വര്‍ഷം 4 ലക്ഷം ഇ.വി-ഹൈബ്രിഡ് കാറുകള്‍,21000 കോടി നിക്ഷേപം; ടൊയോട്ടക്ക് 827 ഏക്കര്‍ നല്കി മഹാരാഷ്ട്ര

ഇന്ത്യയിലെ വാഹന വിപണിയിലേക്ക് കൂടുതല്‍ ഇലക്ട്രിക്-ഹൈബ്രിഡ് മോഡലുകള്‍ എത്തിക്കുന്നതിനുള്ള നിര്‍ണായക നീക്കവുമായി ടൊയോട്ട. ഈ നീക്കത്തിന് പിന്തുണ ഉറപ്പാക്കി പുതിയ വാഹന നിര്‍മാണശാല ആരംഭിക്കുന്നതിനായി 827 ഏക്കര്‍ സ്ഥലമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഛത്രപതി സംഭാജി നഗറിലാണ് ടൊയോട്ട കിര്ലോസ്കര് മോട്ടോഴ്സിന്റെ പുതിയ പ്ലാന്റിനുള്ള സ്ഥലം അനുവദിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ ജൂലായ് 31-നാണ് ഗ്രീല്‍ഫീല്‍ഡ് മാനുഫാക്ചറിങ് ഫെസിലിറ്റി ഒരുക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരും ടൊയോട്ട കിര്‍ലോസ്കറും ഒപ്പുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇലക്ട്രിക്-ഹൈബ്രിഡ് വാഹന പ്ലാന്റ് നിര്‍മിക്കുന്നതിന് ടൊയോട്ടയ്ക്ക് സ്ഥാലം അനുവദിച്ചിരിക്കുന്നത്. 8000 പേര്‍ക്ക് നേരിട്ടും 18,000 പേര്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിയായാണ് പ്ലാന്റ് വരുന്നതോടെ യാഥാര്‍ഥ്യമാകുന്നത്.
പ്രതിവര്‍ഷം നാല് ലക്ഷത്തോളം ഇലക്ട്രിക്-ഹൈബ്രിഡ് കാറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് ടൊയോട്ട വിഭാവനം ചെയ്തിരിക്കുന്നത്. ഈ പദ്ധതി ഇന്ത്യന്‍ വാഹന വ്യവസായത്തിലെ വിപ്ലവമായിരിക്കുമെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ അഭിപ്രായപ്പെട്ടിരുന്നത്. പുതിയ പ്ലാന്റ് നിര്‍മിക്കുന്നതിനും വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനുമായി 21,000 കോടി രൂപയുടെ നിക്ഷേപമാണ് ടൊയോട്ട മഹാരാഷ്ട്രയില്‍ നടത്താനുദേശിക്കുന്നതെന്നാണ് വിലയിരുത്തല്‍.
മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് ലിമിറ്റഡ് (എം.ഐ.ടി.എല്‍.) എന്ന പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പങ്കാളിത്തത്തില്‍ ഒരുങ്ങുന്ന ഗ്രീല്‍ഫീല്‍ഡ് മാനുഫാക്ചറിങ് ഫെസിലിറ്റിയിലാണ് ടൊയോട്ടയുടെ പ്ലാന്റ് ഒരുങ്ങുന്നത്. വാഹന പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും 2026 ജനുവരി മുതല്‍ കാറുകളുടെ ഉത്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
കര്‍ണാടകയിലെ ബിദഡിയിലാണ് ഇപ്പോള്‍ ടൊയോട്ടയുടെ വാഹന നിര്‍മാണശാല പ്രവര്‍ത്തിക്കുന്നത്. വാഹനങ്ങളുടെ നിര്‍മാണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ഇവിടെ മൂന്നാമത്തെ പ്ലാന്റ് ഒരുക്കാന്‍ കര്‍ണാടക സര്‍ക്കാരുമായും ടൊയോട്ട ധാരണയായിരുന്നു. 3300 കോടി രൂപയുടെ നിക്ഷേപമാണ് മൂന്നാമത്തെ പ്ലാന്റ് തുറക്കുന്നതിനായി ടൊയോട്ട നടത്തുന്നത്. പുതിയ പ്ലാന്റ് തുറക്കുന്നതോടെ വാഹന നിര്‍മാണം പ്രതിവര്‍ഷം ഒരുലക്ഷം യൂണിറ്റ് കൂടി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് ടൊയോട്ട.
Content Highlights: Maharashtra government allot 827 acres of land to toyota to set up EV-Hybrid car plant