40 ലക്ഷം കുടുംബങ്ങളുടെ പിന്തുണയില്‍ മാരുതി ആള്‍ട്ടോ 20-ാം പിറന്നാളിന്റെ നിറവില്‍

കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ മറ്റൊരു വാഹനത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത നേട്ടങ്ങളുടെ അവകാശിയാണ് മാരുതിയുടെ ആള്‍ട്ടോ എന്ന കുഞ്ഞന്‍ ഹാച്ച്ബാക്ക്. നിരത്തുകളിലെത്തിയതിന്റെ 20 വര്‍ഷം ആഘോഷിക്കുന്ന ഈ വാഹനം ഇന്ത്യയിലെ 40 ലക്ഷം കുടുംബങ്ങളുടെ ഭാഗമാണെന്നുള്ളതും മാരുതിയുടെ അഭിമാനമാണ്.
2000-ത്തില്‍ ആണ് മാരുതിയില്‍ നിന്ന് ആള്‍ട്ടോ എന്ന വാഹനം പുറത്തിറങ്ങുന്നത്. നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുള്ള കാര്‍ എന്ന ഖ്യാതി ആള്‍ട്ടോയിക്കൊപ്പമായി. 2008-ല്‍ ആള്‍ട്ടോയുടെ പത്ത് ലക്ഷം യൂണിറ്റ് നിരത്തുകളിലെത്തി. എന്നാല്‍, അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഉപയോക്താക്കളുടെ എണ്ണം 20 ലക്ഷമായി.
പിന്നീട് അങ്ങോട്ട് ഓരോ നാല് വര്‍ഷത്തിലും പത്ത് ലക്ഷം എന്ന നിലയിലാണ് ആള്‍ട്ടോയുടെ വില്‍പ്പന. 2016-ല്‍ വില്‍പ്പന 30 ലക്ഷം കടക്കുകയും 2020-ഓഗസ്റ്റില്‍ ഇത് 40 ലക്ഷത്തിലെത്തുകയും ചെയ്തു. കഴിഞ്ഞ 16 വര്‍ഷമായി ടോപ്പ് സെല്ലിങ്ങ് വാഹനമെന്ന പട്ടം സ്വന്തമായുള്ള ആള്‍ട്ടോ, ഇന്ത്യയിലെ പാസഞ്ചര്‍ കാര്‍ ശ്രേണിയിലെ ഒന്നാമനാണ്.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ ആള്‍ട്ടോയുടെ ഉപയോക്താക്കളായിരുന്നവരില്‍ 76 ശതമാനം ആളുകളും ആദ്യ വാഹനമായാണ് ആള്‍ട്ടോ തിരഞ്ഞെടുത്തിട്ടുള്ളത്. ഈ വര്‍ഷം ഇത് 84 ശതമാനം ആയി ഉയര്‍ന്നിട്ടുണ്ട്. 2019-ല്‍ ആള്‍ട്ടോയുടെ വില്‍പ്പനയുടെ 59 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ ആയിരുന്നു. ഈ വര്‍ഷം ഇത് 62 ശതമാനമായെന്നും മാരുതി അറിയിച്ചു.
ഇന്ത്യക്ക് പുറമെ, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, സൗത്ത് ഏഷ്യ എന്നിവിടങ്ങളിലായി 40 രാജ്യങ്ങളിലേക്കും മാരുതി സുസുക്കി ആള്‍ട്ടോ കയറ്റുമതി ചെയ്യുന്നുണ്ട്. കുറഞ്ഞ വില, അവശ്യ സൗകര്യങ്ങള്‍, മികച്ച ഇന്ധനക്ഷമത, സുരക്ഷ തുടങ്ങിയ ഫീച്ചറുകളാണ് ആള്‍ട്ടോയെ ജനപ്രിയ ഫാമിലി കാറാക്കി മാറ്റുന്നതെന്നാണ് വിലയിരുത്തലുകള്‍.
ബിഎസ് 6 നിലവാരത്തിലുള്ള 796 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 6000 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി പവറും 3500 ആര്‍പിഎമ്മില്‍ 69 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. ഇപ്പോള്‍ ആറ് പെട്രോള്‍ പതിപ്പും രണ്ട് സിഎന്‍ജി വേരിയന്റുമാണ് ആള്‍ട്ടോ നിരയിലുള്ളത്.
Content Highlights: Maruti Alto Celebrating 20 Years In Indian Road
Content Highlights: