ഇടിപരീക്ഷയില്‍ അടിച്ച് കയറി സ്വിഫ്റ്റ്, യൂറോ എന്‍ക്യാപിക്കില്‍ കരുത്ത് തെളിയിച്ച് മാരുതി സുസുക്കി

ഇന്ത്യയിലെ ഹോട്ട് സെല്ലിങ് ഹാച്ച്ബാക്ക് മോഡലായ മാരുതി സുസുക്കി സ്വിഫ്റ്റ് സുരക്ഷയിലും കരുത്ത് തെളിയിച്ചിരിക്കുകയാണ്. യൂറോ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ മൂന്ന് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയതോടെ ഏറ്റവും ഉയര്‍ന്ന മൈലേജ് ഉറപ്പാക്കുന്നതിനൊപ്പം സുരക്ഷയിലും പിന്നിലല്ലെന്ന് തെളിയിച്ചിരിക്കുകയാണ് സ്വിഫ്റ്റ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിപണിയില്‍ എത്തിയ ഈ വാഹനം ഇന്ത്യയിലെ വാഹന വില്‍പ്പനയില്‍ ആദ്യസ്ഥാനം സ്വന്തമാക്കിയിരുന്നു.
യൂറോ എന്‍ക്യാപ് ക്രാഷ് ടെസ്റ്റിലാണ് സ്വിഫ്റ്റ് മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ 40-ല്‍ 26.9 പോയന്റ്(67 ശതമാനം) ആണ് സ്വിഫ്റ്റിന് ലഭിച്ചത്. കുട്ടികളുടെ സുരക്ഷ പരീക്ഷയില്‍ 49-ല്‍ 32.1 പോയന്റും (65 ശതമാനം) മാരുതി സുസുക്കിയുടെ ഈ ഹാച്ച്ബാക്കിന് ലഭിച്ചു. കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ യഥാക്രമം 76 ശതമാനവും 62 ശതമാനവും മാര്‍ക്കാണ് സ്വിഫ്റ്റ് കൈവരിച്ചിരിക്കുന്നത്.
ഫ്രണ്ട്, ലാറ്ററല്‍, റിയര്‍ എന്നീ ഇംപാക്ട് ടെസ്റ്റുകളും റെസ്‌ക്യു ആന്‍ഡ് എക്‌സ്ട്രിക്കേഷന്‍ പരീക്ഷകളുമാണ് സ്വിഫ്റ്റ് നേരിട്ടത്. അഡാസ് സുരക്ഷ സംവിധാനങ്ങള്‍ നല്‍കിയിട്ടുള്ള സ്വിഫ്റ്റ് ആണ് യൂറോ എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റില്‍ എത്തിച്ചത്. ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്ങ്, ലെയ്ന്‍ അസിസ്റ്റ്, സ്പീഡ് അസിസ്റ്റ്, ഡ്രൈവര്‍ ഫാറ്റിഗ് ഡിറ്റെക്ഷന്‍ തുടങ്ങിയ ഫീച്ചറുകളാണ് അഡാസ് നല്‍കുന്നത്. എയര്‍ബാഗുകള്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ്, ലോഡ് ലിമിറ്റര്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഇതില്‍ നല്‍കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് സ്വിഫ്റ്റിന്റെ നാലാം തലമുറ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളിലായി ആറ് വേരിയന്റുകളില്‍ വിപണിയില്‍ എത്തുന്ന ഈ വാഹനത്തിന്റെ മാനുവല്‍ മോഡലുകള്‍ക്ക് 6.49 ലക്ഷം രൂപ മുതല്‍ 9.14 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് പതിപ്പിന് 7.79 ലക്ഷം രൂപ മുതല്‍ 9.64 ലക്ഷം രൂപ വരെയുമാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.
നിലവിലെ സ്വിഫ്റ്റിലുള്ള 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിന് പകരമായി ഇസഡ് സീരീസ് 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ സ്വിഫ്റ്റില്‍ നല്‍കിയിട്ടുള്ളത്. കെ-സീരീസ് എന്‍ജിന്‍ 84 എച്ച്.പി. പവറും 112 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നതെങ്കില്‍ പുതിയ എന്‍ജിന്‍ 80.4 ബി.എച്ച്.പി. പവറും 111.7 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. അഞ്ച് സ്പീഡ് മാനുവലിനൊപ്പം എ.ജി.എസ്. ഓട്ടോമാറ്റിക്കുമാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
Content Highlights: Maruti suzuki swift achieve three star rating in Euro NCAP crash test