ബാറ്ററിയോടെയും ഇ-വിത്താര വാങ്ങാം, വില 15.99 ലക്ഷത്തിൽ ആരംഭിക്കും; പ്രഖ്യാപിച്ച് മാരുതി സുസുക്കി

ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ചുവടുവയ്പ്പ് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഇ-വിത്താര എന്ന പേരിൽ ഒരുങ്ങിയ വാഹനത്തിന്റെ പ്രൊഡക്ഷൻ പതിപ്പ് 2025-ൽ തന്നെ പ്രദർശിപ്പിച്ചെങ്കിലും ഈ വാഹനത്തിന്റെ വിപണി പ്രവേശനം വീണ്ടും നീണ്ടുപോകുകയായിരുന്നു. ഇ-വിത്താരയ്ക്കായുള്ള മാസങ്ങളും വർഷങ്ങളും നീണ്ട കാത്തിരിപ്പ് അവസാനിക്കാറായെന്ന സൂചനയാണ് ഇപ്പോൾ നിർമാതാക്കൾ നൽകുന്നത്.
വാഹനത്തിന്റെ ബാറ്ററി സബ്‌സ്‌ക്രിപ്ഷൻ വ്യവസ്ഥയിൽ ലഭ്യമാക്കുന്ന രീതിയിൽ ഇ-വിത്താരയുടെ വില ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മാരുതി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ബാറ്ററി ഉൾപ്പെടെ ഈ വാഹനത്തിന്റെ വിലയും ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ. 15.99 ലക്ഷം രൂപ മുതൽ 20.01 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ബാസ് വ്യവസ്ഥയിൽ 10.99 ലക്ഷം രൂപ മുതൽ 14.51 ലക്ഷം രൂപ വരെയാണ് ഇ-വിത്താരയുടെ വില.
ഡെൽറ്റ, സീറ്റ, ആൽഫ, ആൽഫ ഡ്യുവൽ ടോൺ എന്നീ വേരിയന്റുകളിലാണ് ഇ-വിത്താര വിപണിയിൽ എത്തുന്നത്. ഡെൽറ്റ പതിപ്പിന് ബാസ് വ്യവസ്ഥയിൽ 10.99 ലക്ഷം രൂപ വിലയും കിലോമീറ്ററിന് 3.99 രൂപ ബാറ്ററി വാടകയും നൽകണം. സാധാരണ വാങ്ങലിന് 15.99 ലക്ഷം രൂപയാണ് വില. സീറ്റ പതിപ്പിന് ബാസിൽ 11.99 ലക്ഷം രൂപയും 4.39 രൂപ ബാറ്ററി വാടകയുമാകും. ബാറ്ററി ഉൾപ്പെടെ 17.49 ലക്ഷം രൂപയാണ് വില. ആൽഫ പതിപ്പിന് 14.51 ലക്ഷം രൂപ വിലയും 4.39 ലക്ഷം രൂപ ബാറ്ററി വാടകയുമാണ് ബാസ് നിരക്ക്. 19.79 ലക്ഷം രൂപയാണ് സാധാരണ വില. ഈ വേരിയന്റിലെ ഡ്യുവൽ ടോൺ മോഡലിന് 20.01 ലക്ഷം രൂപയാണ് വില.
BaaS (ബാറ്ററി ആസ് എ സർവീസ്) സബ്‌സ്‌ക്രിപ്ഷൻ പദ്ധതി അനുസരിച്ച് ബാറ്ററിയുടെ വില നൽകാതെ ഇ-വിത്താര ഉപഭോക്താവിന് സ്വന്തമാക്കാം. വാഹനം ഉപയോഗിക്കുന്നതിന് അനുസരിച്ച് ബാറ്ററിക്ക് വാടക നൽകിയാൽ മതിയെന്നതാണ് ഉപഭോക്താക്കൾക്കുള്ള നേട്ടം. കിലോമീറ്ററിന് 3.99 രൂപ മുതൽ 4.39 രൂപ വരെയാണ് ബാറ്ററിയുടെ വാടകയായി ഈടാക്കുന്നത്. എട്ട് വർഷത്തെ ബാറ്ററി വാറന്റി, 3+5 വർഷത്തെ വാഹന വാറന്റി, 50,000 വിലയുള്ള സൗജന്യ ഹോം ചാർജറും ഇൻസ്റ്റലേഷനും ഈ പാക്കേജിൽ ഉൾപ്പെടുന്നു. ഒരു വർഷത്തെ സൗജന്യ ചാർജിങ്ങും ഉൾപ്പെടുന്നു.
49 കിലോവാട്ട്, 61 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഈ വാഹനം എത്തുന്നതെന്നാണ് റിപ്പോർട്ട്. ഫോർ വീൽ ഡ്രൈവ്, ടൂ വീൽ ഡ്രൈവ് ഓപ്ഷനുകളിൽ എത്തുന്ന ഈ വാഹനത്തിൽ സിംഗിൾ, ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകൾ കരുത്തേകും. 49 കിലോവാട്ട് ടൂ വീൽ ഡ്രൈവ് മോഡൽ 344 കിലോമീറ്റർ റേഞ്ചും, 61 കിലോവാട്ട് ടൂ വീൽ ഡ്രൈവ് മോഡൽ 428 കിലോമീറ്റർ റേഞ്ചും 61 കിലോവാട്ട് ഓൾ വീൽ ഡ്രൈവ് മോഡൽ 394 കിലോമീറ്റർ റേഞ്ചും നൽകുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.
49 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷൻ ഇ-വിത്താരയിൽ 144 ബിഎച്ച്പി പവറും 189 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന സിംഗിൾ മോട്ടോറാണ് നൽകുന്നത്. 61 കിലോവാട്ട് ബാറ്ററി പാക്ക് വേരിയന്റിൽ 174 ബിഎച്ച്പി പവറും 189 എൻഎം ടോർക്കുമേകുന്ന മോട്ടോറും കരുത്തേകും. ഇ-വിത്തരായുടെ ഓൾ വീൽ ഡ്രൈവ് മോഡലിൽ സുസുക്കിയുടെ ഇ-ഓൾഗ്രിപ്പ് സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്റെ റിയർ ആക്‌സിലിലും 65 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുന്ന മോട്ടോർ നൽകുന്നുണ്ട്. ഈ ഇരട്ട മോട്ടോർ മോഡൽ 184 ബിഎച്ച്പി പവറും 300 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
Content Highlights: Maruti Suzuki E-Vitara electric SUV is here! Know pricing, battery subscription options, variants, range, and performance. Get all the details!