ഒരുമുഴം മുമ്പേ മാരുതി സുസുക്കി; ഫ്രോങ്‌സിന്റെ ഫ്‌ളെക്‌സ് ഫ്യുവല്‍ മോഡല്‍ പ്രദര്‍ശനത്തിന്

മാരുതി സുസുക്കിയെ പോലും ഞെട്ടിച്ച സ്വീകാര്യതയാണ് ഫ്രോങ്‌സ് എന്ന മോഡലിന് ഇന്ത്യയിലെ വാഹന വിപണിയില്‍ ലഭിച്ചത്. നിരത്തുകളില്‍ വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടാനില്ലെങ്കിലും ചുരുങ്ങിയ നാളുകൊണ്ട് വില്‍പ്പനയില്‍ താരമായ ഫ്രോങ്‌സിന്റെ ഫ്‌ളെക്‌സ് ഫ്യുവല്‍ പതിപ്പ് പുറത്തിറക്കാനുള്ള നീക്കത്തിലാണ് മാരുതി. ഇതിന്റെ ആദ്യ ചുവടുവയ്പ്പായി സുസുക്കിയുടെ ജന്മനാടായ ജപ്പാനിലെ ഓട്ടോഷോയില്‍ ഫ്‌ളെക്‌സ് ഫ്യുവല്‍ ഫ്രോങ്‌സിന്റെ കണ്‍സെപ്റ്റ് മോഡല്‍ പ്രദര്‍ശിപ്പിക്കും.
ഫ്‌ളെക്‌സ് ഫ്യുവല്‍ ഫ്രോങ്‌സ് അടുത്ത വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്‌ളെക്‌സ് ഫ്യുവല്‍ മോഡലിന്റെ ചിത്രങ്ങള്‍ സുസുക്കി പുറത്തുവിട്ടെങ്കിലും ഈ വാഹനത്തിന്റെ മെക്കാനിക്കല്‍ സവിശേഷതകള്‍ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, വാഗണ്‍ആറിന്റെ ഫ്‌ളെക്‌സ് ഫ്യുവല്‍ മോഡലില്‍ നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്റെ പരിഷ്‌കരിച്ച മോഡലായിരിക്കും ഫ്രോങ്‌സിലും പ്രവര്‍ത്തിക്കുകയെന്നും അഭ്യൂഹങ്ങളുണ്ട്. ഇ85 വരെയുള്ള പെട്രോള്‍ ഈ വാഹനത്തില്‍ ഉപയോഗിക്കാനാകും.
85 ശതമാനം വരെ എഥനോളും 15 ശതമാനം പെട്രോളും ചേരുന്ന മിശ്രിതമാണ് ഇ85 എന്നത് കൊണ്ട്് ഉദ്ദേശിക്കുന്നത്. ഈ ഫ്‌ളെക്‌സ് ഫ്യൂവല്‍ സാങ്കേതികവിദ്യക്ക് പുറമെ, കംപ്രസ്ഡ് ബയോമീഥേല്‍ ഗ്യാസ്, ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയുടെ സാങ്കേതികവിദ്യയിലും വലിയ തോതില്‍ നിക്ഷേപം നടത്താനുള്ള നീക്കങ്ങളിലാണ് സുസുക്കിയെന്നാണ് ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാരുതി സുസുക്കി കാര്‍ബണ്‍ ന്യൂട്രാലിറ്റി എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമാണിവ.
മാരുതി സുസുക്കിയുടെ റെഗുലര്‍ മോഡലില്‍ നിന്ന് രൂപമാറ്റം വരുത്താതെയാണ് ഫ്‌ളെക്‌സ് ഫ്യുവല്‍ കണ്‍സെപ്റ്റ് മോഡലും ഒരുങ്ങിയിരിക്കുന്നത്. എന്നാല്‍, വാഹനത്തിന്റെ മെക്കാനിക്കല്‍ മാറ്റം അടയാളപ്പെടുത്തുന്നതിനായി വശങ്ങളില്‍ ഫ്‌ളെക്‌സ് ഫ്യുവല്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മാരുതിയുടെ മറ്റ് മോഡലുകളില്‍ ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ് എന്നീ ബാഡ്ജിങ്ങുകള്‍ നല്‍കുന്നതിന് സമാനമായി ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പില്‍ ഫ്‌ളെക്‌സ് ഫ്യുവല്‍ എന്ന് നല്‍കിയേക്കും.
നിലവില്‍ രണ്ട് പെട്രോള്‍ എന്‍ജിനുകളില്‍ മാത്രമാണ് ഫ്രോങ്‌സ് എത്തുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിവയാണിത്. 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ എന്‍ജിന്‍ 89.7 പിഎസ് പവറും 113 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എജിഎസ് എന്നിവയാണ് ഇതിലെ ട്രാന്‍സ്മിഷന്‍. 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിന്‍ 100 പിഎസ് പവറും 147.6 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
Content Highlights: Maruti Suzuki is set to launch a flex-fuel version of the popular Fronx in India next year. The concept model was showcased at the Tokyo Auto Show, hinting at a commitment to carbon neutrality.