'കൊണ്ടും കൊടുത്തും' ടൊയോട്ടയും സുസുക്കിയും; ഇനിയെത്തുന്നത് ടൊയോട്ട റൂമിയോണ്‍

ടൊയോട്ട റൂമിയോണ്‍ | Photo: Toyota
ടൊയോട്ട റൂമിയോണ്‍ | Photo: Toyota

അടുത്തിടെയാണ് ടൊയോട്ടയുടെ ഹൈക്രോസ് എന്ന വാഹനം സുസുക്കിയുടെ മേല്‍വിലാസം സ്വീകരിച്ച് വിപണിയില്‍ എത്തിയത്. ഇനി ടൊയോട്ടയുടെ ഊഴമാണ്. എര്‍ട്ടിഗ എന്ന എം.പി.വി. വാഹനമാണ് ടൊയോട്ട ബ്രാന്റ് മാറ്റത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. വിദേശ വിപണികളില്‍ ഇതിനോടകം തന്നെ ടൊയോട്ടയുടെ മേല്‍വിലാസം സ്വീകരിച്ച ഈ എം.പി.വി. ഇന്ത്യയിലും ടൊയോട്ട റൂമിയോണ്‍ എന്ന പേരില്‍ എത്തും. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും സെപ്റ്റംബര്‍ മാസത്തോടെ വരവ് പ്രതീക്ഷിക്കാം. 

സുസുക്കി-ടൊയോട്ട കൂട്ടുകെട്ടിന്റെ ഭാഗമായി ടൊയോട്ടയുടെ ബാഡ്ജിങ്ങ് സ്വീകരിക്കുന്ന മൂന്നാമത്തെ മോഡലാണ് എര്‍ട്ടിഗ. പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോ, ഗ്ലാന്‍സയായും, കോംപാക്ട് എസ്.യു.വി. മോഡലായ വിത്താര ബ്രെസ, അര്‍ബണ്‍ ക്രൂയിസറായുമാണ് ടൊയോട്ട വിപണിയില്‍ എത്തിച്ചത്. എര്‍ട്ടിഗ, റൂമിയാന് ആകുന്നതിന് പുറമെ, പ്രീമിയം സെഡാന്‍ മോഡലായ സിയാസ്, ബെല്‍റ്റ എന്ന പേര് സ്വീകരിച്ച് ടൊയോട്ടയുടെ മേല്‍വിലാസത്തില്‍ എത്തുമെന്ന് സൂചനയുണ്ട്.

എര്‍ട്ടിഗയ്ക്ക് സമാനമായ ഡിസൈനില്‍ തന്നെയാണ് റൂമിയനും ഒരുങ്ങിയിട്ടുള്ളത്. മുന്നിലെ ഗ്രില്ലില്‍ മാത്രമാണ് മാറ്റം വരുത്തിയിട്ടുള്ളത്. എര്‍ട്ടിഗയില്‍ ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച ഗ്രില്ലായിരുന്നു എങ്കില്‍ റൂമിയനില്‍ അത് ടൊയോട്ടയുടെ ഇന്നോവയില്‍ നല്‍കിയിരുന്നതിന് സമാനമായ ഡിസൈനിലാണ് ഒരുക്കിയിരിക്കുന്നത്. ഹെഡ്‌ലൈറ്റ്, അലോയി വീല്‍, ബംമ്പര്‍ തുടങ്ങി മറ്റ് ഫീച്ചറുകളെല്ലാം എര്‍ട്ടിഗയില്‍ നിന്ന് കടംകൊണ്ടവയാണെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. 

എര്‍ട്ടിഗ പോലെ ഏഴ് സീറ്റര്‍ എം.പി.വിയായാണ് റൂമിയന്റെ പിറവിയും. അകത്തളത്തിന്റെ അഴകും അളവുമെല്ലാം എര്‍ട്ടിഗയ്ക്ക് സമമാണ്.
കറുപ്പ്‌ നിറത്തിലുള്ള ഡാഷ്‌ബോര്‍ഡില്‍ വുഡന്‍ ഫിനീഷിങ്ങിലുള്ള പാനല്‍ നല്‍കിയാണ് അകത്തളത്തിന് ആഡംബര ഭാവം പകരുന്നത്. ഈ ഫിനീഷിങ്ങ് സ്റ്റിയറിങ്ങ് വീലിലേക്കും നീണ്ടിരിക്കുന്നു. ഏഴ് ഇഞ്ച് വലിപ്പമുള്ള സ്മാര്‍ട്ട്‌പ്ലേ 2.0 ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളും ഇതില്‍ ഒരുങ്ങിയേക്കും. 

മെക്കാനിക്കല്‍ ഫീച്ചറുകളും എര്‍ട്ടിഗയിലേത് തുടരുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് എര്‍ട്ടിഗ നിരത്തുകളില്‍ എത്തിയിട്ടുള്ളത്. റൂമിയനിലും ഈ എന്‍ജിനായിരിക്കും കരുത്തേകുക. ഇത് 103 ബി.എ്ച്ച.പി. പവറും 138 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് എര്‍ട്ടിഗയില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും എര്‍ട്ടിഗയില്‍ നല്‍കുന്നുണ്ട്.

Content Highlights: Maruti Ertiga rebadging model Toyota Rumion to launch in september, Toyota Rumion