'പതിറ്റാണ്ടിലെ ഏറ്റവും നല്ല നവരാത്രി', വില്‍പനയിലും നിര്‍മാണത്തിലും വന്‍ കുതിപ്പുമായി മാരുതി

ഇന്ത്യന്‍ വാഹന വിപണിയിലെ കൊയ്ത്ത് കാലമാണ് ഉത്സവ സീസണ്‍. വില്‍പ്പനയില്‍ സാധാരണ മാസങ്ങളിലേതിനെക്കാള്‍ ആയിരങ്ങളുടെയും പതിനായിരങ്ങളുടെയും വര്‍ധനവാണ് ഉത്സവ മാസങ്ങളില്‍ ഉണ്ടാകുന്നത്. വില്‍പ്പനയുടെ കാര്യത്തില്‍ കുതിപ്പുണ്ടാകുമെങ്കില്‍ ഈ കാലയളവ് ഉത്പാദനത്തെ സംബന്ധിച്ച് കിതപ്പിന്റേതാണ്. ആഘോഷങ്ങളുടെ ഭാഗമായുള്ള അവധി ഉള്‍പ്പെടെയുള്ളവയാണ് നിര്‍മാണത്തെ ബാധിക്കുന്നത്. ഈയൊരു കീഴ്‌വഴക്കം മാരുതി സുസുക്കി തിരുത്തി കുറിച്ചിരിക്കുകയാണ്.
പതിവിന് വിപരീതമായി ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ വാഹന നിര്‍മാണത്തില്‍ കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് മാരുതി സുസുക്കി സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ഥോ ബാനര്‍ജി അറിയിച്ചിരിക്കുന്നത്. 2024 ഉത്സവ സീസണിലെ നിര്‍മിച്ച വാഹനങ്ങളെക്കാള്‍ 26 ശതമാനത്തിന്റെ കുതിപ്പാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കമ്പനിയുടെ പ്രൊഡക്ഷന്‍ വിഭാഗം ഞായറാഴ്ച ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ ജോലി ചെയ്യാന്‍ തയാറായതാണ് ഈ നേട്ടത്തിന് കരണമെന്നും അദ്ദേഹം പറഞ്ഞു.
ഉത്സവ സീസണിന്റെ ആദ്യ എട്ട് ദിവസങ്ങള്‍ക്കൊണ്ട് തന്നെ 1,65,000 വാഹനങ്ങള്‍ വില്‍ക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിലെ ഏറ്റവും വലിയ വില്‍പ്പന നേട്ടമാണിത്. 2024 സെപ്റ്റംബര്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം 27.5 ശതമാനത്തിന്റെ അധിക വില്‍പ്പന ലഭിച്ചിട്ടുണ്ടെന്നും, ഉടന്‍ തന്നെ 20,000 വാഹനങ്ങളുടെ വിതരണം നടത്താന്‍ കഴിയുമെന്നും പാര്‍ഥോ ബാനര്‍ജി അറിയിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച നവരാത്രി ഈ വര്‍ഷത്തേതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്സവ സീസണില്‍ ആളുകള്‍ വാഹനമെടുക്കാന്‍ ഉത്സഹിച്ചതിനൊപ്പം കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടിയില്‍ വരുത്തിയ പരിഷ്‌കാരവും മാരുതി സുസുക്കിയുടെ വില്‍പ്പനയ്ക്ക് കുതിപ്പേകിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചതോടെ വിലയിലുണ്ടായ കുറവ് കൂടുതല്‍ ഉപയോക്താക്കളെ വാഹനം എടുക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് മാരുതി സുസുക്കിയുടെ നിരീക്ഷണം.
വാഹനങ്ങളുടെ ഉയര്‍ന്ന ഡിമാന്റ് നിറവേറ്റുന്നതിനായി വാഹനങ്ങളുടെ നിര്‍മാണത്തിലും കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ആള്‍ട്ടോ, എസ്-പ്രെസോ മോഡലുകളുടെ 12,318 യൂണിറ്റുകളാണ് ഈ കാലയളവില്‍ നിര്‍മിച്ചത്. സ്വിഫ്റ്റ്, ബലേനൊ, ഡിസയര്‍, സെലേറിയോ തുടങ്ങിയ വാഹനങ്ങളുടെ ഉത്പാദനമാണ് കുത്തനെ ഉയര്‍ത്തിയത്. 2024 സെപ്റ്റംബറില്‍ 68,413 യൂണിറ്റ് ആയിരുന്നത് ഈ സെപ്റ്റംബറില്‍ 93,301 യൂണിറ്റായി ഉയര്‍ത്താന്‍ മാരുതി സുക്കിക്ക് സാധിച്ചു. ഫ്രോങ്‌സ്, ബ്രെസ്സ, എര്‍ട്ടിഗ, ഇക്കോ തുടങ്ങിയ വാഹനങ്ങളുടെ ഉത്പാദനവും ഉയര്‍ന്നിട്ടുണ്ട്.
Content Highlights: Maruti Suzuki achieves its best Navratri and festive season sales in a decade, boosting production by 26% and selling over 1.65 lakh vehicles in 8 days. GST cuts fuel demand.