റെയര്‍ എര്‍ത്ത് മെറ്റീരിയലിൽ കുരുങ്ങി മാരുതി സുസുക്കി ഇ-വിത്താര; കാത്തിരിപ്പ് പിന്നെയും നീളും

മാരുതി സുസുക്കി ഇ-വിത്താര ഇലക്ട്രിക് എസ്.യു.വി. | Photo: Suzuki Global
മാരുതി സുസുക്കി ഇ-വിത്താര ഇലക്ട്രിക് എസ്.യു.വി. | Photo: Suzuki Global

ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിത്താരയുടെ വരവ് നീണ്ടുപോവുകയാണ്. ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ പ്രൊഡക്ഷന്‍ മോഡല്‍ അവതരിപ്പിച്ചതോടെ ഈ വാഹനം ഉടന്‍ നിരത്തുകളില്‍ എത്തുമെന്നാണ് മാരുതി ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍, പല സാങ്കേതിക കാരണങ്ങൾ കൊണ്ട്  നീണ്ടുപോയ ഇ-വിത്താരയുടെ നിര്‍മാണത്തിലും പുതിയ പ്രതിസന്ധി നേരിടുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിന് അത്യന്താപേക്ഷിതമായ റെയര്‍ എര്‍ത്ത് മെറ്റീരിയലുകളുടെ വിതരണത്തിലുണ്ടായ തടസ്സം ഇ-വിത്താരയുടെ നിര്‍മാണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലഭ്യമായ വിവരം അനുസരിച്ച് 2025 ഏപ്രില്‍ മാസം മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 26,512 വാഹനങ്ങള്‍ നിര്‍മിക്കാനായിരുന്നു മാരുതി സുസുക്കിയുടെ പദ്ധതി. എന്നാല്‍, ഇത് 8221 യൂണിറ്റായി ചുരുക്കിയിരിക്കുകയാണെന്നാണ് സൂചന.

അതായത് മാരുതി സുസുക്കി ലക്ഷ്യമിട്ടിരുന്ന ഉത്പാദനത്തെക്കാള്‍ 69 ശതമാനത്തിന്റെ കുറവാണിത്.  ഉത്പാദനത്തിലുണ്ടാകുന്ന ഇടിവ് വാഹനം ലോഞ്ച് ചെയ്തതിന് ശേഷമുള്ള ബുക്കിങ് കാലാവധി ഉയരാന്‍ കാരണമാകുമെന്നാണ് നിര്‍മാതാക്കളുടെ പ്രധാന ആശങ്ക. അതേസമയം, ആദ്യ പകുതിയില്‍ ഉത്പാദനത്തില്‍ തിരിച്ചടിയുണ്ടായാലും രണ്ടാം പാദത്തില്‍ ഉത്പാദനം മെച്ചപ്പെടുത്താനാകുമെന്നും ഇതുവഴി പ്രതിവര്‍ഷം 67000 യൂണിറ്റ് ഉത്പാദിപ്പിക്കാമെന്നുമാണ് മാരുതി സുസുക്കി പ്രതീക്ഷിക്കുന്നത്. 

2025 ഒക്ടോബര്‍ മാസം മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഇ-വിത്താരയുടെ 40,437 യൂണിറ്റ് നിര്‍മിക്കാനായിരുന്നു കമ്പനി ഉദേശിച്ചിരുന്നത്. എന്നാല്‍, ആദ്യപാദത്തില്‍ നിര്‍മാണത്തില്‍ തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ ഈ കാലയളവിലെ ഉത്പാദനം 58,728 യൂണിറ്റായി ഉയര്‍ത്തുകയെന്നതാണ് മാരുതി സുസുക്കിയുടെ മുന്നിലുള്ള പോംവഴി. ഇതനുസരിച്ച് പ്രതിദിനം 440 വാഹനങ്ങളുടെ വരെ ഉത്പാദനം നടത്തേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

അമേരിക്ക പ്രഖ്യാപിച്ച പകരച്ചുങ്കത്തിന്റെ പശ്ചാത്തലത്തില്‍ റെയര്‍ എര്‍ത്ത് മെറ്റീരിയലുകളുടെ കയറ്റുമതിയില്‍ ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ഈ പ്രതിസന്ധികള്‍ക്ക് കാരണം. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന മാഗ്നറ്റുകള്‍ പോലുള്ള വസ്തുകളുടെ ലഭ്യതയെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. മാരുതി സുസുക്കിയുടെ ഇലക്ട്രിക് വാഹനത്തെ ബാധിച്ചത് പോലെ ആഗോള വാഹന വ്യവസായത്തെയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ടെന്നാണ് സൂചന.

Content Highlights: Maruti Suzuki e-Vitara EV faces production setbacks due to rare earth material shortages