ചരിത്രത്തില്‍ ആദ്യം; ചെറുകാറുകളുടെ വില്പന കൂട്ടാന്‍ 'സ്വപ്‌ന' പരമ്പരയുമായി മാരുതി സുസുക്കി

Photo: Maruti Suzuki
Photo: Maruti Suzuki

ഇന്ത്യയിലെ വാഹനവിപണിയില്‍ ചെറുകാറുകളുടെ വില്‍പ്പന കുറഞ്ഞുവരുന്ന ട്രെന്റാണ് സമീപ വര്‍ഷങ്ങളില്‍ കാണിക്കുന്നത്. ഭൂരിഭാഗം വാഹന നിര്‍മാതാക്കളും അഞ്ച് ലക്ഷം രൂപയില്‍ താഴെ വില വരുന്ന വാഹനങ്ങളുടെ നിര്‍മാണം നിര്‍ത്തിയത് ഇതിനുള്ള തെളിവാണ്. എന്നാല്‍, ചെറുകാറുകളുടെ വില്‍പ്പന തിരിച്ചുപിടിക്കാനുള്ള നീക്കങ്ങളിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി.

ഇതിനായി മാരുതി സുസുക്കിയുടെ ചെറുകാറുകളായ ആള്‍ട്ടോ കെ-10, എസ്-പ്രസോ, സെലേറിയോ എന്നീ മോഡലുകളുടെ ലിമിറ്റഡ് എഡിഷന്‍ കമ്പനി പുറത്തിറക്കി. 'ഡ്രീം സീരീസ്' എന്ന പേരില്‍ ഇറക്കുന്ന ഈ ശ്രേണിയിലെ വാഹനങ്ങള്‍ക്ക് 4.99 ലക്ഷം രൂപ മുതലാണ് വില. ഈ മാസം അവസാനംവരെയാണ്  ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഡ്രീം സീരീസ് വാഹനങ്ങളുടെ ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്.

ജൂണ്‍ നാല് മുതല്‍ ഒരു മാസത്തേക്കാണ് ഈ പദ്ധതിയെങ്കിലും ഉപഭോക്താക്കളുടെ പ്രതികരണം അനുസരിച്ച് ഇത് നീട്ടും. ഡ്രീം സീരീസ് വാഹനങ്ങളുടെ വില്പന ശനിയാഴ്ച ആരംഭിച്ചു. അതിനിടെ, ഓട്ടോ ഗിയര്‍ ഷിഫ്റ്റ് ശ്രേണിയുടെ വില കുറക്കുകകൂടി ചെയ്തതിലൂടെ ചെറുകാറുകളുടെ വില്പന 15 മുതല്‍ 20 ശതമാനം വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മാരുതി സുസുക്കിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ചെറുകാറുകളുടെ വില്പന പ്രോത്സാഹിപ്പിക്കാനായി പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുന്നത്. ഒട്ടേറെ സവിശേഷതകളോടെയാണ് വാഹനങ്ങള്‍ എത്തുന്നത്. എസ്.യു.വികള്‍ക്ക് ആവശ്യക്കാരേറിയതോടെ കോംപാക്ട് വിഭാഗത്തില്‍ വരുന്ന കാറുകളുടെ വില്പന കഴിഞ്ഞ മൂന്നുവര്‍ഷമായി കുറയുകയാണ്. ചെറുകാര്‍ വില്പന 2023-24 സാമ്പത്തികവര്‍ഷം 12 ശതമാനമാണ് ഇടിഞ്ഞത്. ഇതില്‍നിന്ന് കരകയറാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

മാരുതി സുസുക്കി എത്തിക്കുന്ന ഡ്രീം സീരീസിന്റെ പ്രധാന ആകര്‍ഷണം വിലയാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 4.99 ലക്ഷം രൂപയില്‍ വില നിശ്ചയിക്കാന്‍ പ്രധാനമായ ഒരു കാരണവും മാരുതി ചൂണ്ടിക്കാട്ടുന്നു. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയായാല്‍ ആര്‍.ടി.ഒ. ചാര്‍ജുകള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്താണ് 4.99 ലക്ഷം എന്ന വില മാരുതി നിശ്ചയിച്ചിരിക്കുന്നത്. ഇതിനൊപ്പം മാരുതിയുടെ 9 മോഡലുകളുടെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പതിപ്പിന്റെ വില കുറച്ചതായും കമ്പനി അറിയിച്ചു.

Content Highlights: Maruti Suzuki announce dream edition for entry level models such as Alto K10, Celerio, S-Presso