വലിയ മാറ്റങ്ങളുമായി ബിഗ് ഡാഡി ഉടനെത്തും; സ്കോർപിയോ N-ൽ അഡാസും പനോരമിക് സൺറൂഫും, റിപ്പോർട്ട്

Photo: Mahindra
Photo: Mahindra

2022 ജൂണിലാണ് ഇന്ത്യൻ വിപണിയിൽ സ്കോർപിയോ എൻ എന്ന കരുത്തനെ മഹീന്ദ്ര പുറത്തിറക്കിയത്. ബിഗ് ഡാഡി ഓഫ് എസ്.യു.വി. എന്ന വിശേഷണത്തോടെ എത്തിച്ച ഈ മോഡല്‍ പിന്നീട് ഇന്ത്യന്‍ വാഹന വിപണിയിലെ പല റെക്കോഡുകളും തിരുത്തികുറിക്കുന്ന കാഴ്ചയും നാം കണ്ടു. വെറും 60 സെക്കന്റില്‍ 25,000 ആളുകള്‍ ഈ വാഹനം ബുക്കുചെയ്തതോടെ വന്നത് നിസ്സാരക്കാരനല്ലെന്ന് എതിരാളികൾക്കുപോലും ബോധ്യമായി. 

ഇന്ത്യൻ നിരത്തിലെത്തിയതിന്റെ മൂന്നാം വാർഷികത്തിന് അരികിൽനിൽക്കെ, സ്കോർപിയോ N-ൽ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ മഹീന്ദ്ര പദ്ധതിയിടുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. പനോരമിക് സൺറൂഫും സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ലെവൽ 2 അഡാസും അടങ്ങിയ പുതിയ വേരിയന്റ് എസ്‌യുവിക്ക് ലഭിക്കുമെന്നാണ് വിവരം. 

സ്മാർട്ട് പൈലറ്റ് അസിസ്റ്റ്, ഫോർവേഡ് കൊളിഷൻ വാണിങ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, ലെയ്ൻ ഡിപാർച്ചർ വാണിങ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളുള്ള ലെവൽ 2 അഡാസ് സ്കോർപിയോ N-ന് ലഭിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

നിലവിൽ, സ്കോർപിയോ N-ന്റെ ഉയർന്ന വേരിയന്റുകളിൽ സിംഗിൾ-പേൻ സൺറൂഫാണ് നൽകുന്നത്. ഉടൻ തന്നെ ടോപ്പ് ട്രിമ്മുകളിൽ പനോരമിക് സൺറൂഫ് ഓപ്ഷൻ മഹീന്ദ്ര നൽകിയേക്കാം. ഈ ഫീച്ചറുകൾ XUV700-ൽ തുടക്കംമുതലേ ലഭ്യമാണ്. കൂടാതെ XUV3XO, ഥാർ റോക്സ് പോലുള്ള പുതിയ മോഡലുകളിലും ഇവ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, മെക്കാനിക്കൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. 2.0 ലിറ്റർ ടർബോ-പെട്രോൾ, 2.2 ലിറ്റർ ഡീസൽ എൻജിനുകൾ അതേപടി സ്കോർപിയോ N-ൽ തുടരും. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. ഉയർന്ന ട്രിമ്മുകളിൽ ഫോർ-വീൽ ഡ്രൈവ് ലഭ്യമാണ്. നിലവിൽ, വാഹനത്തിന്റെ പ്രാരംഭ വില 13.99 ലക്ഷം രൂപ  25.15 ലക്ഷം രൂപ (എക്സ്-ഷോറൂം) വരെയാണ്.
 
 

Content Highlights: Mahindra Scorpio N Likely To Get ADAS and Panoramic Sunroof Soon