ഇന്ത്യക്ക് വെറും മൂന്നെണ്ണം, വില 4.2 കോടി; മെയ്ബ SL680 മോണോഗ്രാം പുറത്തിറക്കി മെഴ്‌സിഡീസ്

മെഴ്‌സിഡീസ് മെയ്ബ, ഇന്ത്യയിലെ വാഹന വിപണിയില്‍ ആഡംബരത്തിന്റെ പര്യമായമാണ് ഈ നാമം. ഏറ്റവും മികച്ചതും സുരക്ഷിതവുമായ യാത്രയുമായിരുന്നു നാളിതുവരെയും മെയ്ബയുടെ മുഖമുദ്രയെങ്കില്‍ ഇനിയല്‍പ്പം സ്‌പോര്‍ട്ടി കൂടി ആക്കാനാണ് നിര്‍മാതാക്കളുടെ നീക്കം. ഇതിനായി മെയ്ബയുടെ ആദ്യ റോഡ്‌സ്റ്റര്‍ മോഡല്‍ കൂടി വിപണിയില്‍ എത്തിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. മെയ്ബ എസ്.എല്‍.680 മോണോഗ്രാം എന്ന പേരിലാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്.
ഇതുവരെ വിപണിയില്‍ എത്തിയിട്ടുള്ള മെയ്ബ മോഡലുകളില്‍ ഏറ്റവും സ്‌പോര്‍ട്ടി മോഡലാണ് ഈ റോഡ്‌സ്റ്റര്‍ പതിപ്പെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 4.2 കോടി രൂപയാണ് മെയ്ബ എസ്.എല്‍.680 മോണോഗ്രാം മോഡലിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. മെഴ്‌സിഡീസ് ഈ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ടെങ്കിലും വെറും മൂന്നെണ്ണം മാത്രമാണ് ഈ വര്‍ഷം ഇന്ത്യക്കായി അനുവദിച്ചിരിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
മുഖക്കാഴ്ചയില്‍ മറ്റ് മെയ്ബ സെഡാന്‍ മോഡലുകള്‍ക്ക് സമാനമാണ് മെയ്ബ എസ്.എല്‍.680-യും. വെര്‍ട്ടിക്കിള്‍ സ്ലോട്ടുകളായി നല്‍കിയിട്ടുള്ള ഗ്രില്ല്, മെയ്ബ ലെറ്ററിങ് എന്നിവയാണ് ഈ വാഹനത്തിന് മെയ്ബ മേല്‍വിലാസം നല്‍കുന്നത്. ഒബ്‌സീഡിയന്‍ ബ്ലാക്ക് നിറമാണ് ബോണറ്റിന് നല്‍കിയിരിക്കുന്നത്. മെയ്ബ ലോഗോയ്ക്ക് പകരം മെഴ്‌സിഡീസ് ത്രീ സ്റ്റാര്‍ ലോഗോയാണ് ബോണറ്റില്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍, വാഹനത്തിന്റെ സോഫ്റ്റ് റൂഫില്‍ മെയ്ബ ലോഗോ പതിപ്പിക്കാനുള്ള കസ്റ്റമൈസേഷന്‍ ഓപ്ഷന്‍ നല്‍കുന്നുണ്ട്.
21 ഇഞ്ച് വലിപ്പമുള്ള മെയ്ബ അലോയി വീലുകളാണ് ഈ വാഹനത്തെ റോഡുമായി ബന്ധിപ്പിക്കുന്നത്. ഡോറിന്റെ ഏറ്റവും താഴെയായി ക്രോമിയം പ്ലേറ്റിങ്ങിലുള്ള സ്ട്രിപ്പും ഡോര്‍ ഹാന്‍ഡില്‍, ഫെന്‍ഡര്‍ എന്നിവിടങ്ങളില്‍ ക്രോമിയം അലങ്കാരവും ഒരുക്കുന്നുണ്ട്. പിന്നിലെ ബമ്പറിലും എക്‌സ്‌ഹോസ്റ്റ് ടിപ്പുകളിലും വെള്ളി തിളക്കം എടുത്തുകാണിക്കുന്നുണ്ട്. മുന്നിലേയും പിന്നിലേയും ലൈറ്റുകളെല്ലാം എല്‍.ഇ.ഡിയിലാണ് തീര്‍ത്തിരിക്കുന്നത്.
ഒരു അത്യാഡംബര ടൂ സീറ്റര്‍ മോഡലാണ് മെയ്ബ എസ്.എല്‍.680 മോണോഗ്രാം പതിപ്പ്. രണ്ടുപേര്‍ക്കുള്ള യാത്ര ചെയ്യാവുന്ന ഈ വാഹനത്തിന്റെ അകത്തളത്തിന് തൂവെള്ള നിറത്തിലെ നാപ്പ ലെതറിന്റെ ആവരണമാണ് ഒരുക്കിയിരിക്കുന്നത്. ലോവര്‍ സ്‌പോക്കില്‍ മെയ്ബ ബാഡാജിങ് നല്‍കിയിട്ടുള്ള ത്രീ സ്‌പോക്ക് സ്റ്റിയറിങ് വീലാണ് ഈ വാഹനത്തിലുള്ളത്. ഹെഡ്‌റെസ്റ്റിന്റെ പിന്നിലും മെയ്ബ ബാഡ്ജിങ് നല്‍കുന്നുണ്ട്. 12.3 ഇഞ്ച് വലിപ്പമുള്ള ഡ്രൈവര്‍ ഡിസ്‌പ്ലേ, 11.9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും ഇതില്‍ നല്‍കുന്നുണ്ട്.
മെഴ്‌സിഡീസിന്റെ കരുത്തുറ്റ 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. 585 എച്ച്.പി. പവറും 800 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കേവലം 4.1 സെക്കന്റ് സമയമാണ് മെയ്ബ എസ്.എല്‍.680 മോഡലിന് വേണ്ടത്. മണിക്കൂറില്‍ 260 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത.
Content Highlights: Mercedes Limited edition Maybach SL 680 roadster launched in India