ഹെക്ടര്‍ പ്ലസ് നിരയില്‍ നിന്ന് സ്റ്റൈല്‍ ഒഴിയുന്നു...? ഇനിയെത്തുന്നത് സ്മാര്‍ട്ടും ഷാര്‍പ്പും മാത്രം

എംജി മോട്ടോഴ്‌സ് ഇന്ത്യയിലെത്തിച്ച മൂന്നാമത്തെ വാഹനമായിരുന്നു ഹെക്ടര്‍ പ്ലസ് എസ്.യു.വി. മൂന്ന് വേരിയന്റുകളില്‍ അവതരിപ്പിച്ച ഈ വാഹനത്തിന്റെ നിര ചുരുക്കിയിരിക്കുകയാണ്. സ്റ്റൈല്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നീ മൂന്ന് വേരിയന്റില്‍ അടിസ്ഥാന മോഡലായ സ്‌റ്റൈല്‍ വേരിയന്റാണ് ഈ നിരയില്‍ നിന്ന് നീക്കിയിരിക്കുന്നത്.
പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ എത്തിയിരുന്ന സ്‌റ്റൈല്‍ വേരിയന്റിന് യഥാക്രമം 13.49 ലക്ഷം, 14.44 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറും വില. സ്‌റ്റൈല്‍ വേരിയന്റ് നീക്കിയതോടെ സ്മാര്‍ട്ട് വേരിയന്റ് ആയിരിക്കും ഹെക്ടര്‍ പ്ലസിന്റെ അടിസ്ഥാന വേരിയന്റ് ആകുന്നത്. ഇതിന് 16.69 ലക്ഷം രൂപയിലാണ് എക്‌സ്‌ഷോറും വില ആരംഭിക്കുന്നത്.
എന്നാല്‍, ഡീസല്‍ എന്‍ജിനില്‍ മാത്രം സൂപ്പര്‍ എന്ന വേരിയന്റിലും ഹെക്ടര്‍ പ്ലസ് എത്തുന്നുണ്ട്. ഈ വകഭേദത്തിന് 15.69 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ സ്മാട്ട് വേരിയന്റ് നിരത്തുകളില്‍ എത്തുന്നുണ്ട്. ഇതിനുപുറമെ, ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനാണ് ഹെക്ടര്‍ പ്ലസ് സ്മാര്‍ട്ട് വേരിയന്റിലെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്.
മൈല്‍ഡ് ഹൈബ്രിഡ് ഉള്‍പ്പെടെ രണ്ട് 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഹെക്ടര്‍ പ്ലസ് എത്തുന്നത്. ഡീസല്‍ എന്‍ജിന്‍ 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും ഹൈബ്രിഡ് എന്‍ജിന്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലെച്ച് എന്നിവയാണ് ട്രാന്‍സ്മിഷന്‍.
ലുക്കില്‍ ഹെക്ടറിനെക്കാള്‍ പ്രീമിയം ഭാവമുള്ള വാഹനമായാണ് ഹെക്ടര്‍ പ്ലസ് എത്തിയത്. ഗ്രില്ല് ഹെക്ടറിലേത് നിലനിര്‍ത്തിയെങ്കിലും ബമ്പറിലേക്ക് മാറ്റിയ ഹെഡ്ലൈറ്റ്, ഡിആര്‍എല്‍ തുടങ്ങിയവയുടെ ഡിസൈനില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. സ്‌കിഡ് പ്ലേറ്റും പ്ലാസ്റ്റിക് ക്ലാഡിങ്ങും നല്‍കിയ വലിയ ബംബറും ഹെക്ടര്‍ പ്ലസിലെ മാറ്റങ്ങളാണ്.
ഹെക്ടറിലെ 17 ഇഞ്ച് അലോയി വീല്‍ തന്നെയാണ് ഹെക്ടര്‍ പ്ലസിലുമുള്ളത്. സില്‍വര്‍ റൂഫ് റെയില്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, പുതിയ എല്‍ഇഡി ടെയ്ല്‍ലാമ്പ്, ക്രോമിയം ആവരണമുള്ള റിയര്‍ ഡിഫ്യൂസര്‍, പ്ലാസ്റ്റിക് ക്ലാഡിങ്ങും സില്‍വര്‍ സ്‌കിഡ് പ്ലേറ്റുമുള്ള റിയര്‍ ബംമ്പര്‍ എന്നിവയാണ് ഹെക്ടര്‍ പ്ലസില്‍ നല്‍കിയിട്ടുള്ള മറ്റ് പുതുമകള്‍.
Source: Carwale
Content Highlights: MG Hector Plus Style Variant Discontinued
Content Highlights: