വാഗൺആർ ബയോഫ്‌ളെക്‌സ് ഇനി എല്ലാവർക്കും; ഫ്‌ളെക്‌സ് ഫ്യുവലിൽ ഒരുമുഴം മുന്നേ മാരുതി

#Auto Desk
മാരുതി സുസുക്കി പ്രദര്‍ശനത്തിന് എത്തിച്ച ഫ്‌ളെക്‌സ് ഫ്യൂവല്‍ വാഗണ്‍ആര്‍ | Photo: PTI
മാരുതി സുസുക്കി പ്രദര്‍ശനത്തിന് എത്തിച്ച ഫ്‌ളെക്‌സ് ഫ്യൂവല്‍ വാഗണ്‍ആര്‍ | Photo: PTI

ഫ്‌ളെക്‌സ് ഫ്യുവൽ വാഹനങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ ഒരുമുഴം മുന്നേ സഞ്ചരിച്ച വാഹന നിർമാതാക്കളാണ് മാരുതി സുസുക്കി. വാഗൺആർ എന്ന ഹാച്ച്ബാക്ക് മോഡലിന്റെ ബയോഫ്യുവൽ പതിപ്പ് അവതരിപ്പിച്ചാണ് മാരുതി സുസുക്കി ഫ്‌ളെക്‌സ് ഫ്യുവൽ വാഹന വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വില പ്രഖ്യാപിച്ച വാഗൺആർ ബയോഫ്‌ളെക്‌സ് എല്ലാവർക്കും നൽകാനുള്ള തീരുമാനത്തിൽ എത്തിയിരിക്കുകയാണ് മാരുതി സുസുക്കി.

വാഹനത്തിന്റെ വില പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ ഈ വാഹനം ടാക്‌സി ആവശ്യങ്ങൾക്ക് മാത്രം നൽകാനായിരുന്നു നിർമാതാക്കളുടെ തീരുമാനം. എന്നാൽ, ഏതാനും ദിവസങ്ങൾക്ക് ഇപ്പുറമാണ് സ്വകാര്യ ഉപയോക്താക്കൾക്കും നൽകാൻ തീരുമാനിക്കുന്നത്. റെഗുലർ വാഗൺആറിന്റെ ഉയർന്ന പതിപ്പിനെ അടിസ്ഥാനമാക്കിയാണ് ഫ്‌ളെക്‌സ് ഫ്യുവൽ മോഡലായ ബയോ ഫ്‌ളെക്‌സ് ഒരുങ്ങിയിരിക്കുന്നത്. 7.24 ലക്ഷം രൂപയിലാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത്.

ജൂൺ നാലിന് ഇന്ത്യയിൽ അവതരിപ്പിച്ച വാഗൺആർ ബയോഫ്‌ളെക്‌സ് പതിപ്പിന്റെ വിതരണം ആരംഭിച്ചതായാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്. ആദ്യദിനം വാഹനത്തിന്റെ 13 യൂണിറ്റുകൾ വിതരണം ചെയ്തതായിഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ (ഐഎസ്എംഎ) ആണ് ആദ്യ ഉപയോക്താക്കളിലൊന്ന് എന്നും ഇവരുടെ റിപ്പോർട്ടിലുണ്ട്.

റെഗുലർ വാഗൺആറിൽ നൽകിയിട്ടുള്ള കെ12എൻ 1.2 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനാണ് ബയോഫ്ളെക്സ് ഫ്യുവൽ പതിപ്പിലും നൽകിയിരിക്കുന്നത്. എന്നാൽ, ഇ85 ഇന്ധനത്തെ ഉൾക്കൊള്ളാൻ ഉതകുന്ന മാറ്റങ്ങൾ എൻജിനിലും വരുത്തിയിട്ടുണ്ട്. എഥനോളിന്റെ അളവ് കൂടുതലായതിനാൽ തന്നെ ഇൻജെക്ടറുകൾ, ഫ്യുവൽ പമ്പ്, ഫ്യുവൽ ലൈനുകൾ, റീകാലിബ്രേറ്റഡറ്റ് ഇസിയു, എഥനോൾ സെൻസറുകൾ എന്നിവയാണ് എൻജിനിൽ വരുത്താനിടയുള്ള മാറ്റങ്ങൾ.

എൻജിൻ ഉത്പാദിപ്പിക്കുന്ന പവർ, ഇന്ധനക്ഷമത തുടങ്ങിയ മെക്കാനിക്കൽ സവിശേഷതകൾ ഇപ്പോഴും മാരുതി സുസുക്കി വെളിപ്പെടുത്തിയിട്ടില്ല. 1.2 ലിറ്റർ എൻജിൻ നൽകിയിട്ടുള്ള റെഗുലർ വാഗൺആർ 91 എച്ച്പി പവറും 114 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇ100 മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനമാണ് വാഗൺആർ ബയോഫ്ളെക്സ് എങ്കിലും ഇ85 ഇന്ധനത്തിലായിരിക്കും ഇത് പ്രവർത്തിക്കുകയെന്നാണ് നിർമാതാക്കൾ അറിയിച്ചത്.

Content Highlights: Maruti WagonR Bio-Flex now open for private retail customers., Priced at ₹7.24 Lakh (ex-showroom)., Engine optimized for E85 ethanol fuel blends., Equipped with 1.2L K12N petrol engine with upgraded fuel systems., First 13 units delivered to customers including ISMA.