതി ജിപ്‌സിയും. ഏത് പരിസ്ഥിതിയെയും ഏത് കാലവസ്ഥയെയും അതിജീവിക്കാനുള്ള കരുത്തും ശേഷിയുമാണ് ഈ രണ്ടുവാഹനങ്ങളുടെയും പ്രധാന പ്രത്യേകത.
മാരുതിയുടെ ഓഫ് റോഡ് മോഡലായ ജിപ്‌സിയുടെ ഉത്പാദനം കമ്പനി നിര്‍ത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സൈന്യത്തിനായി വീണ്ടും ജിപ്‌സി നിര്‍മിക്കാന്‍ കമ്പനി സന്നദ്ധത അറിയിക്കുകയായിരുന്നു. 3000 ജിപ്‌സിയാണ് മാരുതി സൈന്യത്തിനായി ഒരുക്കുന്നത്. മഹീന്ദ്രയുടെ ഥാറും ഇന്ത്യയിലെ പോലീസ് സൈനിക സേനയുടെ ഭാഗമാണ്.
Content Highlights: Military and Police Farce Using Mahindra Thar and Maruti Gypsy
Content Highlights: