ഒമ്പത് വര്‍ഷം 10 ലക്ഷം ഓട്ടോമാറ്റിക് കാറുകള്‍; ഒന്നാമനായി മാരുതി സുസുക്കി

Photo: Maruti Suzuki
Photo: Maruti Suzuki

ന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കള്‍ എന്നതിന് പുറമെ, വാഹന മേഖലയിലെ പല റെക്കോഡുകളും മാരുതി സുസുക്കിക്ക് സ്വന്തമാണ്. കമ്പനിയുടെ റെക്കോഡ് നിരയിലേക്ക് മറ്റൊന്ന് കൂടി എഴുതി ചേര്‍ത്തിരിക്കുകയാണ് ഇവര്‍. മാരുതി സുസുക്കിയുടെ ഓട്ടോമാറ്റിക് വാഹനങ്ങളുടെ വില്‍പ്പന പത്ത് ലക്ഷം പിന്നിട്ടതാണ് കമ്പനിയുടേതായി പുതുതായി പിറന്ന റെക്കോഡ്. ടൂ പെഡല്‍ ഓട്ടോമാറ്റിക് കാര്‍ ടെക്‌നോളജിയെ ജനകീയമാക്കിയതില്‍ വലിയ പങ്കാണ് മാരുതിക്കുള്ളതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 

മാരുതി സുസുക്കി ഇന്ത്യയില്‍ എത്തിക്കുന്ന വാഹനങ്ങള്‍ നാല് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എ.ജി.എസ്), ഫോര്‍ സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഇലക്ട്രോണിക് കണ്ടിന്യൂസ് വേരിബിള്‍ ട്രാന്‍സ്മിഷന്‍ (e-CVT) എന്നിവയാണ് മാരുതിയുടെ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍. ഇതില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക്കിനൊപ്പം പാഡില്‍ ഷിഫ്റ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഹാച്ച്ബാക്ക് മോഡലായ സെലേറിയോയില്‍ 2014-ലാണ് മാരുതി സുസുക്കി ആദ്യമായി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കിയത്. എ.ജി.എസ്. ട്രാന്‍സ്മിഷനായിരുന്നു ഇത്. ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും ഏറ്റവും ജനപ്രീതിയുള്ള ട്രാന്‍സ്മിഷന്‍ സംവിധാനമാണ് ഇതെന്ന് മാരുതി അവകാശപ്പെടുന്നു. കമ്പനിയുടെ മൊത്തം ഓട്ടോമാറ്റിക് കാറുകളുടെ വില്‍പ്പനയില്‍ 65 ശതമാനവും എ.ജി.എസ്. ട്രാന്‍സ്മിഷനിലുള്ളതാണ്. 27 ശതമാനം മറ്റ് രണ്ട് ഓട്ടോമാറ്റിക്കുകളുടെ സംഭാവന. എട്ട് ശതമാനമാണ് ഇ-സി.വി.ടി. വാഹനങ്ങളുടെ വില്‍പ്പന.

ഇനി വില്‍പ്പനയിലേക്ക് വന്നാല്‍, നെക്‌സയിലൂടെ മാരുതിയില്‍ എത്തുന്ന ഉപയോക്താക്കള്‍ ഹൈ-എന്‍ഡ് ഓട്ടോമാറ്റിക് മോഡലുകളാണ് തെരഞ്ഞെടുക്കുന്നത്. അരീനയിലൂടെയുള്ള ഉപയോക്താക്കളുടെ ഓപ്ഷന്‍ മിഡ്-വേരിയന്റ് ആണെന്നുമാണ് മാരുതിയുടെ വിലയിരുത്തല്‍. ഓട്ടോമാറ്റിക് കാറുകളുടെ വില്‍പ്പനയില്‍ 58 ശതമാനവും നെക്‌സയിലൂടെയും 42 ശതമാനം അരീനയിലൂടെയാണെന്നും മാരുതി അറിയിച്ചു. കേരള, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഓട്ടോമാറ്റിക് കാറുകളുടെ വില്‍പ്പനയില്‍ മുന്‍പന്തിയിലാണ്.

ആള്‍ട്ടോ കെ10, എസ്-പ്രെസോ, സെലേറിയോ, വാഗണ്‍ആര്‍, ഇഗ്നീസ്, സ്വിഫ്റ്റ്, ഡിസയര്‍, ബലേനൊ, ഫ്രോങ്‌സ് എന്നീ വാഹനങ്ങളിലാണ് അഞ്ച് സ്പീഡ് എ.ജി.എസ് ട്രാന്‍സ്മിഷന്‍ സംവിധാനം ഉപയോഗിക്കുന്നത്. ജിമ്‌നി, സിയാസ് തുടങ്ങിയ വാഹനങ്ങളിലാണ് നാല് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കിയിട്ടുള്ളത്. ഫ്രോങ്‌സ്, ബ്രെസ, എര്‍ട്ടിഗ, എക്‌സ്.എല്‍.6, ഗ്രാന്റ് വിത്താര എന്നീ മോഡലുകളിലാണ് ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്ളത്. ഗ്രാന്റ് വിത്താര, ഇന്‍വിക്ടോ വാഹനങ്ങളുടെ ഹൈബ്രിഡ് മോഡലിലാണ് ഇ-സി.വി.ടി. ഗിയര്‍ബോക്‌സുള്ളത്.

Content Highlights: Maruti Suzuki, India’s No. 1 Automatic Car Maker crosses 10 lakh automatic vehicle sales milestone