8.42 മിനിറ്റിൽ ഇലക്ട്രിക് കാറിൽ ചാർജ് ഫുൾ; പെട്രോൾ അടിക്കുന്നതിലും വേഗത്തിൽ ചാർജിങ്

#Auto Desk
ലിങ്ക് ആന്‍ഡ് കോ 10 പ്ലസ് | Photo: Lynk & Co
ലിങ്ക് ആന്‍ഡ് കോ 10 പ്ലസ് | Photo: Lynk & Co

പെട്രോൾ പമ്പുകളിൽ പത്ത് മിനിറ്റ് കാത്തിരിക്കാൻ ക്ഷമയില്ലാത്ത ആളുകളാണോ ഇലക്ട്രിക് കാർ വാങ്ങാൻ പോകുന്നത്? ഇലക്ട്രിക് വാഹനങ്ങളുടെ തുടക്കകാലത്ത് ഏറ്റവുമധികം ഉയർന്ന് കേട്ട ചോദ്യങ്ങളിൽ ഒന്നായിരുന്നു ഇത്. ഒരു ഇലക്ട്രിക് കാർ ചാർജ് ആകാൻ എട്ടും പത്തും മണിക്കൂർ വേണ്ടിയിരുന്ന ആ കാലഘട്ടത്തിലെ ഏറ്റവും പ്രസക്തമായ ചോദ്യവുമായിരുന്നു അത്. എന്നാൽ, കാലം മാറുന്നതിന് അനുസരിച്ച് ഈ ചാർജിങ് സമയവും കുറഞ്ഞു വരികയായിരുന്നു.

ഏറ്റവുമൊടുവിൽ കാറിൽ ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കാൻ എടുക്കുന്ന സമയം പോലും ബാറ്ററിയിൽ ചാർജ് നിറയാൻ വേണ്ട എന്ന നിലയിലേക്ക് വളർന്നിരിക്കുകയാണ് ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ. ഒരു അതിശയോക്തിക്ക് പറയുന്നതല്ല. കേവലം ഒമ്പത് മിനിറ്റിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് നിറയുന്ന സാങ്കേതികവിദ്യയാണ് ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഈറ്റില്ലമായ ചൈനയിൽ നിന്ന് തന്നെയാണ് ഈ മുന്നേറ്റവും ഉണ്ടായിരിക്കുന്നത്.

ചൈനീസ് വാഹന നിർമാതാക്കളായ ഗീലിയുടെ ഉപകമ്പനികളിൽ ഒന്നായ ലിങ്ക് ആൻഡ് കോ ആണ് ഏറ്റവും വേഗത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്ന സംവിധാനം ഒരുക്കിയിരിക്കുന്നത്. ലിങ്ക് ആൻഡ് കോ ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പുറത്തിറക്കിയ പെർഫോമെൻസ് ഇലക്ട്രിക് സെഡാൻ മോഡലായ 10 പ്ലസ് ഒമ്പത് മിനിറ്റിനുള്ളിൽ പൂർണമായും ബാറ്ററിയിൽ ചാർജ് നിറയുന്നതിനുള്ള സാങ്കേതികവിദ്യ ഒരുക്കിയിരിക്കുന്നത്.

അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഒരു പെട്രോൾ കാറിൽ ഫുൾ ടാങ്ക് പെട്രോൾ അടിക്കുന്ന സമയത്തിനുള്ളിൽ 10 പ്ലസ് എന്ന ഇലക്ട്രിക് വാഹനത്തിന്റെ ബാറ്ററി പൂർണമായും ചാർജ് ചെയ്യാനാകും. പത്ത് മുതൽ 70 ശതമാനം വരെ ചാർജ് നിറയാൻ കേവലം 4 മിനിറ്റും 22 സെക്കന്റുമാണ് സമയമെടുക്കുന്നത്. 5 മിനിറ്റ് 32 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 80 ശതമാനം ചാർജ് നിറയും. 8 മിനിറ്റ് 42 സെക്കന്റിൽ 97 ശതമാനം ചാർജ് ചെയ്യാനായി.

900 വോൾട്ട് ഷീൽഡ് ഗോൾഡ് ബ്രിക്ക് ബാറ്ററിയാണ് 10 പ്ലസ് ഇലക്ട്രിക് സെഡാനിൽ ഉപയോഗിച്ചിരിക്കുന്നത്. 492 കിലോവാട്ട് ചാർജിങ് പവറോടെയാണ് 80 ശതമാനം വരെ ചാർജ് ചെയ്തത്. 97 ശതമാനം ചാർജ് ബാറ്ററിയിൽ എത്തിയതോടെ ചാർജിങ് പവർ 272 കിലോവാട്ട് ആയി കുറയുന്നുണ്ട്. 1.1 മെഗാവാട്ടിൽ കൂടുതൽ വേഗതയിൽ ചാർജ് ചെയ്യാൻ സാധിക്കുന്ന ഹൈ വോൾട്ടേജ് ആർക്കിടെക്ചറും ബാറ്ററി പാക്കുമാണ് 10 പ്ലസിൽ ലിങ്ക് ആൻഡ് കോ നൽകിയിരിക്കുന്നത്.

ഗീലി ഗ്രൂപ്പ് വികസിപ്പിച്ചുള്ള മോഡുലാർ എസ്.ഇ.എ. പ്ലാറ്റ്‌ഫോമിലാണ് ലിങ്ക് ആൻഡ് കോ 10 പ്ലസ് നിർമിച്ചിരിക്കുന്നത്. അൾട്രാ-റാപ്പിഡ് ചാർജിങ് ഉറപ്പാക്കുന്ന സെൽ കൂളിങ് സംവിധാനം ഉൾപ്പെടെ നിരവധി പ്രത്യേകതകളുള്ള 900 വോൾട്ട് ഷീൽഡ് ഗോൾഡ് ബ്രിക്ക് ബാറ്ററി പാക്കാണ് ഈ വാഹനത്തിലുള്ളത്. ഗീലിയുടെ തന്നെ സീക്കർ 001 എന്ന വാഹനവും ഈ പ്ലാറ്റ്‌ഫോമിലാണ് നിർമിച്ചിരിക്കുന്നത്. ഇതിലും അൾട്രി ഫാസ്റ്റ് ചാർജിങ് ലഭ്യമാണെന്നാണ് റിപ്പോർട്ട്.

ചാർജിങ്ങിൽ റെക്കോഡ് കൈവരിച്ച വാഹനം എന്നതിലുപരി ലിങ്ക് ആൻഡ് കോയുടെ കരുത്തുറ്റ മോഡൽ കൂടിയാണ് 10 പ്ലസ്. 912 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതിലുള്ളത്. മണിക്കൂറിൽ 240 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത. നിലവിൽ ചൈനയിൽ മാത്രം അവതരിപ്പിക്കാനൊരുങ്ങുന്ന ഈ വാഹനം വൈകാതെ തന്നെ യൂറോപ്യൻ വിപണികളിലേക്കും എത്തിയേക്കും. ബിവൈഡിയുടെ വാഹനങ്ങളാണ് 10 ഉൾപ്പെടെയുള്ള വാഹനങ്ങളുടെ എതിരാളികൾ.

Source

Content Highlights: Lynk & Co 10 Plus achieves 97% EV battery charge in 8 minutes and 42 seconds., Utilizes advanced 900V Shield Gold Brick battery technology with 492 kW charging power., Built on Geely's modular SEA platform featuring cell cooling systems for ultra-rapid charging.