ഒറ്റച്ചാര്‍ജില്‍ 820 കിലോമീറ്റര്‍ ഓടും, 31മിനിറ്റില്‍ ഫുൾ ചാർജ്; EQS450 പുറത്തിറക്കി മെഴ്സിഡീസ്

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡീസ് ഇന്ത്യയിലെ വാഹന നിരയിലേക്ക് പുതിയൊരു ഇലക്ട്രിക് മോഡല്‍ കൂടി എത്തിച്ചിരിക്കുകയാണ്. ഇ.എക്യു.എസ്.450 എസ്.യു.വിയാണ് ഏറ്റവുമൊടുവിലായി ഇലക്ട്രിക് വാഹനനിരയില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. അഞ്ച് സീറ്റര്‍ എസ്.യു.വിയായി എത്തിയിട്ടുള്ള ഈ വാഹനത്തിന് 1.28 കോടി രൂപയാണ് എക്സ്ഷോറൂം വില. ജി 580 ഇലക്ട്രിക്കിനൊപ്പം ഭാരത് മൊബിലിറ്റി എക്സ്പോയില്‍ ഈ വാഹനവും പ്രദര്‍ശിപ്പിക്കും.
മെഴ്സിഡീസ് 2024-ല്‍ പുറത്തിറക്കിയ ഇ.ക്യു.എസ്.580 മോഡലുമായി മെക്കാനിക്കല്‍ ഫീച്ചറുകള്‍ പങ്കിട്ടാണ് ഇ.ക്യു.എസ്.450-യും എത്തിയിരിക്കുന്നത്. 122 കിലോവാട്ട് ബാറ്ററിപാക്കാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍, ഈ വാഹനം 820 കിലോമീറ്റര്‍ റേഞ്ച് ഉറപ്പാക്കുന്നുണ്ട്. 809 കിലോമീറ്ററായിരുന്നു ഇ.ക്യു.എസ്. 580-യുടെ റേഞ്ച്. അതേസമയം, പവറില്‍ ഈ വാഹനം അല്‍പ്പം പിന്നിലാണ്. 360 എച്ച്.പി. പവറും 800 എന്‍.എം.ടോര്‍ക്കുമാണ് ഇ.ക്യു.എസ്. 450-യിലെ ഇലക്ട്രിക് മോഡല്‍ ഉത്പാദിപ്പിക്കുന്ന പവര്‍.
സ്പീഡ് ചാര്‍ജിങ്ങിനുള്ള ഓപ്ഷനുള്‍പ്പെടെ നല്‍കിയാണ് മെഴ്സിഡീസ് ഇ.ക്യു.എസ്.450 എസ്.യു.വി. എത്തിച്ചിരിക്കുന്നത്. 200 കിലോവാട്ട് ഡി.സി. ചാര്‍ജര്‍ ഉപയോഗിച്ച് 31 മിനിറ്റിനുള്ളില്‍ പത്ത് ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. എന്നാല്‍, 22 കിലോവാട്ട് എ.സി. വാള് ബോക്സ് ചാര്‍ജര്‍ ഉപയോഗിച്ച് 6.25 മണിക്കൂറില്‍ ബാറ്ററി പൂജ്യത്തില്‍ നിന്ന് 100 ശതമാനം ചാര്‍ജ് ചെയ്യാം. 6.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും.
ഇ.ക്യു.എസ്. 580-യ്ക്ക് സമാനമായ ഡിസൈനിലാണ് പുതിയ മോഡലും ഒരുക്കിയിരിക്കുന്നത്. ക്ലോസ്ഡ് ഗ്രില്ല്, എല്‍.ഇ.ഡി. ഡി.ആര്.എല്ലും കണക്ടഡ് ലൈറ്റ് സ്ട്രിപ്പും പ്രൊജക്ഷന് ഹെഡ്ലാമ്പും ചേരുന്നതാണ് ഹെഡ്ലാമ്പ് യൂണിറ്റ്. ബമ്പറിന്റെ ഡിസൈന്‍ 580-യിലേതിന് സമാനമാണ്. ഇലക്ട്രിക് ആര്‍ട്ട് ലൈന്‍ എന്ന മേഴ്സിഡീസ് വിശേഷിപ്പിക്കുന്ന 21 ഇഞ്ച് പെയിന്റഡ് അലോയി വീല്‍ ഈ വാഹനത്തെ 580-യില്‍ ന്ിന്ന് വ്യത്യസ്മാക്കുന്നുണ്ട്. എ.എം.ജി. ലൈന്‍ വീലാണ് ഇ.ക്യു.എസ്. 580-യിലുള്ളത്.
ഇന്റീരിയറിന്റെ ലേഔട്ടും ഇ.ക്യു.എസ്. 580-ക്ക് സമാനമാണ്. എന്നാല്‍, ഇത് ഇഞ്ച് സീറ്റര്‍ എസ്.യു.വിയായതിനാല്‍ മുന്നാം നിര സീറ്റുകളുടെ സ്ഥാനത്ത് ഉയര്‍ന്ന ലഗേജ് സ്പേസാണ് നല്‍കിയിട്ടുള്ളത്. 56 ഇഞ്ച് ഹൈപ്പര്‍ സ്ക്രീന്‍ ഉള്‍പ്പെടെ ഫീച്ചറുകളും ഇരുവാഹനങ്ങളും പങ്കിടുന്നുണ്ട്. 17.7 ഇഞ്ച് വലിപ്പത്തിലുള്ള പാസഞ്ചര്‍ സ്ക്രീനും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ 15 സ്പീക്കര്‍ ബര്‍മെസ്റ്റര്‍ ഓഡിയോ സിസ്റ്റം എന്നിവയും ഈ വാഹനത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
Content Highlights: Mercedes-Benz launches its new EQS 450 electric SUV in India