മത്സരം ശക്തമാക്കാന്‍ എക്‌സ്‌യുവി 300-ന്റെ വില കുറച്ചും ഓഫറുകള്‍ ഒരുക്കിയും മഹീന്ദ്ര

ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി ശ്രേണയിലെ കരുത്തന്‍ സാന്നിധ്യമാണ് മഹീന്ദ്രയുടെ എക്‌സ്‌യുവി 300. വാഹനങ്ങളുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് ഈ ശ്രേണിയിലുണ്ടായിരിക്കുന്ന മത്സരത്തെ അതിജീവിക്കുന്നതിനായി എക്‌സ്‌യുവി 300-ന്റെ തിരഞ്ഞെടുത്ത വേരിയന്റുകളുടെ വില കുറച്ചിരിക്കുകയാണ് മഹീന്ദ്ര. 70,000 രൂപ വരെയാണ് വില കുറഞ്ഞിരിക്കുന്നത്.

മുമ്പ് 8.30 ലക്ഷം രൂപയിലായിരുന്നു എക്‌സ്‌യുവി 300-ന്റെ വില ആരംഭിച്ചിരുന്നത്. എന്നാല്‍, പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 7.95 ലക്ഷം രൂപയിലാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത്. അടിസ്ഥാന മോഡലായ W4-ന്റെ പെട്രോള്‍ മോഡലിന് 35,000 രൂപയും W6 വേരിയന്റിന് 17,000 രൂപയുമാണ് വില കുറച്ചിരിക്കുന്നത്. 

അതേസമയം, ഉയര്‍ന്ന വേരിയന്റായ W8-നാണ് കൂടുതല്‍ വില കുറഞ്ഞിരിക്കുന്നത്. ഈ വേരിയന്റിലെ പെട്രോള്‍ മോഡലിന് 70,000 രൂപയും ഡീസല്‍ മോഡലിന് 20,000 രൂപയുമാണ് കുറച്ചിരിക്കുന്നത്. W8 എഎംടി, W8(O) എഎംടി എന്നീ വേരിയന്റുകള്‍ക്ക് യഥാക്രമം 20,000, 39,000 രൂപ കുറച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍, കൂടുതല്‍ മോഡലുകളുടെ വില കുറച്ചതിനൊപ്പം ഏതാനും വേരിയന്റുകളുടെ വില ഉയര്‍ത്തിയിട്ടുമുണ്ട്. എക്‌സ്‌യുവി 300-ന്റെ അടിസ്ഥാന മോഡലിന്റെ ഡീസല്‍ പതിപ്പിന് 1000 രൂപ ഉയര്‍ത്തിയിട്ടുണ്ട്. W6 ഡീസല്‍ വേരിയിന്റിന് 20,000 രൂപയും  W6 ഡീസല്‍ എഎംടി വേരിയന്റിന് 21,000 രൂപയുമാണ് വില ഉയര്‍ത്തിയിട്ടുള്ളത്.  

വില കുറയ്ക്കുന്നതിന് പുറമെ, നിരവധി ആനുകൂല്യങ്ങളും മഹീന്ദ്ര ഈ വാഹനത്തിന് പ്രഖ്യാപിച്ചിട്ടുണ്ട്. W4 ഡീസല്‍ പതിപ്പിന് 25,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും, 4500 രൂപയുടെ കോര്‍പറേറ്റ് ആനുകൂല്യവും, 1550 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും നല്‍കുന്നുണ്ട്. പെട്രോള്‍ പതിപ്പിന് 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 

എല്ലാ വേരിയന്റിനും ഒരേ എക്‌സ്‌ചേഞ്ച് ബോണസാണ് ഒരുക്കുന്നത്. ഇതിനൊപ്പം, W6 പെട്രോള്‍ മോഡലിന് 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. W8 ഡീസല്‍ മാനുവല്‍/ എഎംടി മോഡലുകള്‍ക്ക് 8100 രൂപയുടെ ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. W8(O) പെട്രോള്‍ മോഡലിന് 25,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും മഹീന്ദ്ര ഉറപ്പുനല്‍കുന്നുണ്ട്.

Content Highlights; Mahindra Reduce The Price For Selected Variants Of XUV300

Content Highlights: