ബ്രെസ പവര്‍പ്ലേ, ഗ്രാന്‍ഡ് വിത്താര അഡ്വഞ്ചര്‍, ഫ്രോങ്‌സ് ടര്‍ബോ; 7 കണ്‍സപ്റ്റ് മോഡലുകളുമായി മാരുതി

Photo: Maruti Suzuki India
Photo: Maruti Suzuki India

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി പലപ്പോഴും വാഹനപ്രേമികളെ അമ്പരിപ്പിക്കാറുണ്ട്. ഇത്തവണത്തെ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ ഓട്ടോ എക്‌സ്‌പോയില്‍ ഏഴ് കണ്‍സപ്റ്റ് മോഡലുകള്‍ അവതരിപ്പിച്ചാണ് മാരുതി സുസുക്കി ഇന്ത്യ വാഹനപ്രേമികളെ ഞെട്ടിച്ചത്. നിലവില്‍ വിപണിയിലുള്ള സ്വിഫ്റ്റ്, ഇന്‍വിക്‌റ്റോ, ബ്രെസ്സ, ഗ്രാന്‍ഡ് വിത്താര, ജിംനി, ഫ്രോങ്ക്‌സ്, ഡിസയര്‍ എന്നീ മോഡലുകളെ അടിസ്ഥാനമാക്കിയുള്ള കണ്‍സപ്റ്റ് മോഡലുകളായിരുന്നു ഓട്ടോ എക്‌സ്‌പോയില്‍ മാരുതി പവലിയനില്‍ പ്രദര്‍ശിപ്പിച്ചത്. 

സ്വിഫ്റ്റ് ചാമ്പ്യന്‍സ് കണ്‍സപ്റ്റ്

നിലവിലെ സ്വിഫ്റ്റിന്റെ കണ്‍സ്പറ്റ് മോഡലാണ് 'സ്വിഫ്റ്റ് ചാമ്പ്യന്‍സ് കണ്‍സപ്റ്റ്'. സ്വിഫ്റ്റിനെ അടിമുടി സ്‌പോര്‍ട്ടി ലുക്കിലാക്കിയാണ് പുതിയ കണ്‍സപ്റ്റ് മോഡല്‍ മാരുതി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ബോള്‍ഡ് റെഡ് നിറത്തിൽ സ്പോർട്ടി ലുക്ക് നൽകുന്ന ഗ്രാഫിക്സും വലിയ അലോയ് വീലുകളുമെല്ലാം കണ്‍സപ്റ്റ് മോഡലിലുണ്ട്. 

ഇന്‍വിക്‌റ്റോ എക്‌സിക്യൂട്ടീവ് കണ്‍സപ്റ്റ്

കൂടുതല്‍ ലക്ഷ്വറി തേടുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് മാരുതി ഇന്‍വിക്‌റ്റോ എക്‌സിക്യൂട്ടിവ് കണ്‍സപ്റ്റ് മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓള്‍ബീജ് ഇന്റീരിയറടക്കം ഇന്‍വിക്‌റ്റോ എക്‌സിക്യൂട്ടിവ് കണ്‍സപ്റ്റിന്റെ പ്രത്യേകതകളാണ്. 

ബ്രെസ പവര്‍പ്ലേ കണ്‍സപ്റ്റ്

വൈബ്രന്റ് ഡിസൈനാണ് ബ്രെസ പവര്‍പ്ലേ കണ്‍സപ്റ്റിന്റെ പ്രധാന ആകര്‍ഷണം. പുതിയ നിറവും ഗ്രാഫിക്‌സും വാഹനത്തിന് മാറ്റുകൂട്ടുന്നു. 2024-ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പന നടത്തിയ എസ്.യു.വി.കളില്‍ ഒന്നായിരുന്നു മാരുതി ബ്രെസ. 

ജിംനി കോണ്‍ക്വറര്‍ കണ്‍സപ്റ്റ്

മാരുതിയുടെ ഓഫ്‌റോഡ് രാജാവായ ജിംനിയുടെ കണ്‍സപ്റ്റ് മോഡലും ആരെയും ആകര്‍ഷിക്കും. ഒറ്റനോട്ടത്തില്‍ ഒരു കരുത്തന്‍ എന്ന് തോന്നുന്നരീതിയിലാണ് പുതിയ ജിംനിയുടെ നിറവും മറ്റു ഗ്രാഫിക്‌സ് ഡിസൈനുകളും. 

ഗ്രാന്‍ഡ് വിത്താര അഡ്വഞ്ചര്‍ കണ്‍സപ്റ്റ്

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കാഴ്ചയിലും അഡ്വഞ്ചര്‍ ലുക്കാണ് ഗ്രാന്‍ഡ് വിത്താര കണ്‍സപ്റ്റ് മോഡലിന്. മിലിട്ടറി ഗ്രീന്‍ നിറം വാഹനത്തിന്റെ അടിമുടിയുള്ള ലുക്കില്‍ പ്രധാനപങ്കുവഹിക്കുന്നു. 

ഫ്രോങ്‌സ് ടര്‍ബോ കണ്‍സപ്റ്റ്

ഡ്യുവല്‍ടോണ്‍ നിറമാണ് ഫ്രോങ്‌സ് ടര്‍ബോ കണ്‍സപ്റ്റിന്റെ പ്രധാന ആകര്‍ഷണം. നിലവില്‍ മാരുതിയുടെ ഹിറ്റ് വാഹനമായ ഫ്രോങ്‌സ് 2023-ലെ ഓട്ടോ എക്‌സ്‌പോയിലാണ് ആദ്യമായി അവതരിപ്പിച്ചത്. 1.2 ലിറ്റര്‍, 1.0 ടര്‍ബോ എന്നിങ്ങനെ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഫ്രോങ്‌സ് ലഭ്യമായിട്ടുള്ളത്. 

ഡിസയര്‍ അര്‍ബന്‍ ലക്‌സ് എഡിഷന്‍

മാരുതിയുടെ സെഡാനായ ഡിസയറിന്റെ അര്‍ബന്‍ ലക്‌സ് എഡിഷനും കണ്‍സപ്റ്റ് മോഡലായി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രീമിയം ആക്‌സസറികള്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകളാണ് ഡിസയറിന്റെ കണ്‍സപ്റ്റ് മോഡലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 

Content Highlights: maruti suzuki concept models bharat mobility expo 2025