‘ആഡംബര വാഹനങ്ങളിൽ മാത്രം അഡാസ് നൽകിയാൽ അപകടം കുറയില്ല’; വില കുറഞ്ഞ കാറുകളിലേക്ക് അഡാസുമായി സുസുക്കി

ഇന്ത്യയിലെ വാഹന ഉപയോക്താക്കളുടെ പ്രധാന പരിഗണനകളിലേക്ക് സുരക്ഷ ഒരു ഘടകമായി മാറിയിട്ട് അധിക വർഷമായിട്ടില്ല. മൈലേജും റീസെയിൽ വാല്യൂവും നോക്കി വാഹനങ്ങൾ സ്വന്തമാക്കിയിരുന്ന ആളുകൾ ഇപ്പോൾ എയർബാഗുകളുടെ എണ്ണവും ക്രാഷ് ടെസ്റ്റ് റേറ്റിങ്ങും ഉയർന്ന സുരക്ഷാ സംവിധാനമായ അഡാസും ഉൾപ്പെടെയുള്ള ഫീച്ചറുകൾ ചോദിച്ച് തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അഡാസ് ഒരു അടിസ്ഥാന ഫീച്ചറാക്കാനുള്ള സാധ്യത തേടുകയാണ് മാരുതി സുസുക്കി.
ഇന്ത്യയിലെ റോഡ് സാഹചര്യങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന ചെലവ് കുറഞ്ഞ ഒരു അഡാസ് സിസ്റ്റം വികസിപ്പിക്കാനാണ് സുസുക്കി ഉദ്ദേശിക്കുന്നത്. കുറഞ്ഞ മുതൽമുടക്കിൽ വികസിപ്പിക്കുന്നതിനാൽ തന്നെ കുറഞ്ഞ വിലയിലുള്ള വാഹനങ്ങളിലും അഡാസ് ഫീച്ചർ നൽകാൻ സാധിക്കുമെന്നാണ് നിർമാതാക്കൾ വിലയിരുത്തുന്നത്. അപകടങ്ങൾ തടയുന്നതിനുള്ള സംവിധാനങ്ങൾ കൂടുതൽ ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ഒരുക്കുകയാണ് സുസുക്കിയുടെ ലക്ഷ്യം.
വലിയ വിലയുള്ള അഡ്വാൻസ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനങ്ങൾ, ചില ആഡംബര വാഹനങ്ങളിൽമാത്രം നൽകുന്നതിലൂടെ വാഹനാപകടങ്ങൾ കുറയ്ക്കാൻ സാധിക്കില്ലെന്നാണ് സുസുക്കിയുടെ ചീഫ് ടെക്‌നോളജി ഓഫീസർ അഭിപ്രായപ്പെട്ടത്. സുസുക്കിയുടെ ടെക്‌നോളജി സ്ട്രാറ്റജി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2024-ൽമാത്രം ഇന്ത്യയിൽ ഉണ്ടായ 1.77 ലക്ഷം റോഡ് അപകടങ്ങളെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, ലെയ്ൻ ഡിപ്പാർച്ചർ പ്രിവൻഷൻ തുടങ്ങിയ ഫങ്ഷനുകൾ സ്റ്റാൻഡേർഡ് ഫീച്ചറായി താഴ്ന്ന മോഡലുകളിൽ നൽകാനും, കൂടുതൽ ഫീച്ചറുകൾ ഉയർന്ന വേരിയന്റുകളിലേക്ക് ഉൾപ്പെടുത്താനുമാണ് സുസുക്കിയുടെ പദ്ധതി. ഇന്ത്യൻ ട്രാഫിക് സാഹചര്യങ്ങൾക്ക് അനുസരിച്ച് കുറഞ്ഞ ചെലവിൽ വികസിപ്പിക്കുന്ന ഈ അഡ്വാൻസ്ഡ് സുരക്ഷാ സംവിധാനത്തിന് ജസ്റ്റ്-റൈറ്റ് അഡാസ് എന്ന് പേര് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുറഞ്ഞ ചെലവിൽ അഡാസ് സംവിധാനം വികസിപ്പിക്കുന്നതിനായി പ്രധാനമായും ഹൈ റെസലൂഷൻ ക്യാമറകളിലും എ.ഐ. ചിപ്പുകളിലും അധിഷ്ഠിതമായ അഡാസ് സംവിധാനമായിരിക്കും ഒരുങ്ങുക. വാഹനത്തിന്റെ മുൻഭാഗത്ത് നൽകുന്ന റഡാർ സംവിധാനം ഒഴിവാക്കും. നിലവിലുള്ള അഡാസ് സംവിധാനങ്ങൾക്കൊപ്പം നിലവാരമുള്ളതും ഉയർന്ന സുരക്ഷ ഉറപ്പാക്കുന്നതുമായ സംവിധാനമായിരിക്കും കുറഞ്ഞ ചെലവിൽ വികസിപ്പിക്കുകയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
രണ്ട് രീതിയിലായിരിക്കും ഈ അഡാസ് സംവിധാനം സുരക്ഷ ഉറപ്പാക്കുന്നത്. അപകടങ്ങൾ ഉണ്ടാകുന്നത് തടയുകയെന്നതാണ് പ്രധാനം. ഇനി ഏതെങ്കിലും തരത്തിൽ അപകടമുണ്ടായാൽ വാഹനത്തിനുള്ളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇലക്ട്രോണിക് സുരക്ഷാ സംവിധാനങ്ങൾക്കൊപ്പം യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള ബോഡികൾ ഡിസൈൻ ചെയ്യാനും ശ്രമിക്കുന്നുണ്ടെന്നാണ് സുസുക്കി അറിയിച്ചിരിക്കുന്നത്.
Content Highlights: Maruti Suzuki is developing a low-cost ADAS system for budget-friendly cars in India., The system aims to replace expensive radars with high-resolution cameras and AI chips to reduce costs., Features like automatic emergency braking and lane departure prevention will be integrated., The initiative focuses on minimizing the high rate of road accidents in the country.