എം.ജി. കോമറ്റിന് 4.99 ലക്ഷം രൂപ, ZS EV വില 13.99 ലക്ഷവും; വാഹനങ്ങളുടെ വില കുറച്ച് 'ബാസ്'

ബാസ് എന്ന ഒരു വാക്കിലൂടെ ഇലക്ട്രിക് വാഹനമേഖലയില്‍ വലിയൊരു മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ എം.ജി. മോട്ടോഴ്‌സ്. ബാറ്ററി ആസ് എ സര്‍വീസ് (ബാസ്) എന്നാണ് ബാസിന്റെ പൂര്‍ണരൂപം. ഇലക്ട്രിക് വാഹനം ബാറ്ററി ഇല്ലാതെ സ്വന്തമാക്കാന്‍ അവസരമൊരുക്കുകയും ബാറ്ററി വാടകയ്ക്ക് എടുക്കുകയും ചെയ്യുന്നതാണ് ബാറ്ററി ആസ് എ സര്‍വീസ് എന്നത് കൊണ്ട് എം.ജി. മോട്ടോഴ്‌സ് ഉദേശിക്കുന്നത്.
എം.ജി. മോട്ടോഴ്‌സിന്റെ വാഹനനിരയില്‍ ഏറ്റവുമൊടുവില്‍ എത്തിയ വിന്‍ഡ്‌സര്‍ ഇ.വിയിലാണ് ഈ പരീക്ഷണം ആദ്യമായി നടത്തുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനത്തില്‍ നിന്ന് എം.ജിയുടെ മറ്റ് മോഡലുകള്‍ക്കും ഈ സേവനം ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതായത് എം.ജി. കോമറ്റ് ഇ.വി, ഇസഡ്.എസ്. ഇ.വി. എന്നീ മോഡലുകളും ബാറ്ററിയില്ലാതെ സ്വന്തമാക്കാന്‍ സാധിക്കും. പിന്നീട് ബാറ്ററി വാടക അടിസ്ഥാനത്തിലും നേടാം.
ബാസ് സംവിധാനം പ്രയോജനപ്പെടുത്തുന്നതിലൂടെ വാഹനത്തിന്റെ വിലയില്‍ വലിയ കുറവാണുണ്ടാകുന്നത്. 4.99 ലക്ഷം രൂപയാണ് കോമറ്റ് ഇ.വിയുടെ വില വരുന്നത്. ബാറ്ററിയുടെ വാടകയായി കിലോമീറ്ററിന് 2.5 രൂപയാണ് ഈ വാഹനത്തിന് ഈടാക്കുക. അതുപോലെ തന്നെ ഇസഡ്.എസ്. ഇ.വിയുടെ വില 13.99 ലക്ഷം രൂപയായി കുറയ്ക്കാനും ബാസ് സംവിധാനത്തിലൂടെ സാധിക്കും. 4.5 രൂപയായിരിക്കും ഈ വാഹനത്തിന് ബാറ്ററിയുടെ വാടകയായി ഈടാക്കുക.
ഒരു വാഹനം സ്വന്തമാക്കുന്നതിനുള്ള പ്രാരംഭ ചെലവുകള്‍ കുറയ്ക്കുക എന്ന ഉദേശത്തോടെയാണ് ബാസ് സംവിധാനം ഒരുക്കുന്നതെന്നാണ് എം.ജി. മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. സാധാരണ നിലയിലും ഈ വാഹനം വാങ്ങാന്‍ സാധിക്കും. എം.ജി. കോമറ്റ് ഇ.വിക്ക് 6.99 ലക്ഷം രൂപ മുതല്‍ 9.53 ലക്ഷം രൂപ വരെയും എം.ജി. ഇസഡ്.എസ്. ഇലക്ട്രിക്കിന് 18.99 ലക്ഷം രൂപ മുതല്‍ 25.44 ലക്ഷം രൂപ വരെയുമാണ് സാധാരണ നിലയില്‍ എക്‌സ്‌ഷോറൂം വില വരുന്നത്.
ബാസ് സംവിധാനത്തില്‍ ബാറ്ററി സേവനം ഉറപ്പാക്കുന്നതിനായി നാല് കമ്പനികളാണ് എം.ജി. മോട്ടോഴ്‌സുമായി സഹകരിക്കുന്നത്. ബജാജ് ഫിനാന്‍സ്, ഹീറോഫിന്‍ കോര്‍പ്, ഇക്കോഫി ആന്‍ഡ് ഓട്ടോവെര്‍ട്ട്, വിദ്യുത്‌ടെക് എന്നിവയാണ് ഈ കമ്പനികള്‍. ഈ മൂന്ന് കമ്പനികളും ഇവരുടേതായി വാടക താരീഫുകളും ഒരുക്കിയിട്ടുണ്ട്. 1500 കിലോമീറ്റര്‍ പാക്കേജിന് കുറഞ്ഞത് 3.5 രൂപ നിരക്കിലാണ് പാക്കേജ് ആരംഭിക്കുന്നത്. അതായത് 1500 കിലോമീറ്റര്‍ ഓടുന്ന ഒരു വാഹന ഉടമ പ്രതിമാസം 5250 രൂപയാണ് വാടകയായി നല്‍കേണ്ടത്.
Content Highlights: MG Motors introduces BaaS, offering electric cars without battery ownership.