ഇന്ത്യയില്‍ മാത്രമല്ല, ദക്ഷിണാഫ്രിക്കയിലുമുണ്ട് 3XO-ക്ക് പിടി; രാജ്യാതിര്‍ത്തി കടന്ന് മഹീന്ദ്ര SUV

ഇന്ത്യന്‍ വാഹന വിപണിയിലെ എസ്.യു.വി. ശ്രേണിയില്‍ വ്യക്തമായ ആധിപത്യമാണ് ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ മഹീന്ദ്രയ്ക്കുള്ളത്. കോംപാക്ട് എസ്.യു.വി. ശ്രേണിയില്‍ 3XO എന്ന മോഡല്‍ എത്തിയതോടെ അത് ഒരിക്കല്‍ കൂടി ഉറപ്പിച്ചതുമാണ്. ആഭ്യന്തര നിരത്തുകളില്‍ വലിയ സ്വീകാര്യത നേടിയ 3XO എന്ന കോംപാക്ട് എസ്.യു.വി. രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് മുന്നേറുകയാണ്. ദക്ഷണാഫ്രിക്കയിലാണ് മഹീന്ദ്ര ഈ കോംപാക്ട് എസ്.യു.വി. അവതരിപ്പിച്ചിരിക്കുന്നത്.
അഞ്ച് വേരിയന്റുകളിലാണ് മഹീന്ദ്ര 3XO സൗത്ത് ആഫ്രിക്കന്‍ വിപണികളില്‍ എത്തിച്ചിരിക്കുന്നത്. 2.54 ലക്ഷം റാന്‍ഡ് ആണ് (ഏകദേശം 12.1 ലക്ഷം രൂപ) ദക്ഷിണാഫ്രിക്കന്‍ വിപണിയില്‍ ഈ വാഹനത്തിന്റെ പ്രാരംഭ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസൈനിലും ഫീച്ചറുകളിലും ഇന്ത്യന്‍ നിരത്തുകളില്‍ മഹീന്ദ്ര എത്തിച്ചിട്ടുള്ള മോഡലിന് സമാനമാണ് ദക്ഷിണാഫ്രിക്കയില്‍ അവതരിപ്പിച്ച മോഡലുമെന്നാണ് വിലയിരുത്തലുകള്‍. വിലയില്‍ മാത്രമാണ് മാറ്റമുള്ളത്.
കാഴ്ചയില്‍ ഏറെ സ്‌റ്റൈലിഷായ രൂപകല്‍പ്പനയ്ക്ക് പുറമെ, ഫീച്ചര്‍ സമ്പന്നമായാണ് ഈ വാഹനം മഹീന്ദ്ര ഒരുക്കിയിട്ടുള്ളത്. മഹീന്ദ്രയുടെ ഇലക്ട്രിക് മോഡലായ എക്സ്.യു.വി.400-യുമായി സാമ്യമുള്ള അകത്തളമാണ് ഈ മോഡലിലും ഉള്ളതും. മികച്ച യാത്ര സൗകര്യം ഉറപ്പാക്കുന്നതിനായി ഉയര്‍ന്ന ക്യാബിന്‍ സ്പേസ് നല്‍കിയിരിക്കുന്നതാണ് എതിരാളികളില്‍ നിന്ന് ഈ വാഹനത്തെ വ്യത്യസ്തമാക്കുന്ന ഘടകം. ബോണറ്റിന്റെ ഉയരം കുറച്ച് ഉയര്‍ന്ന റോഡ് വിസിബിലിറ്റി ഉറപ്പാക്കിയിതും 3XOയുടെ ഹൈലൈറ്റാണ്.
എന്നാല്‍, ദക്ഷിണാഫ്രിക്കയില്‍ എത്തുന്ന 3XO-യുടെ ഇന്റീരിയര്‍ ലേഔട്ട് ഇന്ത്യന്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമാണ്. ഇന്ത്യന്‍ മോഡലില്‍ ഇരട്ട നിറത്തിലാണ് അകത്തളം ഒരുങ്ങിയിട്ടുള്ളതെങ്കില്‍ വിദേശ മോഡലില്‍ ഓള്‍ ബ്ലാക്ക് ഇന്റീരിയറാണുള്ളത്. 10.25 ഇഞ്ച് വലിപ്പത്തിലുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും ഈ വാഹനത്തില്‍ നല്‍കും. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിങ് തുടങ്ങിയവയും 3XO-യില്‍ ഒരുക്കിയിട്ടുണ്ട്.
രണ്ട് പെട്രോള്‍ ഒരു ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഈ വാഹനം എത്തുന്നത്. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 110 ബി.എച്ച്.പി. പവറും 200 എന്‍.എം.ടോര്‍ക്കും, 1.2 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍ എന്‍ജിന്‍ 130 ബി.എച്ച്.പി. പവറും 230 എന്‍.എം. ടോര്‍ക്കും 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ 115 ബി.എച്ച്.പി. പവറും 300 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷനുകളും നല്‍കുന്നുണ്ട്.
Content Highlights: Mahindra XUV300, the popular compact SUV, is now available in South Africa.