8472 കോടി രൂപ! മഹീന്ദ്ര BE 6, XEV 9e ഇവികൾക്ക് ആദ്യ ദിവസം 30179 ബുക്കിങ്ങുകൾ

Photo: Mahindra
Photo: Mahindra

ഫ്യുച്ചറിസ്റ്റിക് ലുക്കും ഫീച്ചറുംകൊണ്ട് ഞെട്ടിച്ച മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങളാണ് ബി.ഇ.6 ഉം എക്‌സ്.ഇ.വി 9 ഉം. 2024-ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ വാഹനങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മോഡലുകളായിരുന്നു ഇവ. ഇപ്പോൾ ബുക്കിങ്ങിന്റെ കാര്യത്തിലും ഇവ ഞെട്ടിച്ചിരിക്കുകയാണ്. ബുക്കിങ് ആരംഭിച്ച വെള്ളിയാഴ്ച രണ്ട് വാഹനങ്ങൾക്കുംകൂടി കിട്ടിയത് 30179 ബുക്കിങ്ങുകളാണ്. 

വാഹനത്തിന്റെ എക്സ് ഷോറൂം വില കണക്കാക്കുകയാണെങ്കിൽ ബുക്കിങ് മൂല്യം 8472 കോടി രൂപയാണെന്നാണ് കമ്പനി പറയുന്നത്. മൊത്തം ബുക്കിങ്ങിൽ, ബി.ഇ.6-ന് 44 ശതമാനവും എക്‌സ്.ഇ.വി 9ഇ-യ്ക്ക് 56 ശതമാനവുമാണുള്ളത്. രണ്ട് മോഡലുകളിലുമുള്ള 79 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷനാണ് കൂടുതൽ ബുക്കിങ് സ്വന്തമാക്കിയത്. 73 ശതമാനം. മാര്‍ച്ച് ആദ്യവാരം മുതലാകും വാഹനങ്ങളുടെ വിതരണം മഹീന്ദ്ര ആരംഭിക്കുക. 

2022-ൽ 30 മിനിറ്റിൽ ഒരു ലക്ഷം ബുക്കിങ്ങ് മഹീന്ദ്ര സ്കോർപിയോ എൻ നേടിയിരുന്നു. 2024-ൽ 60 മിനിറ്റിനുള്ളിൽ XUV 3XO കരസ്ഥമാക്കിയത് 50,000 ബുക്കിങ്ങുകളായിരുന്നു. കഴിഞ്ഞവർഷം ഥാർ റോക്സ് 60 മിനിറ്റിൽ നേടിയതാകട്ടെ 176218 ബുക്കിങ്ങും. ഇന്ത്യയിൽ ഇലക്ട്രിക് കാർ സെ​ഗ്മെന്റ് വളർച്ചയുടെ ആരംഭഘട്ടത്തിലായതിനാൽ, ബി.ഇ.6, എക്‌സ്.ഇ.വി 9ഇ എന്നിവ ഒറ്റദിവസം നേടിയ ഈ ബുക്കിങ് ശ്രദ്ധേയമാണ്. ഓട്ടോ മൊബൈൽ ഡീലേഴ്സ് അസോസിയേഷന്റെ കണക്കുപ്രകാരം 2024-ൽ 99165 ഇലക്ട്രിക് കാറുകളാണ് വിറ്റഴിച്ചത്.

 
 
പാക്ക് വണ്‍, പാക്ക് ടൂ, പാക്ക് ത്രീ എന്നീ മൂന്ന് വേരിയന്റുകളിലാണ് മഹീന്ദ്ര ബി.ഇ.6 എത്തുന്നത്. ഇതില്‍ ഉയര്‍ന്ന വേരിയന്റായ പാക്ക് ത്രീയുടെ വില 26.90 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം). അടിസ്ഥാന വേരിയന്റായ പാക്ക് വണ്ണിന് 18.90 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.മഹീന്ദ്ര എക്‌സ്.ഇ.വി. 9ഇ മോഡലിന്റെ ഉയര്‍ന്ന വകഭേദമായ പാക്ക് ത്രീയുടെ വില 30.50 ലക്ഷം രൂപയാണ്. 9ഇ-യുടെ അടിസ്ഥാന മോഡലിന് 21.90 ലക്ഷം രൂപയാണ് പ്രാരംഭ വില. ബി.ഇ.6 പാക്ക് ടൂ വേരിയന്റിന്  21.90 ലക്ഷം രൂപയും 9ഇ പാക്ക് ടൂ വേരിയന്റിന് 24.90  ലക്ഷം രൂപയുമാണ് വില. 

59 കിലോവാട്ട്, 79 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷുകളാണ് ഈ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളത്. ഇതിലെ ഇലക്ട്രിക് മോട്ടോര്‍ 280 പി.എസ്. പവറും 380 എന്‍.എം. ടോര്‍ക്കുമേകും. ഈ വാഹനത്തിന്റെ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ വെറും 20 മിനിറ്റ് മതിയെന്നതാണ് മറ്റൊരു സവിശേഷത.59 കിലോവാട്ട് ബാറ്ററി പാക്ക് നല്‍കിയിട്ടുള്ള എക്‌സ്.ഇ.വി. 9ഇ ഒറ്റത്തവണ ചാര്‍ജില്‍ 542 കിലോമീറ്ററും 79 കിലോവാട്ട് ബാറ്ററി പാക്ക് മോഡല്‍ 656 കിലോമീറ്റര്‍ റേഞ്ചും നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ബി.ഇ.6 മോഡല്‍ 556 കിലോമീറ്ററും 682 കിലോമീറ്റര്‍ റേഞ്ചുമാണ് നല്‍കുന്നത്.  

Content Highlights: Mahindra BE 6, XEV 9e get 30179 bookings