നെക്‌സ മൂന്നാമത്തെ വലിയ കാര്‍ വില്പന ശൃംഖല; അഞ്ച് വര്‍ഷത്തിനുള്ളില്‍ 11 ലക്ഷം വാഹനങ്ങള്‍

-
-

മാരുതി സുസുക്കിയുടെ പ്രീമിയം റീട്ടെയില്‍ ബ്രാന്‍ഡായ 'നെക്‌സ', രാജ്യത്തെ മൂന്നാമത്തെ വലിയ കാര്‍ വില്പനക്കാരായി. രാജ്യത്തെ മൊത്തം കാര്‍ വില്പനയുടെ 11 ശതമാനവും നെക്‌സ ഷോറൂമുകളിലൂടെയാണ്. മാരുതിയുടെ മൊത്തം വില്പനയുടെ 20 ശതമാനത്തിലേറെയും ഇപ്പോള്‍ നെക്‌സ ഷോറൂമുകളിലൂടെയാണ്. 

2015ലാണ് പ്രീമിയം കാറുകള്‍ക്കു വേണ്ടി നെക്‌സ എന്ന പേരില്‍ പ്രത്യേക ശൃംഖല മാരുതി ആരംഭിച്ചത്. അഞ്ച് വര്‍ഷം പിന്നിടുന്നതോടെ 11 ലക്ഷം വാഹനങ്ങളാണ് മാരുതി നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെ നിരത്തുകളിലെത്തിച്ചിരിക്കുന്നത്. നെക്‌സയുടെ ഉപയോക്താക്കളില്‍ പകുതിയും 35 വയസില്‍ താഴെയുള്ളവരാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

എസ്‌ക്രോസ്, ബലേനൊ, എക്‌സ്.എല്‍.6, ഇഗ്‌നിസ് തുടങ്ങിയ മാരുതിയുടെ മോഡലുകള്‍ നെക്‌സയിലൂടെയാണ് വില്‍ക്കുന്നത്. നിലവില്‍ രാജ്യത്തെ 200 നഗരങ്ങളിലായി 370 ഷോറൂമുകളാണ് നെക്‌സയ്ക്കുള്ളത്. പ്രധാനമായും നഗരപ്രദേശങ്ങളിലെ ഉപയോക്താക്കളെ കേന്ദ്രീകരിച്ചാണ് ഈ പ്രീമിയം ഡീലര്‍ഷിപ്പിന്റെ പ്രവര്‍ത്തനം.

മാരുതിയുടെ ക്രോസ് ഓവര്‍ മോഡലായ എസ്-ക്രോസാണ് നെക്‌സയിലൂടെ വില്‍പ്പനയ്‌ക്കെത്തിയ ആദ്യ വാഹനം. ഇതിനുപിന്നാലെ മാരുതിയുടെ ബലേനൊയുമെത്തുകയായിരുന്നു. ഈ രണ്ട് മോഡലുകളും 2015-ല്‍ തന്നെ എത്തിയിരുന്നു. തുടര്‍ന്ന് 2017-ല്‍ ഇഗ്നീസ്, സിയാസ് മോഡലുകള്‍ നെക്‌സയിലെത്തി. ഏറ്റവുമൊടുവില്‍ മാരുതിയുടെ എംപിവിയായ എക്‌സ്എല്‍6 ആണ് ഇതിലെത്തിയത്. 

ഉപയോക്താക്കള്‍ക്ക് നെക്‌സയുടെ ഉത്പന്നങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ അറിയുന്നതിനായി അടുത്തിടെ ഓഗ്‌മെന്റല്‍ റിയാലിറ്റി സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതിനും ഇടപാടുകള്‍ പരമാവധി സമ്പര്‍ക്ക രഹിതമാക്കുന്നതിനുമാണ് ഈ സാങ്കേതികവിദ്യ ഒരുക്കിയിരിക്കുന്നത്.

Content Highlights: Maruti Nexa Is Third Largest Car Dealership In India 

Content Highlights: