ആഗ്രഹിച്ചത് സാന്‍ട്രോ, ഇന്ന് ജോജുവിന്റെ ഗ്യാരേജില്‍ ഓമ്‌നി മുതല്‍ പോര്‍ഷെ വരെ

മലയാള സിനിമിയല്‍ നടന്‍, നിര്‍മാതാവ് എന്നീ സ്ഥാനങ്ങളില്‍ ചുവടുറപ്പിച്ചിട്ടുള്ള നടനാണ് ജോജു ജോര്‍ജ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ആരംഭിച്ച് ഡയലോഗ് ഉള്ള ഒരു റോള്‍ ചെയ്യാന്‍ ആഗ്രഹിച്ച ഈ നടന്‍ ഇന്ന് നിരവധി സിനിമകളില്‍ നയകനായും പത്തോളം സിനിമയുടെ നിര്‍മാതാവുമായി നിറഞ്ഞ് നില്‍ക്കുകയാണ്. എന്നാല്‍, ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ചരിത്രം കൂടിയുണ്ടെന്നതാണ് വസ്തുത.
തന്റെ വാഹനപ്രേമം പല അഭിമുഖങ്ങളിലും ജോജു തുറന്നുപറഞ്ഞിട്ടുള്ള ഒന്നാണ്. ഒരു സാന്‍ട്രോ സ്വന്തമാക്കുക എന്നതായിരുന്നു ഒരുകാലത്ത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്‌നമെങ്കില്‍ ഇന്ന് സ്‌പോര്‍ട്‌സ് ബൈക്കുകളുടെയും പ്രീമിയം കാറുകളുടെയും ഒരുനിര തന്നെ ജോജുവിന്റെ ഗ്യാരേജിലുണ്ട്. അദ്ദേഹത്തിന്റെ വാഹന ശേഖരത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സംവിധായകനായ അഖില്‍ മാരാര്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
സ്വന്തമായി ഒരു സാന്‍ട്രോ കാര്‍, സിനിമയില്‍ ഡയലോഗുള്ള വേഷം ഇതായിരുന്നു ആഗ്രഹം, അതിനുവേണ്ടി അയാള്‍ 15 വര്‍ഷങ്ങള്‍ അലഞ്ഞു. കാലം ഇന്ന് അയാളെ നായകനാക്കി, പത്തോളം സിനിമകളുടെ നിര്‍മാതാവാക്കി, ഒന്നുമില്ലായ്മയില്‍ നിന്നും ആഗ്രഹിച്ചത് നേടി എടുത്തവന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെ ശക്തിയാണ് ജോജു ജോര്‍ജ്. വാഹനങ്ങളെ മക്കളെ പോലെ സ്‌നേഹിക്കുന്ന വണ്ടിപ്രാന്തന്റെ വീടിനുമുന്നില്‍ ഇങ്ങനെ ഒരു കാഴ്ച കണ്ടപ്പോള്‍ ഞാന്‍ ക്യാമറയില്‍ ആക്കിയെന്ന് മാത്രം. ഈ കുറിപ്പോടെയാണ് അഖില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പോര്‍ഷെ കയേന്‍, ബി.എം.ഡബ്ല്യു എം3, ഔഡി ആര്‍.എസ്7, ലാന്‍ഡോ റോവര്‍ ഡിഫന്‍ഡര്‍, മിസ്തുബിഷി പജേറോ, മിനി കൂപ്പര്‍, ജീപ്പ് റാങ്ക്‌ളര്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മാരുതി സുസുക്കി ഒമ്‌നി തുടങ്ങിയ കാറുകളും ബി.എം.ഡബ്ല്യു സി400 ജി.ടി. സ്‌കൂട്ടറും, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ സൂപ്പര്‍ ബൈക്കുമാണ് സംവിധായകനായ അഖില്‍ മാരാര്‍ പങ്കുവെച്ചിട്ടുള്ള ജോജു ജോര്‍ജിന്റെ ഗ്യാരേജിലെ വാഹനങ്ങള്‍.
Content Highlights: Malayalam actor Joju George vehicle collection, Joju George, Car Collection