ഫ്രോങ്‌സും സ്വിഫ്റ്റുമല്ല, ഹൈബ്രിഡ് കാറായെത്തിയത് സുസുക്കി ഡിസയര്‍, കൂടിയത് മൈലേജ് മാത്രമല്ല

Photo: suzuki.com
Photo: suzuki.com

ഗ്രാന്റ് വിത്താര, ഇന്‍വിക്ടോ എന്നീ മോഡലുകള്‍ക്ക് ശേഷം മാരുതി സുസുക്കിയില്‍ നിന്നുള്ള മറ്റൊരു ഹൈബ്രിഡ് വാഹനത്തിനായി ഇന്ത്യയിലെ മാരുതി ആരാധകര്‍ കട്ടവെയിറ്റിങ്ങാണ്. സ്വിഫ്റ്റ് അല്ലെങ്കില്‍ ഫ്രോങ്‌സ് ആയിരിക്കും മാരുതിയുടെ അടുത്ത ഹൈബ്രിഡ് കാര്‍ എന്നാണ് വിലയിരുത്തലുകള്‍. ഇത്തരം കൊണ്ടുപിടിച്ച ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ ആരുമറിയാതെ തന്നെ മാരുതി സുസുക്കുയുടെ ഒരു ഹൈബ്രിഡ് കാര്‍ അവതരിപ്പിച്ചിരിക്കുകയാണ്. എല്ലാ പ്രവചനങ്ങളും തെറ്റിച്ച് ഡിസയര്‍ സെഡാനിലാണ് ഹൈബ്രിഡ് സംവിധാനം നല്‍കിയിരിക്കുന്നത്. 

എന്നാല്‍, ഹൈബ്രിഡ് സെഡാന്‍ എത്തിയത് ഇന്ത്യയില്‍ ആണെന്ന് തെറ്റിദ്ധരിക്കേണ്ട. ഫിലിപ്പീന്‍സിലാണ് സുസുക്കി ഡിസയറിന്റെ ഹൈബ്രിഡ് മോഡല്‍ എത്തിയിരിക്കുന്നത്. ഇന്ത്യയില്‍ എത്തിയിട്ടുള്ള നാലാം തലമുറ ഡിസയര്‍ തന്നെയാണ് ഇവിടെയുമുള്ളത്. 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് ഇസഡ് 12 ഇ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നതും. ഇതിനൊപ്പമാണ് സ്‌ട്രോങ് ഹൈബ്രിഡ് സംവിധാനം കൂടി നല്‍കിയിരിക്കുന്നത്. 9.20 ലക്ഷം ഫിലിപ്പിനി പെസോയാണ് ഈ വാഹനത്തിന്റെ വില. ഏകദേശം 13.9 ലക്ഷം രൂപയോളം വരുമിത്. 

12 വോള്‍ട്ട് ഹൈബ്രിഡ് സിസ്റ്റവും 0.072 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കുമാണ് ഹൈബ്രിഡ് സംവിധാനത്തിന് കരുത്തേകുന്നത്. ഇതിനൊപ്പം 2.93 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് നല്‍കിയിരിക്കുന്നത്. പെട്രോള്‍ എന്‍ജിനും ഹൈബ്രിഡ് മോട്ടോറും ചേര്‍ന്ന് 80 ബിഎച്ച്പി പവറും 112 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സിവിടി ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഇന്ത്യയില്‍ എത്തിയിട്ടുള്ള ഡിസയറില്‍ എഎംടിയാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍.

ലുക്കിലും ഫീച്ചറിലുമെല്ലാം ഇന്ത്യയിലെ ഡിസയറിന് സമാനമാണ് ഫിലിപ്പീന്‍സില്‍ എത്തിയിട്ടുള്ള ഹൈബ്രിഡ് ഡിസയറും. പുതിയ ഗ്രില്‍, ഫ്ളാറ്റര്‍ ബോണറ്റ്, ഡി.ആര്‍.എല്‍ ഉള്‍പ്പെടുന്ന ഹെഡ്ലൈറ്റ് ചേംമ്പര്‍, പുതിയ ഡിസൈനിലുള്ള ടെയില്‍ ലൈറ്റ്, പുതിയ അലോയ്, ലിപ് സ്പോയിലര്‍, 15 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍ തുടങ്ങിയവയാണ് പുറത്തെ മാറ്റങ്ങള്‍. സ്വിഫ്റ്റിന്റെ അതേരീതിയിലുള്ള ഡാഷ്ബോര്‍ഡ് ആണെങ്കിലും ഇളം ബീജ് ഷെയ്ഡിങ്ങോടെയാണ് ഇത് ഡിസയറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇലക്ട്രിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും സപ്പോട്ട് ചെയ്യുന്ന 9 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, റിയര്‍ ഫോണ്‍ ചാര്‍ജിങ് പോയിന്റ്, പുത്തന്‍ ഡ്രൈവര്‍ ഡിസ്പ്ലേ കണ്‍സോള്‍, അര്‍കാമിസിന്റെ സൗണ്ട് സിസ്റ്റം, കീലെസ് എന്‍ട്രി തുടങ്ങിയവയാണ് മറ്റുഫീച്ചറുകള്‍. എ.ബി.എസ് ഇ.ബി.ഡി, ആറ് എയര്‍ബാഗുകള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, ഇ.എസ്.പി,ട്രാക്ഷന്‍ കണ്‍ട്രോള്‍, റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍, ഡീഫോഗര്‍ തുടങ്ങിയവ ഈ വാഹനത്തിലെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളുമാണ്. 

ഗ്ലോബല്‍ എന്‍.സി.എ.പി. ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിങ്ങ് നേടി സുരക്ഷയില്‍ കരുത്ത് തെളിയിച്ച മാരുതിയുടെ ഏക വാഹനമാണ് നാലാം തലമുറ ഡിസയര്‍. വിദേശ വിപണിയില്‍ എത്തിയിട്ടുള്ള സുസുക്കിയുടെ ഡിസയറും ഈ സുരക്ഷ സ്റ്റാന്റേഡുകള്‍ പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈബ്രിഡ് സംവിധാനത്തില്‍ എത്തിയ ഡിസയറില്‍ ടോര്‍ക്കിലെ വര്‍ധനവും ഉയര്‍ന്ന ഇന്ധനക്ഷമതയുമായിരിക്കും ലഭിക്കുകയെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍, കൃത്യമായ മൈലേജ് നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.

Content Highlights: Suzuki Dzire sedan gets a hybrid variant in the Philippines-Features include a strong hybrid system.