ബൊലേറൊ നിയോയെ അടിസ്ഥാനമാക്കി പുതിയ ആംബുലന്‍സ് എത്തിച്ച് മഹീന്ദ്ര; വില 13.99 ലക്ഷം

ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളില്‍ ഒന്നായ മഹീന്ദ്രയില്‍ നിന്ന് അടിയന്തിര സര്‍വീസിനുള്ള ഒരു വാഹനം കൂടി നിരത്തുകളില്‍ എത്തുകയാണ്. ടി.യു.വി 300-ന് പകരക്കാരനായി എത്തിയ ബൊലേറൊ നിയോ പ്ലസ് എന്ന വാഹനത്തിന്റെ ആംബുസലന്‍സ് പതിപ്പാണ് മഹീന്ദ്രയുടെ വാഹന നിരയില്‍ ഏറ്റവുമൊടുവില്‍ എത്തിയിരിക്കുന്നത്. 13.99 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
ബൊലേറൊ നിയോ ആംബുലന്‍സിന്റെ ലോങ്ങ് വീല്‍ബേസ് പതിപ്പായാണ് നിയോ പ്ലസ് അവതരിപ്പിച്ചിരിക്കുന്നത്. മെട്രോ സിറ്റികളിലും, ഇടത്തരം നഗരങ്ങളിലും രോഗികളുമായുള്ള ഗതാഗതം എളുപ്പമാക്കുന്നതിനാണ് താരത്യേന വലിപ്പം കുറഞ്ഞ ഈ വാഹനത്തില്‍ ആംബുലന്‍സ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ബോഡി ഓണ്‍ ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് ഈ ആംബുലന്‍സ് ഒരുക്കിയിട്ടുള്ളത്. ബൊലേറൊ നിയോ പ്ലസിന്റെ പാസഞ്ചര്‍ മോഡല്‍ വരും മാസങ്ങളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടൈപ്പ് ബി ആംബുലന്‍സ് സെഗ്മെന്റില്‍ എ.ഐ.എസ്: 125 മാനദണ്ഡങ്ങള്‍ പാലിച്ചാണ് ബൊലേറൊ നിയോ പ്ലസ് ആംബുലന്‍സിന്റെ രൂപകല്‍പ്പന. ഒരാള്‍ക്ക് തന്നെ ക്രമീകരിക്കാന്‍ സാധിക്കുന്ന സ്‌ട്രെച്ചര്‍, ഓക്‌സിജന്‍ സിലിണ്ടര്‍, എയര്‍ കണ്ടീഷന്‍ ക്യാബിന്‍, വാഷ് ബേസിന്‍, മൈക്ക് സൈറണ്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍പ്പെടെയാണ് ഈ വാഹനത്തിന്റെ ഇന്റീരിയര്‍ ഒരുക്കിയിട്ടുള്ളത്. 4400 എം.എം. നീളത്തിനൊപ്പം ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ഈ ആംബുലന്‍സില്‍ ഒരുക്കിയിട്ടുണ്ട്.
മഹീന്ദ്രയുടെ ജെന്‍-3 ഷാസിയില്‍ നിയോ പ്ലാറ്റ്‌ഫോമിലാണ് ബൊലേറൊ നിയോ പ്ലസ് ആംബുലന്‍സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 120 എച്ച്.പി. പവറും 280 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. റിയര്‍വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പ് ആറ് സ്പീഡ് ട്രാന്‍സ്മിഷനുമായാണ് ഈ വാഹനത്തെ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്.
അതേസമയം, ബൊലേറൊ നിയോയുടെ റെഗുലര്‍ മോഡലില്‍ 1.5 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. 100 ബി.എച്ച്.പി. പവറും 260 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. പെട്ടെന്ന് വേഗം കൂട്ടുന്നതിന് വേരിയബിള്‍ ജ്യോമട്രി ടര്‍ബോയായിരുന്നു് നിയോയില്‍ നല്‍കിയിട്ടുള്ളത്. അഞ്ച് സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്‍സ്മിഷന്‍.താഴ്ന്ന ഗിയര്‍ പൊസിഷനുകളിലുള്ള കുതിപ്പ് നിയോയുടെ സവിശേഷതയാണ്.
Content Highlights: Mahindra Unveils Bolero Neo+ Ambulance, Priced at Rs. 13.99 Lakh, Mahindra ambulance