സേഫ്റ്റിയുടെ പേരിലുള്ള പരിഹാസം നിര്‍ത്താം;ക്രാഷ് ടെസ്റ്റില്‍ സൂപ്പര്‍ സ്റ്റാറായി മാരുതി ബലേനൊ |Video

പ്രതീകാത്മക ചിത്രം | Photo: Maruti Suzuki
പ്രതീകാത്മക ചിത്രം | Photo: Maruti Suzuki

സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവുമധികം പഴിയും പരിഹാസവും കേട്ടിട്ടുള്ള വാഹനമാണ് മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനൊ. ഏറ്റവും മികച്ച ഹാച്ച്ബാക്ക് വാഹനമായിരുന്നിട്ടും സുരക്ഷയുടെ പേരില്‍ നേരിട്ടിരുന്ന ഡീഗ്രേഡിങ്ങുകളില്‍ നിന്ന് ബലേനൊയ്ക്ക് മോചനം ലഭിക്കുകയാണ്. ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരുക്കിയിട്ടുള്ള ഭാരത് എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റിലാണ് ബലേനൊ വലിയ നേട്ടമുണ്ടാക്കിയിരിക്കുന്നത്. 

ഭാരത് എന്‍സിഎപി ക്രാഷ്‌ടെസ്റ്റിനെ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങോടെയാണ് ബലേനൊ അതിജീവിച്ചിരിക്കുന്നത്. കുട്ടികളുടെ സുരക്ഷയില്‍ ത്രീ സ്റ്റാര്‍ റേറ്റിങ്ങും മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങുമാണ് ഈ വാഹനത്തിന് ക്രാഷ് ടെസ്റ്റില്‍ ലഭിച്ചിരിക്കുന്നത്. കേവലം ഒരു വേരിയന്റില്‍ മാത്രമാണ് സുരക്ഷയെന്ന വിമര്‍ശനത്തിന് മുനയൊടിക്കുന്നതിനായി ബലേനൊയുടെ നാല് വേരിയന്റുകളും ക്രാഷ് ടെസ്റ്റിന് ഇറക്കിയിരുന്നുവെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 

ടെസ്റ്റ് റിസള്‍ട്ട് അനുസരിച്ച് മുതര്‍ന്നവര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ ബലേനൊയിക്ക് 32-ല്‍ 26.52 മാര്‍ക്കും കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ 49-ല്‍ 34.81 മാര്‍ക്കും മുന്നില്‍ നിന്നുള്ള ആഘാതത്തിലെ സുരക്ഷയില്‍ 16-ല്‍ 11.54 മാര്‍ക്കും വശങ്ങളില്‍ നിന്നുള്ള ആഘാതം വിലയിരുത്തുന്നതില്‍ 16-ല്‍ 14.99 മാര്‍ക്കുമാണ് ബലേനൊയ്ക്ക് ലഭിച്ചിരിക്കുന്നത്. മുന്നില്‍ നിന്നുള്ള ആഘാതത്തില്‍ യാത്രക്കാരുടെ തലയ്ക്കും കഴുത്തിനും മികച്ച സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും ക്രാഷ് ടെസ്റ്റ് ഫലം വെളിപ്പെടുത്തുന്നു. 

മികച്ച സുരക്ഷ സംവിധാനങ്ങള്‍ ഉള്ള വാഹനമാണ് മാരുതി സുസുക്കി ബലേനൊ. താഴ്ന്ന വേരിയന്റുകളായ സിഗ്മ, ഡെല്‍റ്റ എന്നിവയില്‍ രണ്ട് എയര്‍ബാഗുകളാണ് നല്‍കുന്നതെങ്കിലും സീറ്റ, ആല്‍ഫ എന്നീ പതിപ്പുകളില്‍ ആറ് എയര്‍ബാഗുകള്‍ നല്‍കുന്നുണ്ട്. എബിഎസ്, ഇഎസ്പി, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, ബ്രേക്ക് അസിസ്റ്റ്, ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ എന്നിവയാണ് ബലേനൊയിലെ മറ്റ് സുരക്ഷ സംവിധാനങ്ങള്‍. 

Content Highlights: Maruti Baleno achieves a 4-star Bharat NCAP safety rating